സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയാകുന്ന ആദ്യ നായർ സമുദായാംഗം. മന്ത്രി വി.എൻ വാസവന്റെ വിശ്വസ്തൻ. പുതിയ ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥനിലൂടെ സി.പി.എം പ്രതീക്ഷകൾ നിരവധി

എൻ.എസ്.എസ് ആസ്ഥാനം ഉള്ള കോട്ടയത്തു തന്നെ നായർ സമുദായാംഗം സെക്രട്ടറിയായി വരുന്നതു സി.പി.എമ്മും എൻ.എസ്.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന വിലയിരുത്തലാണുള്ളത്. 

New Update
t r raghunath cpm

കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയാകുന്ന ആദ്യ നായർ സമുദായാംഗവും മന്ത്രി വി.എൻ വാസവന്റെ വിശ്വസ്തനുമാണു ടി.ആർ. രഘുനാഥൻ. 

Advertisment

സി.പി.എം ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ 14 ജില്ലകളിൽ ഒരിടത്തും നായർ സമുദായത്തിനു പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 


എൻ.എസ്.എസ് ആസ്ഥാനം ഉള്ള കോട്ടയത്തു തന്നെ നായർ സമുദായാംഗം സെക്രട്ടറിയായി വരുന്നതു സി.പി.എമ്മും എൻ.എസ്.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന വിലയിരുത്തലാണുള്ളത്. 


കഴിഞ്ഞ കുറച്ചു നാളുകളായി എൻ.എസ്.എസും സി.പി.എമ്മും ഇടഞ്ഞു നിൽക്കുകയാണ്. മന്നം ജയന്തി സമ്മേളനത്തിലടക്കം മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളും ഉയർന്നിരുന്നു. 

എൻ.എസ്.എസുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രഘുനാഥന്റെ വരവവോടെ എൻ.എസ്.എസുമായി കൂടുതൽ യോജിച്ചു പോകൻ സാധിക്കുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.


മറ്റു ജില്ലകളിൽ ഈഴവ പ്രാതിനിധ്യമുള്ളതിനാൽ കോട്ടയത്തെ പുതിയ സെക്രട്ടറി നായർ സമുദായത്തിൽ നിന്നാകുമെന്നു നേരത്തെ തന്നെ സൂചനകൾ പുറത്തു വന്നിരുന്നു. 


ഇതോടെ നായർ സമുദായ അംഗങ്ങളായ കെ.എം.രാധാകൃഷ്ണൻ, പി.കെ.ഹരികുമാർ, ടി.ആർ.രഘുനാഥൻ, കെ. അനിൽകുമാർ എന്നിവരുടെ പേരുകൾക്കു സാധ്യതയേറിയിരുന്നു. 

എന്നാൽ, നറുക്ക് വീണത് രഘുനാഥനായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച എ.വി. റസലിനെ പോലെ മന്ത്രി വി.എൻ. വാസവനുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണു രഘുനാഥൻ.  


ഇതും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്  രഘുനാഥനെ പരിഗണിക്കുന്നതിൽ നിർണായകമായി.


കൊല്ലം സംസ്ഥാന സമ്മേളനത്തിൽ രഘുനാഥനെ സംസ്ഥാന കമ്മിറ്റിയംഗമാക്കിയപ്പോൾ തന്നെ രഘുനാഥൻ ജില്ലാ സെക്രട്ടറിയാകുമെന്നു ഏറെക്കുറേ ഉറപ്പായിരുന്നു.

അയർകുന്നം ആറുമാനൂർ സ്വദേശിയും ദീർഘകാലം അയർക്കുന്നം ഏരിയാ സെക്രട്ടറിയുമായിരുന്ന രഘുനാഥൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 

സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisment