കാലങ്ങളോളം എസ്‌ഡിപിഐയുടെ സംരക്ഷകനും സഹായിയുമായിരുന്ന പിസി ജോര്‍ജ് ഇപ്പോള്‍ ക്രൈസ്തവ രക്ഷകനായി അവതരിച്ചതിന് ലക്ഷ്യങ്ങള്‍ പലത് ? വായില്‍ തോന്നിയത് എന്തും ആധികാരികമെന്ന നിലയില്‍ അവതരിപ്പിക്കും. ഉത്തരം മുട്ടുമ്പോള്‍ ക്ഷുഭിതനാകും. ജോര്‍ജിന്റെ നമ്പരുകള്‍ മലയാളികള്‍ എത്ര കണ്ടിരിക്കുന്നു

മുപ്പതു വര്‍ഷം എം.എല്‍.എ ആയിരുന്നയാളാണ് പി.സി ജോര്‍ജ്. ഇതിലേറിയ കാലത്തും ജോര്‍ജിനെ വിജയിപ്പിക്കാന്‍ പിന്നില്‍ നിന്നത് എസ്.ഡി.പി.ഐ ആണെന്നതാണു വസ്തുത..

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
pc george sdpi
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു.. കഴിഞ്ഞ ദിവസം പാലായില്‍ ബി.ജെ.പി നേതാവ് പി.സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പരാമര്‍ശമായിരുന്നു ഇത്. ജോര്‍ജിന്റെ അവതരണവും ആശങ്കയുമൊക്കെ കേട്ടാല്‍ ഇങ്ങനെയും നടന്നോ എന്നു ചിന്തിച്ചു പോകും.. 

Advertisment

പക്ഷേ, യാതൊരു വിധ ആധികാരിക രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ജോര്‍ജ് ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്നു വ്യക്തം.. ഉദ്ദേശം  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റ് തിരികെ പിടിക്കണം.. 


ഇപ്പോഴുള്ള സാഹചര്യത്തില്‍ തനിക്ക് പ്രസക്തിയില്ലെന്നുള്ള തിരിച്ചറിവാണ് ക്രൈസ്തവ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചു വോട്ടു ബാങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്തവ രക്ഷകനായി ജോർജ് അവതരിക്കുന്നത്. ഇതിനു തുടര്‍ച്ചയായാണ് ആവർത്തിച്ചുള്ള മുസ്ലീം വിരുദ്ധ പരാമര്‍ശവും ക്രൈസ്തവര്‍ ഉണരണമെന്നുള്ള ആഹ്വാനവുമൊക്കെ.


pc george

മുപ്പതു വര്‍ഷം എം.എല്‍.എ ആയിരുന്നയാളാണ് പി.സി ജോര്‍ജ്. ഇതിലേറിയ കാലത്തും ജോര്‍ജിനെ വിജയിപ്പിക്കാന്‍ പിന്നില്‍ നിന്നത് എസ്.ഡി.പി.ഐ ആണെന്നതാണു വസ്തുത.. എസ്.ഡി.പി.ഐയുടെ പിന്തുണയിൽ വളർന്നയാളാണ് ജോർജ്. തിരിച്ചു ജോര്‍ജിന്‍റെ സംരക്ഷണയിലാണ് മധ്യകേരളത്തിലെ ഏറ്റവും ശക്തമായ സംഘടനയായി അവരും വളര്‍ന്നത്. 

മുന്‍പു ജോര്‍ജ് തന്നെ സമ്മതിച്ചിട്ടുള്ളതാണ് തന്റെ ജയത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആയിരുന്നു, താന്‍ സഹായം സ്വീകരിച്ചിട്ടുണ്ട് എന്നതും. എന്നാല്‍, 2018 മുതല്‍ എസ്.ഡി.പി.ഐയും പി.സി. ജോര്‍ജും തമ്മില്‍ ഇടഞ്ഞു തുടങ്ങി. പിന്നീട് ക്രൈസ്തവ പ്രീണനം നടത്താന്‍ പി.സി. ജോര്‍ജ് പല വട്ടം ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.


മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വ്യാജ ആരോപണം ഉന്നയിച്ച പി.സി. ജോര്‍ജിനെ ജനം തഴയുകയായിരുന്നു. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയ അധിക്ഷേപിക്കാവുന്നതിന്റെ പരമാവധി ജോര്‍ജ് ശ്രമിച്ചു. പരാതിക്കാരി ജോര്‍ജിന്‍റെ ചക്കരപ്പെണ്ണായും പിന്നെ ജോര്‍ജ് അവരുടെ സാക്ഷിയായും മാറുന്നതും കണ്ടു.


എന്തിനേറെ, ഉമ്മന്‍ ചാണ്ടി പരാതിക്കാരിയോട് മോശമായി പെരുമാറി എന്നു പരസ്യമായി വിളിച്ചു പറയുകയും ചെയ്തു. എന്‍റെ കണ്ണുകൊണ്ട് കണ്ടതല്ലേ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഒടുവില്‍ ജോര്‍ജിന് പരസ്യമായി മാപ്പു പറയേണ്ടി വന്നു.

oommen chandy-6

സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് അന്നു ജനപക്ഷം നേതാവായിരുന്ന പി.സി ജോര്‍ജ് സമ്മതിക്കേണ്ടി വന്നു.

