കോട്ടയം: ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ശനിയാഴ്ച ആചരിക്കും.
1911-ല്‍ സ്ഥാപിതമായ കോട്ടയം രൂപതയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം മെത്രാസന മന്ദിരത്തില്‍ മഹാത്മാ ഗാന്ധി 1925 മാര്‍ച്ച് 15 ന് സന്ദര്‍ശനം നടത്തി ബിഷപ് അലക്സാണ്ടര്‍ ചൂളപ്പറമ്പിലുമായി നവോഥാന പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ നൂറാം വാര്‍ഷികമാണു ശനിയാഴ്ച ആചരിക്കുന്നത്.
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയതയായിരുന്നു ഗാന്ധിജി. സി. രാജാഗോപാലാചാരി, കെ.കെ. കുരുവിള തുടങ്ങിയ പ്രമുഖരും ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നു.
പിന്നാക്കാവസ്ഥയിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി ഗാന്ധിജി നടത്തിയ പ്രവര്‍ത്തനങ്ങളെ ബിഷപ്പ് ചൂളപ്പറമ്പില്‍ അഭിനന്ദിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച വൈകിട്ട് അഞ്ചിനു മെത്രാസന മന്ദിരത്തില്‍ ഗാന്ധിസ്മൃതിയും അനുസ്മരണ ചടങ്ങും നടക്കും.
ഗാന്ധിജിയുടെ അരമന സന്ദര്‍ശനത്തെ അനുസ്മരിച്ച് അക്കാലത്ത് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പുകളടങ്ങിയ ഗാന്ധിജിയുടെ ഛായാചിത്രം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്യും.
മത-സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.തിരുവനന്തപുരത്തു നിന്നു കാറില്‍ വൈക്കത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഗാന്ധിജി കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി വഴിയാണു കോട്ടയത്ത് എത്തിയത്.
നഗരാതിര്‍ത്തിയായ കോടിമത പാലത്തിനു സമീപം സ്വീകരിച്ചു. അന്നു മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റായിരുന്ന സി.എസ്.ലക്ഷ്മണന്‍ പിളള, എംടി സെമിനാരി മുന്‍ ഹെഡ്മാസ്റ്റര്‍ കെ.കെ.കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തിരുനക്കരയിലെ സമ്മേളനത്തില്‍ മംഗളപത്രം നല്‍കി ആദരിച്ചു. സമ്മേളനത്തിനു ശേഷം ഗാന്ധിജി ബിഷപ് അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിനെ അരമനയിലെത്തി സന്ദര്‍ശിച്ചു.
പിന്നീട് കെ.കെ.കുരുവിളയുടെ ആതിഥേയത്വം സ്വീകരിച്ച് ഹെഡ്മാസ്റ്റേഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ വിശ്രമിച്ചു. എംടി സെമിനാരി വളപ്പിലുള്ള ഈ കെട്ടിടം ഇപ്പോള്‍ ഗാന്ധി സദന്‍ എന്ന പേരില്‍ സ്മൃതിമന്ദിരമായി സംരക്ഷിക്കുന്നുണ്ട്. കോട്ടയത്തു നിന്നാണു ഗാന്ധിജി വൈക്കത്തെത്തിയത്.
''ഇത്ര വളരെ ആളുകള്‍ കൂടി ഇങ്ങനെ ഒരു മംഗളപത്രം എനിക്കു നല്‍കിയതില്‍ ആദ്യമായി ഞാന്‍ നിങ്ങള്‍ക്കു നന്ദി പറഞ്ഞുകൊള്ളുന്നു.
ഹിന്ദുസ്ഥാനി ഭാഷയില്‍ നിങ്ങളോടു സംസാരിച്ച് എന്റെ ആശയങ്ങളെ മനസിലാക്കുന്നതില്‍ നിവൃത്തിയില്ലാത്തതില്‍ ദുഃഖിക്കുന്നു.
കോട്ടയത്ത് ഒരു ഹിന്ദുസ്ഥാനി ക്ലാസ് ഉള്ളതായിട്ട് ഞാനറിയുന്നു. കോട്ടയത്തും പരിസരപ്രദേശത്തുമുള്ള നിങ്ങള്‍ ആ ക്ലാസില്‍ ചേര്‍ന്നു പഠിക്കുകയും വളരെ വേഗത്തില്‍ ഹിന്ദുസ്ഥാനി ഭാഷ മനസിലാക്കാനുള്ള പ്രാപ്തി സമ്പാദിക്കുകയും ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു'' എന്നു പറഞ്ഞു കൊണ്ടാണ് ഗാന്ധിജി തന്റെ പ്രസംഗം ആരംഭിക്കുന്നത്.