കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു ടി.ആര്‍. രഘുനാഥനു സാധ്യതയേറുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കന്ന ടി.ആര്‍. രഘുനാഥന് സംസ്ഥാനസമിതി അംഗത്വം ലഭിച്ചതോടെയാണു ചര്‍ച്ചകള്‍ സജീവമായത്.
അന്തരിച്ച സി.പി.എം. ജില്ലാ സെക്രട്ടറി എ.വി റസലിനു പകരമായാണ് ജില്ലയിൽ പാർട്ടിയുടെ സൗമ്യ മുഖമായ രഘുനാഥനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ടിയ്ക്കകത്തും മുന്നണി ഘടകകക്ഷികളുമായും അദ്ദേഹത്തിനുള്ള ഉറച്ച സൗഹൃദങ്ങൾ ഇത്തവണ തുണയായേക്കും.
ദീര്‍ഘകാലം അയര്‍ക്കുന്നം ഏരിയാ സെക്രട്ടറിയായിരുന്ന രഘുനാഥന്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.
ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലത്തു സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പു പുതിയ ജില്ലാ സെക്രട്ടറിയെ സ്ഥാനമേല്‍പ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേരാനും തീരുമാനിച്ചിരുന്നു.
യോഗത്തില്‍ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നാണ് ആദ്യ സൂചനകള്‍ പുറത്തു വന്നത്. എന്നാല്‍, സംസ്ഥാന സമ്മേളന കൊടിമര ജാഥയുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന്‍ കണ്ണൂരിലായതിനാല്‍ യോഗം മാറ്റി.
പിന്നീട് സംസ്ഥാന സമ്മേളനത്തിനു ശേഷം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നാണു നേതൃത്വം അറിയിച്ചത്. ഈ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെറ്റഞ്ഞെടുക്കപ്പെട്ട എ.വി. റസലിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണു പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടായത്.
റസലിന്റെ അഭാവത്തില്‍ സംസ്ഥാന കമ്മിറ്റിഅംഗം കെ.അനില്‍കുമാര്‍, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം. രാധാകൃഷ്ണന്‍, പി.കെ. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. ടി.ആര്‍. രഘുനാഥന്‍, കെ.എം.രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണു സെക്രട്ടറി സ്ഥാനത്തേയ്ക്കു പ്രധാനമായും പരിഗണിക്കുന്നത്.