ഉമ്മന്‍ ചാണ്ടി മോശമായി പെരുമാറി എന്ന് അവര്‍ പറഞ്ഞപ്പോള്‍ സംശയിച്ചു. എന്നാല്‍, പറഞ്ഞ സാഹചര്യം കേട്ടപ്പോള്‍ തെറ്റിദ്ധരിച്ചുപോയി. ഉമ്മന്‍ ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്നും ജോർജ് പിന്നീട് മൊഴി നല്‍കി.


പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതം തന്നെ ഇങ്ങനെയായിരുന്നു.. വിവാദങ്ങള്‍ സൃഷ്ടിച്ചു മാധ്യമങ്ങളില്‍ ഇടം നേടുകയും അതിനായി എന്തും ഞാന്‍ കണ്ടതല്ലേ എന്നു പറഞ്ഞുകൊണ്ട് വിളിച്ച് പറയുകയും പൊതുസമൂഹത്തിന്റെ ഇടയില്‍ താന്‍ പറഞ്ഞത് സത്യമെന്ന ധാരണ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. 


പിന്നീട് കേസും പൊല്ലാപ്പുമാകുമ്പോള്‍ മാപ്പു പറഞ്ഞു തലയൂരും. സ്ത്രീകളെയും കാന്‍സര്‍ അതിജീവിതരെപോലും ജോര്‍ജ് അധിക്ഷേപിക്കും. എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ട ശേഷം മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണുള്ളത്. ക്രൈസ്തവ പിന്തുണയോടെ എന്തെങ്കിലും ആകാനുള്ള തത്രപ്പാടിലാണ് ഇതൊക്കെ.

ഇപ്പോള്‍ വീണ്ടും വാ വിട്ട വാക്കില്‍ കുടുങ്ങി ജോര്‍ജിൻ്റെ അറസ്റ്റിനു കളം ഒരുങ്ങുകയാണ്.. മതവിദ്വേഷ, കലാപാഹ്വാനക്കുറ്റം ചുമത്തി പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ല. നേരത്തെ ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ പിസിയുടെ വിദ്വേഷ പ്രസംഗം മുതല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയിലെ മുസ്ലീം പരാമര്‍ശ കേസില്‍ വരെ അതിനാടകീയ അറസ്റ്റ് കേരളം കണ്ടതാണ്. 

pc george-5


പിന്നീട് ജാമ്യത്തിലിറങ്ങിയ ജോർജിനോട് അടങ്ങിയിരിക്കാന്‍ കോടതി പറഞ്ഞുവെങ്കിലും തയ്യാറായില്ല. പൊതുപ്രവര്‍ത്തകനായിരിക്കാന്‍ ജോര്‍ജ് യോഗ്യനല്ലെന്ന ഹൈക്കോടതി പരാമര്‍ശം ശരിവെക്കുന്നതാണ് ആവര്‍ത്തിച്ചുള്ള ജോര്‍ജിന്റെ പ്രവര്‍ത്തികള്‍.


അതിനിടെ ജോര്‍ജിന്‍റെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ട് കെസിബിസിയുടെ ലെറ്റര്‍ ഹെഡില്‍ സംഘടനയുടെ ഭാരവാഹിയായി അറിയപ്പെടുന്ന പൂഞ്ഞാര്‍ സ്വദേശി പുറത്തിറക്കിയ പ്രസ്താവനയും വിവാദമായിരിക്കുകയാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ, ഹൈക്കോടതിപോലും പൊതുപ്രവര്‍ത്തകനാകാന്‍ യോഗ്യതയില്ലാത്തവന്‍ എന്നു പറഞ്ഞ, കളങ്കിത പ്രതിശ്ചായ ഉള്ള ഒരാളെ എന്തുകൊണ്ട് സഭയുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ യോഗത്തിലേയ്ക്ക് ക്ഷണിച്ചു എന്നതും, ഒടുവില്‍ അദ്ദേഹം വിളിച്ച് പറഞ്ഞ തോന്ന്യാസങ്ങളെ ന്യായീകരിച്ചുകൊണ്ട് കേരളത്തിലെ ബിഷപ്പുമാരുടെ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്തു എന്നതും സഭയില്‍ വിവാദമായിരിക്കുകയാണ്.


മുതിര്‍ന്ന ബിഷപ്പുമാര്‍ മുതല്‍ വൈദികരും അല്‍മായ പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് ഉള്ളത്. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിയ്ക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ഇവര്‍ നേതൃത്വത്തെ അറിയിയ്ക്കും. 


ഇടക്കാലത്ത് ബിജെപിയുമായി അടുത്ത ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ എത്തുകയും സഭയെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നതോടെ ഇപ്പോള്‍ ബിജെപി ബന്ധത്തില്‍ ജാഗ്രതയിലാണ്. ബിജെപി നേതാക്കളെ ഇപ്പൊഴും ഏറെ അടുപ്പത്തോടെ കാണുന്ന ബിഷപ്പുമാര്‍ക്കും ജോര്‍ജിന്‍റെയും മകന്‍റെയും ഇടപെടല്‍ തൃപ്തികരമല്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.