കോട്ടയം: അമ്പതു നോമ്പിന്റെ പുണ്യത്തിൽ വിശ്വാസികളുടെ കുരിശുമല തീർഥാടനങ്ങൾക്ക് ഇന്നു തുടക്കം. വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നു കുരിശുമലകളിലും തീർഥാടന കേന്ദ്രങ്ങളിലും കുരിശിന്റെ വഴിയും പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കും.
അരുവിത്തുറ ഫൊറോന പള്ളിയുടെ കീഴിലുള്ള വല്യച്ചൻ മലയിലേക്ക് നോമ്പിന്റെ ആദ്യ ദിനം മുതൽ കുരിശിന്റെ വഴി ആരംഭിച്ചിരുന്നു. എല്ലാ ദിവസവും വൈകിട്ട് മലമുകളിലേക്ക് കുരിശിന്റെ വഴിയുണ്ട്.
ഇന്നു വൈകിട്ട് അഞ്ചിന് മലയടിവാരത്തു നിന്നും ആഘോഷമായ കുരിശിന്റെ വഴിയും തുടർന്നു മലമുകളിൽ കുർബാനയും ഉണ്ടായിരിക്കും.
വാഗമൺ കുരിശുമലയിലെ കുരിശുമല തീർഥാടനത്തിനും ഇന്നു തുടക്കമാകും. രാവിലെ ഒമ്പതിനു കല്ലില്ലാകവലയിൽ നിന്നു മലമുകളിലേക്ക് കുരിശിന്റെ വഴി.
പെരിങ്ങളം, ശാന്തിഗിരി ഇടവകകൾ നേതൃത്വം നൽകും. തുടർന്ന് 10ന് മലമുകളിൽ കുർബാന. തുടർന്ന് നേർച്ചകഞ്ഞി വിതരണം. നോമ്പുകാലം തുടങ്ങിയതോടെ 24 മണിക്കൂറും കുരിശുമല കയറുവാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
രാത്രിയിൽ മലകയറുന്നതിന് വെളിച്ച സംവിധാനവുമുണ്ട്.
കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിലേക്ക് ഇന്നു വൈകിട്ട് 4.30ന് കുടക്കച്ചിറ കുരിശുപള്ളിയിൽ നിന്നു കുരിശിന്റെ വഴി ആരംഭിക്കും. തിടനാട് ഊട്ടുപാറ കുരിശുമലയിലേക്കുള്ള കുരിശിന്റെ വഴി വൈകിട്ട് 4.30നു പള്ളിയിൽ നിന്നാരംഭിക്കും.
അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയിലേക്കുള്ള കുരിശിന്റെ ഇന്നു വൈകിട്ട് 4.30ന് ആരംഭിക്കും. പാമ്പൂരാംപാറ, തുടങ്ങനാട് കുഞ്ഞച്ചൻമല, തുമ്പച്ചി എന്നിവിടങ്ങളിലും ഇന്നു കുരിശിന്റെ വഴിയേ തീർഥാടകരെത്തും.
വാഗമൺ കുരിശുമലയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ ബസ് സർവീസ് ഇന്നുണ്ടാകും. രാവിലെ 7.30ന് ഈരാറ്റുപേട്ട കെ.എസ്.ആർ.ടിസി. ബസ്റ്റാൻഡിൽ നിന്നുമാണ് ബസ് പുറപ്പെടുന്നത്.
കല്ലില്ലാകവലയിലെ പാർക്കിങ് ഗ്രൗണ്ട് വരെയെത്തും ബസ്. ഇവിടെ നിന്നും ഉച്ചകഴിഞ്ഞ് ഒന്നിന് ഈരാറ്റുപേട്ടയ്ക്കു സ്പെഷൽ സർവീസ് ഉണ്ടായിരിക്കും. നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈ സർവീസ് ഉണ്ടായിരിക്കും.