കോട്ടയം: പ്രണയത്തോടും ലൈംഗികതയോടും അമിത താത്പര്യം കൂടും.. എം.ഡി.എം.എ പോലുള്ള രാസലഹരിക്ക് അടിമകളായവരില്‍ തോന്നല്‍ ഉണ്ടാവാറുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
ചിലര്‍ക്ക് അടക്കാനാവത്ത വിശപ്പാകും ഉണ്ടാവുക. ആദ്യമായി ഉപയോഗിക്കുന്നവരിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലായും കാണപ്പെടുത്തത്.
എം.ഡി.എം.എ അടക്കമുള്ളവ തലച്ചോറിലെ ഡോപമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. ഇതു കൂടുന്നതോടെ അമിതമായ സന്തോഷവും സുഖവുമൊക്കെ ഉണ്ടാവുന്നു. ഇതിനൊപ്പം ഭക്ഷണത്തോടും ലൈംഗികതയോടും താത്പര്യം കൂടുകയും ചെയ്യും. തുടക്കത്തില്‍ ഇങ്ങനെയാണെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലേക്കെത്തും.
ഡോപമിന്റെ അളവ് ഒരു നിയന്ത്രണവുമില്ലാതെ കൂടുന്നത് സൈക്കോസിസ് എന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുകയും ആരൊക്കെയോ കൊല്ലാന്‍ വരുന്നു എന്ന തോന്നലുണ്ടാവുകയും ചെയ്യും.
ഇത്തരം അവസ്ഥയില്‍ ഉള്ളവര്‍ ഒരിക്കലും യഥാര്‍ഥത്തില്‍ നടക്കുന്നതെന്താണെന്നു തിരിച്ചറിയുന്നില്ല. മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കിലും രാസലഹരി ഉപയോഗിക്കുന്നവര്‍ ഭ്രാന്തുപിടിച്ചവരെപ്പോലെ പെരുമാറുകയും ചെയ്യും.
എം.ഡി.എം.എയില്‍ നിന്ന് ഒരാളെ തിരിച്ചുകൊണ്ടുവരാന്‍ ഏറെ ബുദ്ധിമുട്ടാണെന്നാണു ലഹരി ചികിത്സകര്‍ തന്നെ പറയുന്നത്. ആത്മഹത്യക്കു ശ്രമിക്കുക എന്നതാണ് ഇത്തരക്കാരില്‍ പൊതുവെ കാണപ്പെടുന്ന ഒരു സ്വഭാവം.
ഇതിനൊപ്പം അമിതമായ ദേഷ്യം, സ്വയം മുറിവേല്‍പ്പിക്കുക, ആരോടെങ്കിലും ഏറ്റുമുട്ടി സ്വന്തം ശരീരത്തില്‍ പരുക്കുണ്ടാക്കുക എന്നിവയും ഇവരില്‍ കാണാറുണ്ട്. ഇതാണ് ഇപ്പോൾ അക്രമങ്ങൾ വർധിക്കാൻ ഉള്ള കാരണങ്ങളിൽ ഒന്ന്.
കുട്ടികളെയാണ് ലഹരിമാഫിയയ്ക്ക് ഏറെ ഇഷ്ടം. കുട്ടികളുടെ ലഹരി ഉപയോഗത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വര്‍ധനയാണ് ഉണ്ടായത്. ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും ഇതില്‍പ്പെടുന്നു.
വിദ്യാര്‍ഥിനികളിലൂടെ മാഫിയാസംഘം ലക്ഷ്യമിടുന്നത് ലഹരിക്കച്ചവടത്തിനും ചൂഷണത്തിനുമാണ്. സ്‌കൂളുകളിലടക്കം നിറവും മണവുമില്ലാത്ത സിന്തറ്റിക്ക് ലഹരിക്കു കുട്ടികളെ അടിമകളാക്കുകയാണു ലക്ഷ്യം.
പിന്നീട് ഇവരെ കച്ചവടത്തിനും ലഹരി കടത്തിനുമുപയോഗിക്കും. ഏതാനും വര്‍ഷത്തിനിടെ നൂറിലേറെ പരാതികളുണ്ടായിട്ടുണ്ടെങ്കിലും ലഹരി മാഫിയയെ ഇതുവരെ പൂട്ടാനായിട്ടില്ല.