ഏറ്റുമാനൂർ: കല്യാണം കഴിഞ്ഞ നാൾ മുതൽ മകൾ ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടിരുന്നു എന്ന് എറ്റുമാനൂരിൽ പെൺമക്കൾക്കൊപ്പം ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെ പിതാവ് കുര്യാക്കോസ്.
പീഡന വിവരം പലപ്പോഴും ഷൈനി വീട്ടിൽ അറിയിച്ചിരുന്നു. മകളോട് വീട്ടിലേക്ക് പോരാൻ പറഞ്ഞിട്ടുണ്ട്. അന്ന് അവൾ വന്നില്ല. പിന്നീട് മർദനത്തിനുശേഷം വീട്ടിൽ നിന്നും ഇറക്കി വിട്ടു.
രാത്രി വഴിയിൽ നിന്ന മകളെയും കൊച്ചുമക്കളെയും താനാണു പോയി കൂട്ടിക്കൊണ്ടുവന്നതെന്നും പിതാവ് പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഷൈനിയെ നോബി വിളിച്ചിരുന്നു എന്നും പിതാവ് വ്യക്തമാക്കി.
മൂന്നുപേരുടെയും മരണത്തെ തുടർന്ന് ഭർത്താവ് നോബിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.44 നാണ് ഷൈനിയും തന്റെ രണ്ടു പെണ്‍മക്കളെയും കൂട്ടി പള്ളിയിൽ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
വീട്ടില്‍ നിന്നും ഇറങ്ങിയതിന്റെയും മക്കളുടെ കൈകള്‍ മുറുകെ പിടിച്ചു റോഡിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വളരെ വേഗത്തിൽ ഷൈനി കുഞ്ഞുങ്ങളെ കൈപിടിച്ച് നടക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.