കെട്ടിടത്തിന് ബലക്ഷയം. എരുമേലി മൃഗാശുപത്രിയുടെ പ്രവർത്തനം വാടക കെട്ടിടത്തിലേക്കു മാറ്റി. കെട്ടിടം പുനർ നിർമിക്കാൻ തീരുമാനം

പഞ്ചായത്ത് ഓഫിസ് - പ്രൈവറ്റ് ബസ് സ്റ്റാൻഡ് ബൈപാസ് റോഡിൽ പെൻഷൻ ഭവന് സമീപം സ്വകാര്യ കെട്ടിടത്തിലേക്കാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം മാറ്റിയത്.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
erumely veterinary hospital

കോട്ടയം: തകർച്ചയുടെ വക്കിലായിരുന്ന  കെട്ടിടത്തിൽ നിന്നു മാറി വാട കെട്ടിടത്തിൽ എരുമേലി മൃഗാശുപത്രി പ്രവർത്തനം ആരംഭിച്ചു. 

Advertisment

പഞ്ചായത്ത് ഓഫിസ് - പ്രൈവറ്റ് ബസ് സ്റ്റാൻഡ് ബൈപാസ് റോഡിൽ പെൻഷൻ ഭവന് സമീപം സ്വകാര്യ കെട്ടിടത്തിലേക്കാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം മാറ്റിയത്.


എരുമേലി പഞ്ചായത്ത് ഓഫിസിനോട് തൊട്ടു ചേർന്ന് പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാർ വെറ്ററിനറി ഡിസ്പെൻസറി ആണ് കെട്ടിടത്തിലെ അപാകതകൾ മൂലം പ്രവർത്തനം നിർത്തിയത്. 


മൃഗാശുപത്രിയുടെ മേൽക്കൂരയിൽ ചോർച്ചയും കോൺക്രീറ്റിലെ കമ്പികൾ തെളിയുകയും ചെയ്തതോടെ ചോർച്ച പരിഹരിക്കാൻ ഷീറ്റുകൾ ഇട്ട് റൂഫിങ് നടത്തിയിരുന്നു. 

എന്നാൽ, തറകളിലെ ടൈലുകൾ ഇളകുകയും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തകർച്ച പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ പ്രവർത്തനം ബുദ്ധിമുട്ടിലായി. 


മരുന്നുകൾ സൂക്ഷിക്കാൻ സൗകര്യം പരിമിതമായതും കെട്ടിടത്തിന്റെ തകർച്ചയും മൂലം കഴിഞ്ഞ ദിവസം പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതോടെയാണു സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തനം ഇവിടേക്ക് മാറ്റിയത്.


ഗുണനിലവാരമില്ലാത്ത പണികൾ  നടത്തിയാണ് കെട്ടിടം നിർമിച്ചതെന്ന് ഇതോടെ ആക്ഷേപം ശക്തമായി. പുനർ നിർമാണം നടത്തി പോരായ്മകൾ പരിഹരിക്കാൻ പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനം. 

ഒപ്പം മൃഗാശുപത്രിയുടെ അടുത്തുള്ള ശൗചലായമുറികളും കൃഷി ഭവനു വേണ്ടി നിർമാണം നടത്തി പണികൾ നിർത്തി വെച്ച കെട്ടിടവും പൊളിച്ചു നീക്കാനും കമ്മറ്റിയിൽ തീരുമാനമായി. മൃഗാശുപത്രി നവീകരണം ഉൾപ്പടെ പുനർ നിർമാണം നടത്താൻ ഫണ്ട് നൽകാമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.


2007 ജനുവരിയിലാണ് മുകളിൽ മൃഗാശുപത്രിയും താഴെ നിലയിൽ ഹോമിയോ ഡിസ്പെൻസറിയുമായി ഇരു നില കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തത്.


ഇതിന് ശേഷം 2010 ഫെബ്രുവരിയിൽ ഇതിനടുത്ത് കൃഷി ഭവന് ശിലാസ്ഥാപനം നടത്തി. കൃഷി ഭവന് വേണ്ടി ഒരു ഹാൾ നിർമിച്ച ശേഷം പണികൾ നിലച്ചു. 

സബ് രജിസ്ത്രാർ ഓഫിസ് കെട്ടിടത്തിന്റെ താഴെ നിലയിൽ കൃഷി ഭവന്റെ പ്രവർത്തനം മാറ്റിയതോടെ ആണ് പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് കൃഷി ഭവന് നിർമിച്ചിരുന്ന കെട്ടിടം വേണ്ടെന്ന് വെച്ചത്. 


മൃഗാശുപത്രിയുടെ തൊട്ടടുത്ത് ശുചിത്വ സമുച്ചയവും നിർമിച്ചിരുന്നു. ശബരിമല സീസണിൽ ലേലം ചെയ്ത് ആണ് ശുചിത്വ സമുച്ചയം പ്രവർത്തിപ്പിച്ചിരുന്നത്.  


ഇതും പൊളിച്ചു നീക്കും.. ഇതോടൊപ്പം കൃഷി ഭവന് വേണ്ടി നിർമിച്ച ഹാളും പൊളിച്ചു മാറ്റും. നിലവിൽ ഈ ഹാളിലാണ് ഹരിത കർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സൂക്ഷിച്ചിരിക്കുന്നത്.

മൃഗാശുപത്രിയുടെ പുനർ നിർമാണത്തിന് ഇനി എസ്റ്റിമേറ്റ് തയ്യാറാക്കണം. പൊതു മരാമത്ത് കെട്ടിട വിഭാഗം ആണ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. 

തുടർന്ന് ഇതിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മൃഗ സംരക്ഷണ വകുപ്പ് ഫണ്ട് അനുവദിക്കണം. ഇതിന് ശേഷം ടെണ്ടർ ചെയ്ത് പണികൾ നടത്തി പൂർത്തിയാകുന്നത് വരെ വാടക കെട്ടിടത്തിൽ മൃഗാശുപത്രിയുടെ പ്രവർത്തനം തുടരേണ്ടി വരും.