/sathyam/media/media_files/2025/02/14/fRF57qVUQqMBfyUTW0nE.jpg)
പാലാ: നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവയ്ക്കാതെ പദവിയില്‍ തുടരാനായി ഷാജു തുരുത്തന്‍ പ്രതിപക്ഷവുമായി സഹകരിച്ചു നടത്തിയ അവിശ്വാസ തന്ത്രത്തില്‍ ഒടുവില്‍ തുരുത്തനുതന്നെ കാലിടറി.
അവിശ്വാസം അവതരിപ്പിച്ച പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതോടെ, സ്വാഭാവികമായും പ്രമേയത്തെ എതിര്‍ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്യേണ്ട ഭരണകക്ഷി തന്ത്രപരമായി പ്രമേയത്തെ അനുകൂലച്ച് വോട്ട് ചെയ്തതോടെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഷാജു തുരുത്തന്‍ പുറത്തായി.
ഒടുവില്‍ പ്രതിപക്ഷം ഇഛിച്ചത് നടക്കാതെ ഭരണപക്ഷം ഇഛിച്ചതുപോലെ കാര്യങ്ങള്‍ സംഭവിച്ചു. പാളിപ്പോയ തന്ത്രങ്ങളുടെ പേരില്‍ പ്രതിപക്ഷത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ആ കുരുക്കില്‍ വീണ് തുരുത്തന്‍
ഭരണകക്ഷിയിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് - എമ്മിലെ ഷാജു തുരുത്തന്‍ രാജിവച്ച് പകരം അതേ പാര്‍ട്ടിയിലെ തന്നെ തോമസ് പീറ്ററെ ചെയര്‍മാനാക്കണമെന്നതായിരുന്നു മുന്നണിയിലെ ധാരണ.
പക്ഷേ പദവിയിലെത്തിയതോടെ തുരുത്തന്‍ കരാര്‍ പാലിക്കില്ലെന്നും താന്‍ ശേഷിക്കുന്ന കാലയളവിലും ചെയര്‍മാന്‍ പദവിയില്‍ തുടരുമെന്നും നിലപാടെടുത്തു.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തുരുത്തന്‍ അനുനയത്തിന് വഴങ്ങിയില്ല.
ഒടുവില്‍ അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും രാജി വയ്ക്കാന്‍ തുരുത്തന് പാര്‍ട്ടി സാവകാശം നല്‍കിയെങ്കിലും രാജി വയ്ക്കാതെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പാലാ മരിയന്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു അദ്ദേഹം.
അവിശ്വാസം വിജയിക്കുകയും പദവി നഷ്ടമാകുകയും ചെയ്തതിനു പിന്നാലെ അദ്ദേഹം ഐസിയുവില്‍ നിന്ന് മുറിയിലേയ്ക്ക് മാറി.
അവിശ്വാസമായിരുന്നു ആയുധം
യഥാര്‍ഥത്തില്‍ പ്രതിപക്ഷവും തുരുത്തനും ചേര്‍ന്നൊരുക്കിയ തന്ത്രമായിരുന്നു അവിശ്വാസം. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ വരുന്ന 6 മാസത്തിനു ശേഷം വീണ്ടുമൊരു അവിശ്വാസം കൊണ്ടുവരാനോ ചെയര്‍മാനെ പുറത്താക്കാനോ കഴിയില്ല.
അതോടെ തുരുത്തന് പദവിയില്‍ തുടരാം. പിന്നീട് വീണ്ടും അവിശ്വാസം കൊണ്ടുവരണമെങ്കില്‍ ശേഷിക്കുന്ന കാലാവധി കുറഞ്ഞത് 6 മാസം എങ്കിലും ഉണ്ടായിരിക്കണം. ഇവിടെ അതില്ല.
അതോടെ ഈ അവിശ്വാസം പരാജയപ്പെട്ടാല്‍ തുരുത്തന് സ്വാഭാവികമായും ശേഷിക്കുന്ന കാലയളവില്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാമായിരുന്നു.
