കോട്ടയം: ഏറ്റുമാനൂര്‍ ഐടിഐയുടെ ഭൂമിയില്‍ വരുന്ന ഐടി പാര്‍ക്ക് (വര്‍ക്ക് നിയര്‍ ഹോം) പദ്ധതി കോട്ടയം ജില്ലയ്ക്കു നേട്ടമാകുമോ ? സമീപകാലത്ത് കോട്ടയത്ത് പ്രഖ്യാപിച്ച ഏറ്റവും വലിയ പദ്ധതിയാണിത്. ബജറ്റ് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഐടി പാര്‍ക്ക് പ്രഖ്യാപിച്ചത്.
കിഫ്ബിയുടെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹായത്തോടെയാണ് പദ്ധതിനടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ച് ആവശ്യമായി വരുന്ന മുഴുവന്‍ തുകയും ഇതിന് ലഭ്യമാക്കും.
5.41 ഹെക്ടര്‍ സ്ഥലത്താണ് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പസില്‍ ഐടിഐയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സ്ഥലം കഴിഞ്ഞുള്ള ഭൂമിയാകും ഇതിനായി ഉപയോഗിക്കുക.
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാകുന്ന ഒരു ഐടി വര്‍ക്ക് നിയര്‍ഹോം സ്ഥാപിക്കുന്നത് നാടിന്റെ വികസനത്തിനും കോട്ടയം ജില്ലയിലെ ഐടി മേഖലയ്ക്കും ശക്തി പകരുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
/sathyam/media/media_files/sOmxijrzVtPQcoiPvzDv.jpg)
ഐടി ഹബ് ആയ കൊച്ചിയുമായും സാറ്റ്ലൈറ്റ് ഐടി മേഖലയായി ഉയരുന്ന ചേര്‍ത്തലയുമായി വളരെ അടുത്തുള്ള ഏറ്റുമാനൂരിന്റെ ഭാവി വികസനം കൂടി മുന്നില്‍ കണ്ടുള്ള പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കിയത്. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഭൂമിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴി ലാഭകരമായ പ്രവര്‍ത്തനം നടത്താനാകുമെന്നും കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യൂ ജനറേറ്റിങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. ഇക്കൂട്ടത്തിലേക്കാണ് ഏറ്റുമാനൂരും ഐടി പാര്‍ക്ക് വരുന്നത്.
ഐടി വ്യവസായം ഏറ്റുമാനൂരില്‍ വരുന്നത് ജില്ലയിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാരമേഖലയ്ക്കും കരുത്താകും. തിരക്കേറിയ നഗരങ്ങളില്‍നിന്ന് മാറി ഉള്‍പ്രദേശങ്ങളിലേക്ക് ഐടി വ്യവസായം കേന്ദ്രീകരിക്കുന്നത് പ്രാദേശിക വികസനത്തിന് മുതല്‍ക്കൂട്ടാകും. ഐടി കമ്പനികള്‍ക്ക് വ്യവസായ നടത്തിപ്പിന്റെ ചെലവ് കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
എന്‍ജിനിയറിങ് കോളജുകളിലും ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളാണ് ഐടി പാര്‍ക്ക് തുറന്നുനല്‍കുന്നത്. മികച്ച ഐടി കമ്പനികള്‍ ഏറ്റുമാനൂരിലേക്ക് എത്തുന്നതോടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. നാട്ടില്‍തന്നെ മികച്ച വരുമാനമുള്ള ജോലി സാധ്യതയും യുവജനങ്ങള്‍ക്ക് ലഭിക്കും.
പക്ഷേ, പദ്ധതി സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിലല്‍ ഐടി പാര്‍ക്ക് പ്രഖ്യാപിച്ചതുകൊണ്ട് ഫലം ഉണ്ടാകില്ലെന്ന് ജനങ്ങള്‍ പറയുന്നു. 2021ലെ ബജറ്റിലാണ് കണ്ണൂരില്‍ ഐടി പാര്‍ക്ക് പ്രഖ്യാപിച്ചത്. പക്ഷേ, പദ്ധതി വർഷങ്ങൾ നീണ്ടുപോകുന്ന അവസ്ഥയുണ്ട്.