കോട്ടയം: ടൂറിസ്റ്റ് ബസുകളേ ജാഗ്രതൈ.. പരിശോധന ശക്തമാക്കന്‍ പോലീസ്. ലഹരി പിടിക്കപ്പെട്ടാല്‍ വാഹന ഉടമയെയും ജീവനക്കാരെയും കൂടി കേസില്‍ ഉള്‍പ്പെടുത്താന്‍ ആലോചന സജീവം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വിനോദ യാത്രയ്‌ക്കെത്തുന്ന സംഘങ്ങളും നിരീക്ഷണത്തിലാകും. വിനോദ യാത്ര സംഘങ്ങള്‍ തമ്പടിക്കുന്ന ഹോട്ടലുകള്‍ ഉൾപ്പെടെയുള്ള കേന്ദ്രങ്ങള്‍ നിരീക്ഷിക്കും.
ടൂറുകള്‍ ലഹരി പാര്‍ട്ടിയായി മാറുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണു ബസുകളിലും പോലീസും എക്‌സൈസും പരിശോധന ശക്തമാക്കുന്നത്. ഇതിനുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും.
കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില്‍ നിന്നു ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളജ് കാമ്പസുകള്‍ ലഹരി മുക്തമാക്കാന്‍ കാമ്പസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിനു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുമതി നല്‍കിയതു പരിഗണിച്ചു ലഹരിയെ കെട്ടുകെട്ടിക്കാന്‍ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണു നീക്കം.
മധ്യവേലനവധിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ വര്‍ഷാന്ത്യപരീക്ഷകള്‍ നടക്കുന്നതിനാല്‍ ടൂറുകള്‍ വരെ കുറച്ചു മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കോളജ് ടൂറുകളാണ് ഇപ്പോള്‍ കൂടുതലായും നടക്കുന്നത്. വിനോദയാത്രക്കിടെ രാസലഹരിയുടെ ഉപയോഗവും അക്രമ സംഭവങ്ങളും വ്യാപകമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കാനാണു നീക്കം.
സ്‌കൂള്‍ കോളജ് പ്രിന്‍സിപ്പല്‍മാരും പി.ടി.എ കമ്മിറ്റിയും വിനോദ യാത്രകള്‍ ലഹരിമുക്തമാക്കണമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കും. വിനോദ യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും ബോധവത്കരണം നടത്തും.
സംശയകരമായ സാഹചര്യത്തിലോ, വിശ്വാസ യോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ വിനോദ യാത്ര വാഹനങ്ങള്‍ പോലീസും എക്‌സൈസും പ്രത്യേകം പരിശോധിക്കും തുടങ്ങിയ വിവരങ്ങളാണ് അധികൃതര്‍ നല്‍കുന്നത്.