/sathyam/media/media_files/2025/02/25/b8MeMsQLS1tK2iNuTdFs.jpg)
കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു ശ്വാശ്വത പരിഹാരമാണ് വേണ്ടതെന്ന് ആശവ്യം.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഭിന്നശേഷി നിയമനം നടത്തിയ എയ്ഡഡ് സ്‌കൂളുകളിലെ മറ്റ് നിയമനങ്ങള്‍ റെഗുലറായി ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
അപ്പോൾ ഭിന്നശേഷി നിയമനത്തിന് ആളെ കിട്ടാത്ത സ്‌കൂളുകളിലെ മറ്റു നിയമനങ്ങള്‍ക്ക് എന്തു ചെയ്യും എന്ന ചോദ്യമാണ് ഉയരുന്നത്.
സംസ്ഥാനത്തെ ഒരു പ്രമുഖ കോര്‍പ്പറേറ്റ് മാനേജ്മെന്റ് വിവിധ വിഭാഗങ്ങളിലായി ഭിന്നശേഷി സംവരണപ്രകാരം അഞ്ചുപേരെ നിയമിച്ചു. പ്രൈമറി വിഭാഗത്തില്‍ ഒരാളെക്കൂടി നിയമിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള 'ബാക് ലോഗ്' പൂര്‍ത്തിയാക്കാനാകൂ.
അതിനായി സ്പെഷല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്നുള്ള പട്ടികപ്രകാരം 15 പേര്‍ക്കായി അഭിമുഖം നിശ്ചയിച്ചു. അഭിമുഖത്തിന് ആരുമെത്തിയില്ല. ഇതോടെ ബാക്കിയുള്ളവരുടെ നിയമനം മുടങ്ങി.
സംസ്ഥാനത്തെ എല്ലാ മേഖലകളില്‍നിന്നും ഇതിനായി ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആരുമുണ്ടായില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പട്ടികയിലുള്ളവരില്‍ പലരും പലയിടങ്ങളില്‍ ജോലിചെയ്യുന്നവരാണെന്നാണ് കണ്ടെത്തിയത്. ഈ ഒഴിവു തുടരുന്നതു കാരണം മറ്റു നിയമനങ്ങള്‍ ദിവസവേതനാടിസ്ഥാനത്തില്‍ തുടരുകയാണ്. ഈ അവസ്ഥയ്ക്കു ഇപ്പോഴും മാറ്റമില്ല.
എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ശമ്പള സ്‌കെയിലില്‍ താല്‍ക്കാലിക നിയമനാംഗീകാരം നല്‍കിയ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് ഗ്രൂപ് ഇന്‍ഷുറന്‍സില്‍ അംഗത്വമെടുക്കാന്‍ അനുമതി നല്‍കിയതാണ് ഏക ആശ്വാസം.
അപ്പോഴും യഥാര്‍ഥ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവിയാണ് സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ചുള്ള ഭിന്നശേഷി നിയമനത്തിനു തയ്യാറാണെന്ന് മാനേജ്‌മെന്റുകള്‍ എഴുതി സമ്മതപത്രം നല്‍കിയിട്ടും ബാക്കിയുള്ള നിയമനങ്ങള്‍ പാസാക്കുന്നതിനു അനുമതി നല്‍കാന്‍ തയ്യാറാവാത്തത് അധ്യാപക സമൂഹത്തോട് കാണിക്കുന്ന അനീതികൂടിയാണ്.
ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനുള്ള കോടതി ഉത്തരവുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും പിന്നാലെയാണ് എയഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ സ്തംഭിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിശ്ചിതശതമാനം സംവരണം ഉറപ്പാക്കണമെന്നാണു കോടതിവിധിയെങ്കിലും പലവിഷയങ്ങളിലും ഈ വിഭാഗത്തിലെ യോഗ്യരായ അധ്യാപകരെ കിട്ടാനില്ല.
ഭിന്നശേഷി നിയമനം നടക്കാത്തതിനാല്‍ മറ്റു നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ല. ഇതിനോടകം നിയമനം ലഭിച്ചവരും ദിവസവേതനത്തില്‍ തുടരേണ്ട സ്ഥിതിയാണ്. 2022 മുതല്‍ 16,000ത്തോളം അധ്യാപകര്‍ ഇങ്ങനെ ദിവസവേതനത്തില്‍ തുടരുന്നുണ്ടെന്നാണു കണക്ക്. നിയമനവും നിയമനാംഗീകാരവും നീളുന്ന സാഹചര്യത്തില്‍ ഹയര്‍സെക്കന്‍ഡറിയിലടക്കം സ്ഥാനക്കയറ്റവും മുടങ്ങി.
ഇപ്പോൾ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഭിന്നശേഷി നിയമനം നടത്തിയ എയ്ഡഡ് സ്‌കൂളുകളിലെ മറ്റ് നിയമനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കോഴിക്കോട് കോടഞ്ചേരിയില്‍ അധ്യാപിക ആത്മഹത്യ വരെ കാക്കേണ്ടി വന്നു. അപ്പോഴും പ്രശ്‌നം പൂർണമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല.