കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടർന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഷൈനിക്ക് പണവും സ്വർണവും തിരികെ നൽകില്ലെന്ന് മുൻപ് നോബി പറഞ്ഞതായാണ് വിവരം. ഇതേ തുടർന്ന് ഷൈനി കടുത്ത സമ്മർദത്തിലായിരുന്നു. ഷൈനി കുടുംബശ്രീയില്‍ തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത് 1,26,000 രൂപയായിരുന്നു.
നോബി പണം നല്‍കാതെ വന്നു.. ജോലിയുമില്ല. തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് ഷൈനി പറയുന്ന സന്ദേശം പുറത്തു വന്നിരുന്നു.
പണം തന്റെ ആവശ്യത്തിന് എടുത്തതല്ലെന്നും ഷൈനി പറയുന്നുണ്ട്. മരണത്തിന് മുമ്പ് കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസില്‍ തീരുമാനമായശേഷമേ നോബി പണം തരൂവെന്നും ഷൈനി പറയുന്നുണ്ട്.
ഈ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.
വായ്പയെക്കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്നാണ് കുടുംബശ്രീ പ്രസിഡന്റ് മറുപടി നല്‍കുന്നത്. ഈ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.
വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ പിന്നീട് വെളിപ്പെടുത്തി.
തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല.
ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ അംഗങ്ങൾ പറയുന്നു.
അതേസമയം, ഷൈനി സ്വന്തം വീട്ടിലും വലിയ മാനസിക സമ്മര്‍ദം അനുഭവിച്ചതായി കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.