മഴയെത്തും മുൻപേ നെല്ലു സംഭരണം നടക്കുമോ? പ്രശ്‌നങ്ങൾക്ക് ഇന്നു പരിഹാരമാകുമെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ. മില്ലുകാർ മുട്ടുമടക്കുമെന്നു പ്രതീക്ഷ

സുഗമമായി സംഭരണത്തിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നു പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും പാഡി മാർക്കറ്റിങ്ങ് ഓഫീസർ പറഞ്ഞു.

New Update
paddy farmers 2

കോട്ടയം: ജെ ബ്ലോക്കിൽ ഏഴു മില്ലുകാർ സജീവമായി സംഭരണ രംഗത്തുണ്ടെന്നും കർഷകർ സഹകരിച്ചാൽ ഇന്നു മുതൽ സംഭരണം വേഗത്തിലാക്കാൻ കഴിയുമെന്നും ജില്ലാ പാഡി മാർക്കറ്റിങ് ഓഫീസർ. 3.5 കിലോ കിഴിവു വേണമെന്ന മില്ലുടമകളുടെ ആവശ്യം ന്യായമല്ല. 

Advertisment

മറ്റു പാടങ്ങളേ അപേക്ഷിച്ച് കറവൽ കുറവാണെങ്കിലും പതിരിന്റെ അളവ് നെല്ലിലുണ്ട്. സുഗമമായി സംഭരണത്തിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നു പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും പാഡി മാർക്കറ്റിങ്ങ് ഓഫീസർ പറഞ്ഞു.


പൊള്ളുന്ന ചൂടിൽ ഉണക്കിയ നെല്ലിനും മില്ലുടമകൾ ചോദിക്കുന്നതു വൻ കിഴിവാണ്. പടിഞ്ഞാറൻ പാടശേഖരങ്ങളിൽ, മഴയെത്തും മുമ്പേ കുത്തിത്തിരുപ്പുണ്ടാക്കി പരാമവധി കിഴിവിലൂടെ  നെല്ലു വാങ്ങാൻസംഭരിക്കാൻ മില്ലുകാരുടെ നീക്കം. 


ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് 9000ൽ സമാനമായ നീക്കമാണ് നടന്നു വരുന്നത്. വിഷയത്തിൽ കലക്ടർ ഇടപെട്ടിട്ടും തീരുമാനമുണ്ടാകാത്തതിൽ ഒരു വിഭാഗം കർഷകർ പ്രതിഷേധം തുടരുകയാണ്. 

കിഴിവിന്റെ പേരിൽ ജെ ബ്ലോക്കിൽ നെല്ലു സംഭരണം തടസപ്പെട്ടാൽ കർശന നടപടിക്കു  കലക്ടർ നിർദേശം നൽകിയതിനു ശേഷവും കിഴിവിന്റെ കാര്യത്തിൽ തീരുമാനമാകാത്തതാണു കർഷകരെ പ്രകോപിച്ചത്.


അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലായി ഉൾപ്പെടുന്ന ജെ ബ്ലോക്ക് 9000 പാടശേഖരത്തിൽ 400 ഏക്കറിൽ കൊയ്ത്ത് പൂർത്തിയായപ്പോഴായിരുന്നു കിഴിവ് ആവശ്യപ്പെട്ടു മില്ലുടമാ പ്രതിനിധികളുടെ രംഗപ്രവേശം. 


ക്വിന്റലിനു 3.5 കിലോ കിഴിവു വേണമെന്ന ആവശ്യത്തെ കർഷകർ തുടക്കത്തിലേ തള്ളി. ജില്ലയിൽ ഏറ്റവും മികച്ച നെല്ലു ലഭിക്കുന്ന പാടശേഖരമാണിതെന്നു കർഷകർ പറയുന്നു. 

ഒരു ക്വിന്റൽ നെല്ലിനു 72 കിലോ അരി ലഭിക്കുന്ന രീതിയിൽ അരിവീഴ്ചയുള്ളതും മുന്നു വർഷമായി കിഴിവൊന്നും ആവശ്യപ്പെടാതെ നെല്ലു സംഭരിച്ചതുമായ പാടശേഖരമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ വെയിൽ ശക്തമായിരുന്നതിനാൽ ഉണക്കിനും കുറവില്ല.


കിഴിവിനു കർഷകർ സമ്മതിക്കാതിരുന്നതോടെ, സംഭരണം സ്തംഭിച്ചു. ഇതോടെ, ഇന്നലെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാഡി മാർക്കറ്റിങ്ങ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പാടശേഖരം സന്ദർശിച്ചു. 


തുടർന്നു  പഞ്ചായത്തിൽ യോഗം ചേർന്നുവെങ്കിലും ചെറിയ അളവില്ലെങ്കിലും കിഴിവ് വേണമെന്ന ആവശ്യത്തിൽ മില്ലുടമാ പ്രതിനിധികൾ ഉറച്ചു നിന്നു. 

1.50 കിലോ വരെ കിഴിവ് എന്നതിൽ ഒരു വിഭാഗം കർഷകർ സമ്മതിച്ചപ്പോൾ മറുവിഭാഗം കിഴിവു നൽകില്ലെന്നതിൽ ഉറച്ചു നിന്നു.


ഇതിനിടെ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാഡി മാർക്കറ്റിങ്ങ് ഓഫീസിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 


തുടർന്നു സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫിന്റെ നേതൃത്വത്തിൽ കലക്ടർ ജോൺ വി. സാമുവലിനെയും കണ്ടു. 

ജെ ബ്ലോക്കിൽ കിഴിവില്ലാതെ നെല്ലു സംഭരിക്കാൻ നടപടി വേണമെന്നും തടസമായാൽ മില്ലിനെയും ഏജന്റിനെയും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചു. 


എന്നാൽ, സംഭരണത്തിന്റെ കാര്യത്തിൽ രാത്രി വൈകും വരെ തീരുമാനമായിട്ടില്ല. 


ഇന്നലെ രാവിലെ മണിക്കൂറുകളോളം ചാറ്റൽ മഴ പെയ്തത് മുതലാക്കി കിഴിവ് നീക്കം ശക്തിപ്പെടുത്താൻ മില്ലുടമകൾ ശ്രമിക്കുമെന്നും കർഷകർ സംശയിക്കുന്നു. മഴ ശക്തമായാൽ മില്ലുകാർ ചോദിക്കുന്ന കിഴിവിനു നെല്ല് നൽകാൻ കർഷകർ നിർബന്ധിതരാകും.