'വടി' കൊടുത്ത് 'അടി' വാങ്ങി
ഇതു ലക്ഷ്യം വച്ചായിരുന്നു തുരുത്തന്‍റെ അറിവോടെ പ്രതിപക്ഷം അവിശ്വാസം തെണ്ടുവന്നത്. പ്രതിപക്ഷത്തെ സ്വതന്ത്ര അംഗമായിരുന്നു അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അത് ഭരണപക്ഷത്തിന് പിടിവള്ളിയായി.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെയല്ല, സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസത്തെയാണ് തങ്ങള്‍ അനുകൂലിക്കുന്നതെന്നാണ് ഭരണപക്ഷം പറയുന്നത്. അതോടെ പ്രതിപക്ഷത്തിന്‍റെ ആ നീക്കവും പാളി.
പറന്നിറങ്ങിയ കൗണ്‍സിലര്‍
ഫ്രീ ആയിട്ട് ഭരണപക്ഷത്തിന്‍റെ നഗരസഭാ ചെയര്‍മാനെ സ്വന്തമാക്കി ഒപ്പം കൂട്ടാനായിരുന്നു പ്രതിപക്ഷ നീക്കം. ഭരണകക്ഷിയിലെ സിപിഎം അംഗമായ കൗണ്‍സിലര്‍ വിദേശത്തായതാണ് പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കിയത്.
26 അംഗ കൗണ്‍സിലില്‍ 14 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസം പാസാകൂ. ഭരണകക്ഷിക്ക് 14 എന്ന സംഖ്യ തികയ്ക്കണമെങ്കില്‍ വിദേശത്തായിരുന്ന കൗണ്‍സിലര്‍ മടങ്ങിവരണമായിരുന്നു.
അതുണ്ടാകില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ 'ഉപദേശി' നേതാക്കളോട് പറഞ്ഞത്. പക്ഷേ കഴിഞ്ഞ ദിവസം സിപിഐ അംഗമായ കൗണ്‍സിലര്‍ നാട്ടിലെത്തിയതോടെ പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ അസ്തമിച്ചു.
എല്ലാം പ്രതിപക്ഷത്തിന്‍റെ ചെലവില്‍
തന്ത്രപരമായി ഭരണകക്ഷി ഇന്നത്തെ സാഹചര്യങ്ങള്‍ മുതലാക്കി പ്രതിപക്ഷത്തിന്‍റെ ചെലവില്‍ വിമതനായ ചെയര്‍മാനെ പുറത്താക്കി.
അല്ലെങ്കില്‍ ഭരണകക്ഷിക്ക് സ്വന്തം ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടവരേണ്ടി വരുമായിരുന്നു. അതിനാല്‍ തന്നെ പ്രതിപക്ഷത്തിന് ഈ തലതിരിഞ്ഞ 'ബുദ്ധി' ഉപദേശിച്ച തന്ത്രജ്ഞനെ തിരഞ്ഞു നടക്കുകയാണ് പ്രതപക്ഷ പാര്‍ട്ടിനേതൃത്വങ്ങള്‍.
തുരുത്തന് വീണ്ടും 'രാഷ്ട്രീയ' 'ഐസിയു'വില്‍
കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ പാലാ നഗരത്തിലെ ശക്തനായ പോരാളിയായിരുന്നു ഒരുകാലത്ത് ഷാജു തുരുത്തന്‍. നഗരത്തില്‍ തികച്ചും ജനകീയന്‍. പക്ഷേ രാഷ്ട്രീയമായ അപക്വത പലപ്പോഴും അദ്ദേഹത്തിന് വിനയായിരുന്നു.
