കോട്ടയം: വന്യജീവി ആക്രമണങ്ങളിലൂടെ സംസ്ഥാനത്ത് അനാഥമായതു നൂറുകണക്കിനു കുടുംബങ്ങള്‍. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ ധനസഹായമായ 10 ലക്ഷം രൂപ നല്‍കി കഴിഞ്ഞാല്‍ പിന്നീട് സര്‍ക്കാരോ അധികൃതരോ ഒന്നും ഈ കുടുംബങ്ങളിലേക്കു തിരിഞ്ഞു നോക്കില്ല.
പക്ഷേ, ഈ വീടുകളിലെ ജീവിതം നരക തുല്യമാണെന്ന് ഇവര്‍ പറയുന്നു. വീണ്ടും വന്യജീവി ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍ ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു പേരുടെ ജീവനാണു കാട്ടാന ആക്രമണത്തില്‍ നഷ്ടമായത്.
കോട്ടയം ജില്ലയിലെ എരുമേലി കണമലയിലുമുണ്ട് ഇത്തരത്തില്‍ വന്യമൃഗ ആക്രമണത്തിൻ്റെ ദുരിതം പേറുന്ന രണ്ടു കുടുംബങ്ങള്‍. കേരളത്തെ നടുക്കിയ കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു കര്‍ഷകരുടെ കുടുംബങ്ങളാണ് ഇപ്പോഴും നടുക്കം മാറാതെ ഭീതിയില്‍ കഴിയുന്നത്.
വീടിന്റെ മുന്‍വശത്ത് രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന പുറത്തേല്‍ ചാക്കോച്ചന്‍ (65), തൊട്ടടുത്തുള്ള റബര്‍ തോട്ടത്തില്‍ ഉണ്ടായിരുന്ന പ്ലാവിനാകുഴിയില്‍ തോമസ് ആന്റണി (65) എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അന്നു കൊല്ലപ്പെട്ടത്. 2023 മെയ് 19 നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
/sathyam/media/media_files/2025/02/11/LHFJR9q7TPURm0Yk4j0x.jpg)
അന്നത്തെ ഭീതിപ്പെടുത്തുന്ന രംഗം ഓര്‍ത്തെടുക്കാന്‍ ഇന്നും ഇവര്‍ക്കു ഭയമാണ്. അന്നു രാവിലെ ആറരയായി കാണും. സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോച്ചനു കാപ്പികൊടുത്തശേഷം തിരികെ അടുക്കളയിലേക്കു വരുമ്പോഴാണ് ആലീസ് നിലവിളി കേള്‍ക്കുന്നത്.
കണമല വളവില്‍ സധാരണ വാഹന അപകടങ്ങള്‍ പതിവായതിനാല്‍ ശബ്ദം കേട്ടപ്പോള്‍ ആലീസ് അടുക്കളയില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്കാണ് ആദ്യം നോക്കിയത്. റോഡില്‍ ഒന്നും കാണാതിരുന്നതിനാല്‍ വീടിന്റെ സൈഡില്‍ കൂടി സിറ്റൗട്ടിലേക്കു വരുമ്പോഴാണു ഭര്‍ത്താവ് ചാക്കോച്ചന്‍ സിറ്റൗട്ടില്‍ കമിഴ്ന്നു കിടക്കുന്നതു കാണുന്നത്.
ഭയന്നു പോയ ആലീസ് എന്തുപറ്റിയെന്നു ചോദിച്ചപ്പോഴാണു കാട്ടുപോത്ത് കുത്തിയെന്നു പറയുന്നത്. ആലീസിന്റെ നിലവിളി കേട്ട് അയല്‍ വാസികള്‍ ഓടിക്കൂടി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിക്കാന്‍ വന്നപ്പോള്‍ ചാക്കോച്ചന്റെ കൊച്ചുമകള്‍ ഹന്ന മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിനാണു ഹന്ന കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.
ചാക്കോച്ചനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയാണ് അയല്‍വാസിയായ പ്ലാവിനാല്‍കുഴിയില്‍ തോമസ് ആന്റണിയെയും കാട്ടുപോത്ത് ആക്രമിച്ചതായി അറിയുന്നത്. വീടിന്റെ മുന്നിലെ റബര്‍ തോട്ടത്തില്‍ വെച്ചായിരുന്നു തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്.
തോമസിനെ കുത്തിപ്പരുക്കേല്‍പ്പിച്ചശേഷം ഓടിയ പോത്ത് താഴെയുള്ള ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണു ചാടിയത്. ഈ ചാട്ടത്തിലാണു ചാക്കോയെ കുത്തിവീഴ്ത്തിയത്.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന്‍മാര്‍ പോയതോടെ രണ്ടു കുടുംബങ്ങളാണ് അനാഥമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഈ രണ്ട് കുടുംബത്തിനും ആകെ ലഭിച്ച സഹായധനം.
കുടുംബാംഗത്തിനു സര്‍ക്കാര്‍ ജോലി നല്‍കാമെന്നു മന്ത്രിയും ജനപ്രതിനിധികളും ഉറപ്പ് നല്‍കിയെങ്കിലും ഇവയൊന്നും പാലിക്കപ്പെട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള യാത്രയില്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയെങ്കിലും പരാതി കിട്ടിയെന്നുള്ള മറുപടി ലഭിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
കര്‍ഷകരുടെ കുടുംബം അനാഥമായാല്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലേ എന്നാണ് ഇവരുടെ ചോദ്യം.