രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെ നിയമം ഒക്കെ ചിലപ്പോൾ മറന്നെന്നു വരും!. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന് ആവശ്യം. കാറിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ചു മുന്‍ എം.എല്‍.എ. സ്റ്റീഫന്‍ ജോര്‍ജ് ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ ഇന്നു കേസെടുക്കും

New Update
82aac214-85cb-4e24-a3b7-1e4ab7d7ca14

കോട്ടയം : രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെ  നിയമം ഒക്കെ ചിലപ്പോൾ മറന്നെന്നു വരും.  വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ  സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്പോൾ കാഴ്ചക്കാരുടെ റോളിലാണ് പോലീസും മോട്ടോർവാഹനവകുപ്പും.

Advertisment

ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയയുർത്തി ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥയാണ്. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതുമാണ് ഇതിനിടയാക്കുന്നത്.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക, ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക, സിഗ്നലുകളിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടി മുന്നിലെത്തുക എന്നിവ സ്ഥിരം കാഴ്ചയാണ്.

കടുത്തുരുത്തിയിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകില്‍ സ്വകാര്യ ബസിടിച്ചു  കാറിലുണ്ടായിരുന്ന മുന്‍ എം.എല്‍.എ. സ്റ്റീഫന്‍ ജോര്‍ജ് ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റ സംഭവം ഇതിന്  ഉദാഹരണം മാത്രമാണ്.

 ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷന് സമീപമാണ് അപകടം. ഇടിച്ച കാറുമായി 100 മീറ്ററിലേറേ ബസ് മുന്നോട്ടോടി.

തുടർന്ന് ബസ് ഫുട് പാത്തില്‍ ഇടിച്ചു കയറിയാണ് നിന്നത്. ബസിന്റെ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് ഇറങ്ങിയോടി. ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഡ്രൈവര്‍ക്കെതിരെ ഇന്നു കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരിക്കുന്നത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

മഴയുണ്ടായിരുന്ന സമയത്ത് ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.  കല്ലറ വഴി വൈക്കത്തേക്ക് പോവുകയായിരുന്ന വൃന്ദാവന്‍ ബസാണ് അപകടത്തില്‍പെട്ടത്. ഏവും കൂടുതൽ അപകടകരമായി ബസ് ഓടിക്കുന്ന മേഖല കൂടിയാണ് കോട്ടയം വൈക്കം റൂട്ട്.

അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. 
രണ്ടു മാസം മുൻപായിരുന്നു സൈഡ് നൽകാൻ ഇന്ധന ടാങ്കർ ലോറി തയാറായില്ലെന്ന് ആരോപിച്ചു  ലോറിയുടെ സൈഡ് മിറർ അടിച്ചു തകർത്തത്.

തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് മത്സരയോട്ടം. വിദ്യാർത്ഥികളെ ഉൾപ്പെടെ കയറ്റാതെ സ്‌റ്റോപ്പിൽ നിന്ന് മാറ്റിയാണ് പലപ്പോഴും സ്വകാര്യബസുകൾ നിറുത്തുന്നത്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസിസുകൾക്കെതിരെ നിരവധി പരാതികൾ സമീപകാലത്ത് ഉയർന്നെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്.

കോട്ടയം - എറണാകുളം റൂട്ട് കൈയടക്കി വച്ചിരിക്കുന്നത് ചില കുത്തകമുതലാളിമാരാണ്. ഇവരുടെ ബസുകൾ നിരവധിത്തവണയാണ് അപകടമുണ്ടാക്കിയിരിക്കുന്നത്.

Advertisment