അങ്ങനെയാണ് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ച് ഒരിക്കല്‍ അദ്ദേഹം പാര്‍ട്ടിക്കു പുറത്തായത്. വീണ്ടും പാര്‍ട്ടി തിരിച്ചെടുത്ത് ചെയര്‍മാന്‍ പദവി നല്‍കിയപ്പോള്‍ പിന്നെയും പാര്‍ട്ടിയെ വെല്ലുവിളിച്ചു.
ഇതോടെ സ്വന്തം പാര്‍ട്ടിക്ക് അദ്ദേഹം വീണ്ടും അനഭിമതനായിരിക്കുകയാണ്. വരുന്ന തവണ ഭരണം കിട്ടിയാല്‍ ചെയര്‍പേഴ്സണാകേണ്ടിയിരുന്ന ഭാര്യ ബെറ്റി ഷാജുവിന്‍റെ സാധ്യതയും ഇതോടെ പ്രതിസന്ധിയിലായി.'
ചിരിക്കുമോ പുതിയ ചെയര്‍മാന്‍
പാലാ നഗരസഭയുടെ എക്കാലത്തെയും ചെയര്‍മാന്മാരൊക്കെ ജനകീയരായിരുന്നു. അത് പുരുഷ ചെയര്‍മാനായാലും വനിതാ ചെയര്‍പേഴ്സണായിരുന്നാലും അങ്ങനെ തന്നെ.
മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ മാത്രമായിരുന്നു കുറച്ചെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തനായി അല്പമെങ്കിലും തലക്കനം ഉണ്ടായിരുന്ന ഒരാള്‍ എന്ന് പറയാം.
ആ സ്ഥാനത്തേയ്ക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പിന്തുടര്‍ച്ചാവകാശിയായി തോമസ് പീറ്റര്‍ എന്ന കൗണ്‍സിലര്‍ എത്തുന്നത്. അദ്ദേഹത്തെപ്പറ്റി സ്വന്തം പാര്‍ട്ടിക്കാര്‍ക്കുതന്നെയുള്ള പരാതി ആരേയും കണ്ടാല്‍ ചിരിക്കില്ലെന്നാണ്. പറ്റുമെങ്കില്‍ മുഖത്തുപോലും നോക്കാന്‍ മടിയാണത്രെ.
അദ്ദേഹം സ്വന്തക്കാരെ കണ്ടാല്‍ മാത്രമേ ചിരിക്കൂ, അതുപോലെ സ്വന്തം കാര്യത്തിനുവേണ്ടി മാത്രമേ പണവും പ്രയത്നവും ചിലവഴിക്കൂ എന്നാണ് കേരള കോണ്‍ഗ്രസുകാരുടെ പരാതി.
വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് വര്‍ഷമാണ്. അടുത്ത നഗരസഭാ തെരഞ്ഞെടുപ്പിനെ കേരള കോണ്‍ഗ്രസ് - എമ്മും ഇടതു മുന്നണിയും നേരിടേണ്ടത് പുതിയ ചെയര്‍മാന്‍റെ മുഖം മുന്നില്‍ നിര്‍ത്തിയാണ്.
അപ്പോള്‍ നിലവിലെ ശൈലിയിലാണെങ്കില്‍ കാര്യങ്ങള്‍ 'അശുഭം' ആകും എന്നാണ് പാര്‍ട്ടിക്കാരുടെ ആശങ്ക. അതല്ല, അദ്ദേഹം ജനകീയനും ഉദാരമതിയുമായി മാറിയാല്‍ വീണ്ടും ശക്തനായ ഒരു നഗരസഭാ ചെയര്‍മാനെ തന്നെ പാലായ്ക്ക് ലഭിക്കും.
രാഷ്ട്രീയമായി നെറികേട് കാണിച്ചതൊഴിച്ചാല്‍ മികച്ച ചെയര്‍മാന്‍ തന്നെയായിരുന്നു ഇപ്പോള്‍ പുറത്തായ ഷാജു തുരുത്തന്‍ എന്നതില്‍ സംശയമില്ല.