കോട്ടയം: വിഷുവിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിപണിയും സജീവമാവുകയാണ്. ഇക്കുറി വിലക്കയറ്റം കാരണം വിഷുക്കണിയും സദ്യയുമെല്ലാം ഒരുക്കുന്നതിനു ചെലവേറുമെന്നുറപ്പായി..
നാളികേരം മുതല്‍ വെള്ളരിക്കു വരെ വില ഉയരുന്ന സ്ഥിതിയുണ്ട്. വരും ദിവസങ്ങളില്‍ കണി ഒരുക്കുന്നതിനുള്ള കണിവെള്ളരിയും ചെറിയ മത്തനുമെല്ലാം വിപണിയില്‍ എത്തും.
പൊന്നിന്‍ നിറത്തില്‍ ഉള്ള വിഷുസ്‌പെഷല്‍ കണിവെള്ളരിയുടെ വിളവെടുപ്പ് ആരംഭിച്ചു. വേനല്‍ പ്രശ്‌നമായെങ്കിലും തരക്കേടില്ലാത്ത വിളവ് ഇക്കുറി ലഭിക്കുന്നുണ്ടെന്നു കര്‍ഷകര്‍ പറയുന്നു.
അതേസയം കര്‍ഷകരില്‍ നിന്നു ആറു മുതല്‍ 10 രൂപയ്ക്കു വരെയാണു കണിവെള്ളരി ശേഖരിക്കുന്നത്. ഇതു വിപണിയില്‍ എത്തുമ്പോള്‍ നാലും അഞ്ചും ഇരട്ടി വില വര്‍ധയാകും ഉണ്ടാവുക.
കടം വാങ്ങിയും പാട്ടത്തിനെടുത്തുമാണു മിക്ക കര്‍ഷകരും കൃഷി നടത്തുന്നത്. വിലയിടിവു മൂലം മുടക്കുമുതല്‍ പോലും ലഭിക്കാത്ത സ്ഥിതിയാണെന്നു കര്‍ഷകര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍നിന്നും വന്‍ തോതില്‍ വെള്ളരി എത്തുന്നതാണു വില ഇടിയാന്‍ കാരണമെന്നാണ് ഇടനിലക്കാരുടെ വാദമെന്നു കര്‍ഷകര്‍ പറയുന്നു.
/sathyam/media/media_files/2025/04/09/9dpCupqSTT9KtxC30cnv.jpg)
വിഷുവിനോട് അനുബന്ധിച്ചു മറ്റു പച്ചക്കറികള്‍ക്കും നേരിയ തോതിൽ വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പടവലം 37, മത്തന്‍ 25, നാരങ്ങ 80, കോവയ്ക്ക 44, വെളുത്തുള്ളി 178, ചേന 51, കത്രിക്ക 42, തേങ്ങ 86, ക്യാരറ്റ് 62, പാവയ്ക്ക് 42, തക്കാളി 23 എന്നിങ്ങനെയാണു വില.
വേനല്‍ക്കാലമായതിനാല്‍ പഴവര്‍ഗങ്ങള്‍ക്കു താരതമ്യേന മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പൈനാപ്പിളിന് കിലോയ്ക്ക് 56 രൂപയും ഏത്തക്കായയ്ക്കു 70 രൂപയും ഞാലിപ്പൂവന് 40 രൂപയുമാണു വില. എണ്ണവിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. വെളിച്ചണ്ണയ്ക്ക് 280 മുതല്‍ 320 രൂപ വരെ കൊടുക്കേണ്ട അവസ്ഥയുണ്ട്.
സപ്ലൈകോ വിഷു ഈസ്റ്റര്‍ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 10 വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിള്‍സ് ബസാറില്‍ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്‍പ്പനശാല സപ്ലൈകോ വിഷു ഈസ്റ്റര്‍ ഫെയര്‍ ആയി പ്രവര്‍ത്തിക്കുക.
ഏപ്രില്‍ 14 വിഷു ദിനവും, ഏപ്രില്‍ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു ഈസ്റ്ററിനോട് അനുബന്ധിച്ച് നല്‍കുന്നുണ്ട്.