കോട്ടയം: സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാന്‍ വനം വകുപ്പ് രൂപം നല്‍കിയ 10 പദ്ധതികളില്‍ പുതിയതായൊന്നും ഇല്ലെന്നു മലയോര ജനത. മുന്‍പു പലവട്ടം വനം വകുപ്പ് നല്‍കിയ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ നടപടികളായി വനം വകുപ്പ് വീണ്ടും പറയുന്നത്.
ഇതെല്ലാം മുന്‍പും വനം വകുപ്പിന് ചെയ്യാവുന്നതായിരുന്നു. പക്ഷേ, വനം വകുപ്പിന് താല്‍പര്യം ജനങ്ങളുടെ ജീവിതം ദുരിതമാക്കുന്ന നിയമങ്ങൾ കൊണ്ടുവരാനായിരുന്നു എന്നും ജനങ്ങള്‍ പറയുന്നു.
കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചത്.
എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം സഞ്ചാരപാതകള്‍, ആനത്താരകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കും. വന്യജീവി സംഘര്‍ഷ സംഘര്‍ഷ പ്രദേശങ്ങളില്‍ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ജനവാസമേഖലകളിലേക്കു വന്യജീവികള്‍ പ്രവേശിക്കുന്നത് തടയാന്‍ സോളാര്‍ ഫെന്‍സിങ് ശക്തമാക്കും.
ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികള്‍ക്കു ഭക്ഷണവും വെള്ളവും വനത്തില്‍ ഉറപ്പ് വരുത്തുക, പാമ്പ് കടിയേറ്റുള്ള മരണം തടയാന്‍ ആന്റിവെനം ഉല്‍പ്പാദനവും വിതരണവും ശക്തമാക്കുക തുടങ്ങിയവയാണു കര്‍മ്മ പദ്ധതികള്‍.
പക്ഷേ, ഇവയെല്ലാം വനം വകുപ്പ് നടപ്പാക്കുമോയെന്നാണു ജനങ്ങള്‍ ചോദിക്കുന്നത്. സോളാര്‍ വേലികളും ഫെന്‍സിങ്ങും സ്ഥാപിക്കുന്ന ജോലികള്‍ പോലും വനം വകുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടില്ല.
വന്യജീവി സംഘര്‍ഷങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും നടപടിയെടുത്തിട്ടില്ല. വനം വകുപ്പും എസ്‌റ്റേറ്റ് ഭൂ ഉടമകളും തമ്മിലുള്ള തര്‍ക്കം ഉള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
പെരുവന്താനം പഞ്ചായത്ത് ഏഴാം വാര്‍ഡ് വെള്ളാനി, കൊമ്പന്‍പാറയിലെ കുടുംബങ്ങള്‍ക്കു ദുരിതമായത് ടി.ആര്‍.ആന്റ് ടി എസ്‌റ്റേറ്റും വനം വകുപ്പും തമ്മിലുള്ള നിയമ തര്‍ക്കമാണ്. കഴിഞ്ഞ ദിവസമാണു സോഫിയ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ടി ആര്‍ ആന്റ് ടി എസ്റ്റേറ്റ് വഴിയുള്ള റോഡാണ് ഇവരുടെ ഏക ആശ്രയം. ടി ആര്‍ ആന്റ് ടി എസ്റ്റേറ്റ് വക 65 ഓളം സ്ഥലം വനഭൂമി ആണെന്ന് പറഞ്ഞ് 1975 ൽ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഇതില്‍ ടിആര്‍ഡി എസ്റ്റേറ്റ്റ്റിന് അനുകൂലമായി വനം വനംവകുപ്പ് ട്രൈബ്യൂണലിന്റെ വിധി വരികയും ഈ ഭൂമി ഏറ്റെടുക്കല്‍ കേസ് സുപ്രീംകോടതി വരെ എത്തുകയും ചെയ്തു.
തങ്ങള്‍ക്ക് അനുകൂലമായി ഈ ഭൂമി കേസില്‍ വിധി വന്നിരിക്കുന്നു എന്നാണ് ടിആര്‍എല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പറയുന്നത്. നിയമക്കുരുക്കിലായതേടെ എസ്‌റ്റേറ്റ് കഴിഞ്ഞ 50 വര്‍ഷമായി കാടുപിടിച്ചു വനത്തിനു സമാനമായ അവസ്ഥയിലാണ്.
ഈ സ്ഥലം വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. കഴിഞ്ഞവര്‍ഷം പലതവണ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് കാട്ടാനയുടെ ശല്യം നേരിടേണ്ടി വരുന്നു. കാടുപിടിച്ചു കിടക്കുന്ന ഈ സ്ഥലം വെട്ടിത്തെളിക്കണമെന്നു പലപ്രാവശ്യവും ജനപ്രതിനിധിയില്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ മൂലമാണു സ്ഥലത്തെ കാട് തെളിക്കുവാന്‍ കഴിയാത്തത് എന്നാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ് പറയുന്നത്. ഈ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സംബന്ധിച്ചു നിലവില്‍ ഹൈക്കോടതിയിലും കേസുണ്ട്.
നാളിതുവരെ കൊമ്പന്‍പാറ പ്രദേശത്ത് വന്യജീവി ശല്യം തടയുന്നതിന് വേണ്ടിയുള്ള യാതൊരു നടപടികളും വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.