വേനല്‍ ചൂടിന് ആശ്വാസമായി തകര്‍ത്തു പെയ്തു മഴ. പക്ഷേ, പണി കിട്ടിയത് വിഷു ആഘോഷിക്കാന്‍ തയാറായിരുന്നു കണിക്കൊന്നയ്ക്ക്. ശക്തമായ കാറ്റിലും മഴയിലും കണിക്കൊന്ന പൂക്കള്‍ മുഴുവന്‍ കൊഴിഞ്ഞു. വിപണിയിൽ പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെ

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റു വീശിയതോടെ കൊന്നപൂക്കള്‍ ഭൂരിഭാഗവും കൊഴിഞ്ഞു വീണു.

New Update
konnapukal

കോട്ടയം: കണികാണാന്‍ കൊന്നപ്പൂക്കള്‍ ഇല്ലാത്ത അവസ്ഥ മലയാളിക്ക് ചിന്തിക്കാന്‍ പറ്റുമോ?. ഇക്കുറിയും പ്ലാസ്റ്റിക് കൊന്നപൂക്കളെ ആശ്രയിക്കേണ്ട ഗതികേടിലാണു ജനം.

Advertisment

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടിന് നേരിയ ശമനമായി സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ് ഇന്നു പുലര്‍ച്ചെ ലഭിച്ചത്.

തിരുവനന്തപുരത്ത് പുലര്‍ച്ചെ ഇടിമിന്നലോട്  കൂടിയ മഴ ലഭിച്ചു. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും മഴ കിട്ടി. കടയ്ക്കല്‍, കരുനാഗപ്പള്ളി ,കുണ്ടറ മേഖലകളില്‍ അതി ശക്തമായ മഴയാണ് ഉണ്ടായത് .  

ഇടിമിന്നലോട് കൂടിയ  മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റു വീശിയതോടെ കൊന്നപൂക്കള്‍ ഭൂരിഭാഗവും കൊഴിഞ്ഞു വീണു. ഇക്കുറി ഫെബ്രുരിയില്‍ തന്നെ ഭൂരിഭാഗവും കൊന്ന മരങ്ങള്‍ പൂത്തിരുന്നു. ഏപ്രിലായപ്പോഴേയ്ക്കും കുറിച്ചു പൂക്കള്‍ മാത്രമാണ് അവശേഷിച്ചിരുന്നത് ഇപ്പോള്‍ അതും കൊഴിഞ്ഞു വീണു.  


കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാലവും കണക്കും ഒന്നും പരിഗണിക്കാതെ  കണിക്കൊന്ന പൂക്കുന്നതു കാണാം. 


അടുത്തകാലത്തു നടന്ന പഠനങ്ങളനുസരിച്ച്, എപ്പോഴൊക്കെ മണ്ണിലെ ജലാശം പരിധിവിട്ട് കുറയുന്നോ അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ്.

സസ്യങ്ങളുടെ പുഷ്പിക്കല്‍ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഫ്‌ലോറിജന്‍ എന്ന സസ്യ ഹോര്‍മോണ്‍ ആണ്. ചൂടു കൂടുമ്പോള്‍ ഫ്‌ലോറിജന്റെ ഉല്‍പാദനം കൂടും. 


അങ്ങനെ ചൂടിന്റെ വര്‍ധനവും കൊന്ന പൂവിടുന്നതിനെ സ്വാധീനിക്കും. സാധാരണയായി മാര്‍ച്ചില്‍ പൂക്കേണ്ട കണിക്കൊന്ന ജനുവരിയിലും ഫെബ്രുവരിയിലും ഒക്കെയാണ് ഇപ്പോള്‍ പൂക്കുന്നത്. ചില സ്ഥലങ്ങളിലൊക്കെ വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും കൊന്ന പൂത്തുനില്‍ക്കുന്നതായി കാണാം.


കൊന്നപൂക്കള്‍ കണിവെക്കാന്‍ കിട്ടാതായതോടെ  വിഷുക്കണിയൊരുക്കാന്‍ തണ്ടു നിറയെ ഇലകളും പൂക്കളുമായി പ്ലാസ്റ്റിക് കൊന്ന പൂക്കള്‍ വിപണിയിലുണ്ട്. 

പ്ലാസ്റ്റിക്കിലും തുണിയിലും തീര്‍ത്ത നിറം മങ്ങാതെ വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ കഴിയുന്ന കൊന്നപ്പൂക്കളാണ് ഇപ്പോള്‍ വിപണിയിലെ താരം. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 40 രൂപയാണ് വില. പൂക്കളും മൊട്ടുകളും നിറഞ്ഞ് ഒറിജിനലിനെ വെല്ലും. 

 പൂക്കള്‍ വാടി കൊഴിയില്ലെന്നതിനാലും കണിയൊരുക്കിയശേഷം വീടിന് അലങ്കാരമായി വയ്ക്കാന്‍ കഴിയുന്നതിനാലും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.