/sathyam/media/media_files/2025/03/11/hU41PeFJ5vDP1whSdhRE.jpg)
മൂന്നിലവ്: മൂന്നിലവിലെ അപകടാവസ്ഥയിലായിരുന്ന കടവുപുഴ പാലം തകര്‍ന്ന് ആറ്റില്‍ പതിച്ചു. ഏറെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ ടണ്‍ കണക്കിന് ഭാരമുള്ള ക്രെയിന്‍ കടന്നുപോയതോടെയാണ് തകർന്നത്.
ഒരു ഭാഗം മാത്രം തൂണില്‍ താങ്ങി നിന്നിരുന്ന സ്ലാബിന് വാഹനം കടന്നുപോയതോടെ ഇളക്കം തട്ടുകയും സ്ലാബ് ആറ്റില്‍ പതിക്കുകയുമായിരുന്നു. ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോയടക്കം ചെറുവാഹനങ്ങള്‍ക്കുമുള്ള സഞ്ചാരമാര്‍ഗം ഇല്ലാതായി.
2021-ല്‍ ശക്തമായ മഴയില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍നിര്‍മ്മാണ നടപടികള്‍ അനന്തമായി നീളുകയായിരുന്നെങ്കിലും പ്രദേശവാസികൾ ഈ പാലത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇന്ന് പാലം തകർന്ന് ആറ്റില്‍ പതിക്കുകയായിരുന്നു.
പാലത്തിന്റെ സ്ലാബ് ആറ്റില്‍ പതിച്ചതോടെ 20 കിലോമീറ്റര്‍ ചുറ്റി മാത്രമേ ഇനി പ്രദേശവാസികൾക്ക് മൂന്നിലവ് ടൗണിലെത്താന്‍ എത്തിച്ചേരാൻ കഴിയൂ. പാലത്തിലൂടെ ക്രെയിന്‍ കടന്നുപോയതിന് പിന്നാലെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു.
/sathyam/media/media_files/2025/03/11/yc9A07MnMmppe61jx8EJ.jpg)
മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇല്ലാതായത്. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാകക്കാട് സ്‌കൂളിലെ നിരവധി കുട്ടികളും സ്‌കൂള്‍ ബസും യാത്ര ചെയ്തിരുന്നതാണ്.
വാഹനഗതാഗതം തടസപ്പെട്ടെങ്കിലും കാല്‍നടയാത്രികര്‍ക്ക് ആവശ്യമായ സൗകര്യം താല്‍ക്കാലികമായി ഒരുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് പറഞ്ഞു.
സ്‌കൂള്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലും ടൗണിലും എത്തുന്നവര്‍ക്ക് കടന്നുപോകാന്‍ ഇന്ന് തന്നെ സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us