/sathyam/media/media_files/2025/03/07/XnaTj0hEZsQS6k8TzJI3.jpg)
കോട്ടയം: അക്യുപങ്ചര്‍ പഠിച്ച ദമ്പതികള്‍ വീട്ടില്‍ പ്രസവം എടുത്തതും പിന്നാലെ നാലുമാസമായി ജനനസര്‍ട്ടിഫിക്കേറ്റ് നല്‍കുന്നില്ലെന്നും ഇന്നു കേരളം കേട്ട വാര്‍ത്തകളില്‍ ഒന്നാണ്. എന്നാല്‍, ഇത്തരത്തില്‍ വീട്ടില്‍ പ്രസവമെടുക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.
ദമ്പതികള്‍ പറയുന്നത് ഒക്ടോബര്‍ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാല്‍ അന്നു പ്രസവ വേദന വന്നില്ല. മരുന്നു നല്‍കി പ്രസവം നടത്തും എന്നതിനാല്‍ അന്ന് ആശുപത്രിയില്‍ പോയില്ല.
തങ്ങള്‍ രണ്ടുപേരും അക്യുപങ്ചര്‍ പഠിച്ചിട്ടുണ്ട്. അങ്ങനെ പ്രസവം നടത്താനും മരുന്നിനും വാക്‌സിനേഷനുമൊന്നിനും താല്‍പര്യമില്ലായിരുന്നു. നവംബര്‍ രണ്ടിനാണ് കുഞ്ഞ് പിറന്നത്. കുഞ്ഞു ജനിച്ചുടന്‍ തന്നെ ഭര്‍ത്താവു തന്നെയാണ് പുറത്തുപോയി ബ്ലേഡ് വാങ്ങി വന്നു പൊക്കിള്‍ക്കൊടിമുറിച്ചത്.
ദമ്പതികളുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയത് കേരളത്തിന്റെ ആരോഗ്യമേഖലയാണ്. ശിശുമാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. ഓരോ 1000 ജനനത്തിലും 5 മരണം എന്നതാണു കേരളത്തിലെ കണക്ക്.
ഇതു മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന ആരോഗ്യ മേഖല മുന്നോട്ടു പോകുമ്പോഴാണ് വീട്ടിലെ പ്രസവം.. മരുന്നുവെക്കാന്‍ സമ്മതമല്ല എന്നിങ്ങനെയുള്ള ന്യായവാദങ്ങള്‍ നിരത്തി ഇത്തരക്കാര്‍ മുന്നോട്ടു വരുന്നത്.
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണു മാതൃനവജാതശിശു മരണനിരക്കു വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്.
ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്.
ഇത്തരത്തിലുള്ള രീതികളുടെ വസ്തുത മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നതു ജീവനു തന്നെ ഭീഷണിയാണെന്നു മനസിലാക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല.
വീടുകളില്‍ പ്രസവിക്കുക എന്നത് ഒരു 'ഫാഷന്‍ തരംഗം' ആകുമോ എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭയം. പ്രസവം എന്നത് ഏതുസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയേയോ കുഞ്ഞിനെയേയോ രണ്ടുപേരെയുമോ നമുക്കു നഷ്ടപ്പെടാം.
വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തെരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്നു പിന്‍തിരിയണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
മനഃപൂര്‍വമായി ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വച്ചു തന്നെ പ്രസവം നടത്തണമെന്ന് തീരുമാനിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ട്. വീട്ടില്‍ പ്രസവം നടത്താന്‍ മുകൈയ്യെടുക്കുന്നതില്‍ വിശ്വാസവും ഒരു ഘടകമാണെന്നതാണ് വസ്തുത.
ആശുപത്രിയിലെ പ്രസവം, കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍ ഒന്നുമെടുക്കാന്‍ തയാറാകാത്ത ഒരു ന്യൂനപക്ഷം ആളുകളും ഇന്നു നമുക്കു ചുറ്റം ഉണ്ട്. മലബാര്‍ മേഖലയിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ടു ചെയ്യുന്നതും.
വീടുകളില്‍ പ്രസവം നടക്കുമ്പോള്‍ പ്രസവവേദനയുടെ സമയത്ത് ഗര്‍ഭിണികളെ സമാധാനിപ്പിക്കുന്നതിനായി വേണ്ടപ്പെട്ടവര്‍ അടുത്തുണ്ടല്ലോ എന്ന ചിന്ത. മാത്രമല്ല ആശുപത്രികളില്‍ പോയാല്‍ അനാവശ്യമായി സിസേറിയന്‍ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുമോ എന്ന ഭയവും വീട്ടില്‍ പ്രസവം തെരഞ്ഞെടുക്കാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നുണ്ട്.
വികസിത രാജ്യങ്ങളിലൊക്കെ വീടുകളിലെ പ്രസവം സര്‍വസാധാരണമാണ്. അവര്‍ക്കൊക്കെ കുഴപ്പമില്ലെങ്കില്‍ എന്തുകൊണ്ട് നമുക്ക് ഇത് ആയിക്കൂടാ എന്ന ചിന്തയാണ് മറ്റൊന്ന്.
എന്നാല്‍, വികസിത രാജ്യങ്ങളില്‍ വീട്ടിലെ പ്രസവം നടത്തുന്നത് കൃത്യമായ പരിശീലനവും പരിജ്ഞാനവും ലഭിച്ചിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അത്തരം ഒരു രീതി നിലവില്‍ വന്നിട്ടില്ല.
വികസിത രാജ്യങ്ങളില്‍ പ്രസവ വേദന തുടങ്ങി എന്ന് അറിയിക്കുമ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടെയാണ് വീട്ടില്‍ എത്തുന്നത്.
എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടായാലും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ അവിടെ നിലവിലുണ്ട്. അതുകൊണ്ട് ഈ നാട്ടിലെ സാഹചര്യവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.