കോട്ടയം: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടർന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലം വെച്ചാകും പ്രതിയെ പോലീസ് ചോദ്യം ചെയ്യുക.
അതേസമയം, ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി.
തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയും കുടുംബം തിരിച്ചടവിന് തയ്യാറായില്ല.
ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിയുകയായിരുന്നു. ഇത് ഷൈനിയെ കടുത്ത സാമ്പത്തിക സമ്മർദത്തിലാക്കി എന്ന വിവരമാണ് പുറത്തുവരുന്നത്.