കോട്ടയം: ഓട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള റോഡുകള്‍ കേരളത്തില്‍ പ്രായോഗികമാണോ ? പദ്ധതി വൈകാതെ തിരുവനന്തപുരം നഗരത്തില്‍ ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ട്.
ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ആസ്ഥാനമായ ഇലക്ട്രിയോണ്‍ എന്ന സ്വകാര്യ കമ്പനിയുമായി അനെര്‍ട്ട് ചര്‍ച്ച നടത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സംസ്ഥാന പാതകളിലാണു പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. പാര്‍ക്കിങ് സ്ഥലങ്ങള്‍, ബസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും.
നെടുമ്പാശേരി വിമാനത്താവളം - കാലടി, നെടുമ്പാശേരി - അങ്കമാലി, നിലയ്ക്കല്‍ - പമ്പ, വിഴിഞ്ഞം - ബാലരാമപുരം എന്നീ റൂട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. എന്നാല്‍, ഇതു കേരളത്തില്‍ എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്.
ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വാഹനത്തിലെ ബാറ്ററി ചാര്‍ജാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൊബൈല്‍ ഫോണിലെ വയര്‍ലെസ് ചാര്‍ജിങിനു സമാനമായ സാങ്കേതിക വിദ്യയാണിത്. കാറുകള്‍ക്ക് പുറമെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ബസുകളും ഈ സംവിധാനത്തിലൂടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
പദ്ധതി നടപ്പായാല്‍ കേരളത്തിലെ ഇലക്ട്രിക് വാഹന യാത്രികര്‍ക്കു ഗുണകരമാണെങ്കിലും ഇപ്പോഴുള്ള വാഹന മോഡലുകള്‍ക്ക് ഇതു ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു വിദഗ്ദ്ധര്‍ പറയുന്നു. വാഹനത്തിനടിയില്‍ റിസീവര്‍ പാഡ് സ്ഥാപിച്ചാല്‍ മാത്രമേ ഇതിനു സാധ്യമാകൂ.
നിലവില്‍ ഉള്ള ഇലക്ട്രിക് ബസുകളില്‍ ഉള്‍പ്പടെ പ്രത്യേക സംവിധനം ഒരുക്കിയാല്‍ മാത്രമേ ഇത് ഉപയോഗിച്ചു ചാര്‍ജ് ചെയ്യാന്‍ സാധിക്കൂ. കാര്‍ കമ്പനികളും ഓട്ടത്തില്‍ തന്നെ ചാര്‍ജ് ചെയ്യുന്ന കാര്‍ ബാറ്ററി മോഡലുകള്‍ കേരളത്തില്‍ അവതരിപ്പേണ്ടിയിരിക്കുന്നു.
സ്വീഡിലാണ് ആദ്യമായി ഒരു ഇലക്ട്രിക് റോഡുകള്‍ തുറക്കുന്നത്. ഇടയ്ക്കിടെയുള്ള റീചാര്‍ജിങ് സ്‌റ്റോപ്പുകള്‍ ഒഴിവാക്കി റേഞ്ച് ഉത്കണ്ഠ പരിഹരിക്കുന്ന ഇവികള്‍ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന ഒരു കാലത്തിലേക്ക് വാഹന ലോകം കടക്കുന്നത്. ഇ- റോഡുകള്‍ സൗകര്യവും സുസ്ഥിരതയും വാഗ്ദാനം ചെയ്യുന്നു.
റോഡിലെ പ്രതലത്തിനടിയില്‍ സ്ഥാപിച്ച ഇലക്ട്രോ മാഗ്‌നെറ്റിക് കോയിലുകളാണ് ചാര്‍ജിങ് സാധ്യമാക്കുന്നത്. പവര്‍ ഗ്രിഡുമായി ഘടിപ്പിച്ച കാന്തിക കോയിലുകള്‍ റോഡിന് മുകളില്‍ ഒരു ഇലക്ട്രോ മാഗ്‌നെറ്റിക് ഫീല്‍ഡ് സൃഷ്ടിക്കുകയും വാഹനത്തിലെ ബാറ്ററിയിലുള്ള റിസീവറിലേക്ക് വൈദ്യുതി കൈമാറുകയും ചെയ്യും.
ഇന്‍ഡെക്ടീവ് ചാര്‍ജിങ് എന്ന പ്രക്രിയയിലൂടെയാണ് ഇവിടെ ചാര്‍ജിങ് നടക്കുന്നത്. ക്ലൗഡ് അധിഷ്ഠിത മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ഇതെല്ലാം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.
പക്ഷേ, വന്‍ തുകയാണ് ഇതിനു ചെലവു വേണ്ടി വരുക. അമേരിക്കന്‍ നഗരമായ ഡെട്രോയിറ്റില്‍ ഇലക്ട്രിക് റോഡുകള്‍ സ്ഥാപിക്കുന്നതിന് കിലോമീറ്ററിന് 10 കോടി രൂപയെങ്കിലും ചെലവായെന്നാണ് ഏകദേശ കണക്ക്. ഇത്രയും തുക ചെലവാക്കി ഇലക്ട്രിക് റോഡ് സ്ഥാപിക്കുന്നത് പ്രായോഗികമാണോയെന്ന സംശയമാണു പലരും ഉന്നയിക്കുന്നത്.
എന്നാല്‍, സാങ്കേതിക വിദ്യ കൂടുതല്‍ വളരുന്നതോടെ ഇതിനു ചെലവാകുന്ന തുക കുത്തനെ ഇടിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇറോഡുകള്‍ വാഹനങ്ങള്‍ക്ക് കരുത്തു പകരുന്നതു മാത്രമല്ല, നഗരങ്ങളിലെ ശബ്ദമലിനീകരണവും കുറയ്ക്കുന്നു. അവ ആഗോള സുസ്ഥിര ലക്ഷ്യങ്ങളുമായും ഫോസില്‍ ഇന്ധന രഹിത ഗതാഗതത്തിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ക്കും ഏറെ ഗുണകരമാകും.