കോട്ടയം: ഈരാറ്റുപേട്ടയില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നു പോലീസ്.
സ്‌ഫോടക വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും വാങ്ങിയിരുന്നവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നു. പിടികൂടിയവരുടെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്തും.
ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍ എന്നിവയാണ് വന്‍തോതില്‍ പിടികൂടിയത്.
കര്‍ണാടകയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുന്ന വസ്തുക്കള്‍ വലിയ വിലയ്ക്കാണ് ഹൈറേഞ്ചിലെ കുളം പണിക്കാര്‍ക്കും അനധികൃത പാറമട നടത്തിപ്പുകാര്‍ക്കും വിറ്റഴിച്ചിരുന്നത്. എന്നാല്‍, പ്രതികളുടെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ ഷിബിലിനേയും കൂട്ടാളി മുഹമ്മദ് ഫാസിലിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈരാറ്റുപേട്ടയില്‍ വില്‍പ്പന നടത്തിയ വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ വിലക്ക് വാങ്ങിയ മൂന്ന് ഇടുക്കി സ്വദേശികളേയും പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃത പാറമടകളിലേക്ക് കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ കട്ടപ്പന പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. കട്ടപ്പന പുളിയന്‍മലയ്ക്ക് സമീപത്തുനിന്നാണ് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്.
അതേ സമയം, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം ഗൗരവമായി കാണമെന്നും പ്രതികള്‍ക്കു മറ്റെന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.