വിഷുവല്ലേ, പടക്കങ്ങൾ ഓഡർ ചെയ്തു വരുത്തിയേക്കാമെന്നു കരുതിയിൽ പണി പാളും!. പണം അടച്ചാൽ പടക്കം പാഴ്സലായി അയക്കുന്ന സംഘങ്ങൾ വ്യാപകം. പിടികൂടിയാൽ നടപടി ഉണ്ടാകുമെന്നു അധികൃതർ. ട്രെയിനിൽ പടക്കങ്ങൾ കൊണ്ടുവരുന്നതും നിയമവിരുദ്ധം

കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ അനധികൃത ഓൺലൈൻ പടക്ക വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ടിലധികം കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

New Update
vishu crackers

കോട്ടയം: വിഷുവിനെ വരവേൽക്കാൻ ഗ്രാമങ്ങളിലും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പടക്ക വിപണന കേന്ദ്രങ്ങളാണ് കൂടുതൽ സജീവമായി നിൽക്കുന്നത്.

Advertisment

വിഷുവിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പടക്ക വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രി ഏറെ വൈകിയും ഗ്രാമങ്ങളിൽ ഉൾപ്പടെ പടക്കക്കടകൾ സജീവമായിരുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആവശ്യക്കാർ രാത്രി ഏറെ വൈകിയും എത്തുന്നുണ്ട്. 

അതേ സമയം അനധികൃത ഓൺലൈൻ പടക്ക വ്യാപാരങ്ങൾ വിപണിയിലേക്ക് കടന്നുവന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾ കണ്ടാണ് പലരും പടക്കം ബൾക്കായി ഓഡർ ചെയ്യുന്നത്.


യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ഓർഡർ ചെയ്യുന്നതിനനുസരിച്ച് കൊറിയർ വഴിയും മറ്റും ആവശ്യക്കാരന് എത്തിച്ചു നൽകുന്ന അവസ്ഥയായ് ഉണ്ടാകുന്നത്. 


കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ അനധികൃത ഓൺലൈൻ പടക്ക വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ടിലധികം കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നും മറ്റുമായി പ്രത്യേക സജ്ജീകരണത്തോടെയാണ് പടക്കങ്ങൾ എത്തിക്കുന്നത്. വ്യാപാരം നടത്തുന്ന കടകൾക്കും പ്രത്യേക ലൈസൻസുകളും അനുമതികളും ആവശ്യമാണ്. അഗ്നി സുരക്ഷ സേനയടക്കം പരിശോധനകൾ നടത്തിയാണ് ലൈസൻസ് അനുവദിക്കുക.

എ.ഡി.എം മുഖേനയാണ് ലൈസൻസ് അനുവദിക്കുന്നത്. എന്നാൽ അനധികൃത വ്യാപാരങ്ങളും മറ്റും വിഷുവോടടുക്കുമ്പോൾ നഗരളുടെ പലഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. ഇവയെല്ലാം പലതരത്തിലുള്ള അപകടങ്ങൾ വിളിച്ചു വരുത്തുന്നതുമാണ്.


ഇക്കൂട്ടർ നിയമം പാലിക്കാൻ തയാറല്ല. മധുരയിൽ നിന്നും ശിവകാശിയിൽ നിന്നുമുള്ള ഗുണനിലവാരം കുറഞ്ഞ കുടിൽ വ്യവസായ നിർമ്മിതിയായ പടക്കങ്ങളാണ് ഓൺലൈൻ വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. ഗുണനിലവാരമില്ലാത്തതിനാൽ അപകട സാദ്ധ്യതകളും ഇവയ്ക്ക് കൂടുതലാണ്.


ഇവ കേരളത്തിൽ എത്തിച്ച് ഗോഡൗണുകളിൽ സൂക്ഷിക്കുന്ന സംഭവങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്. 2018 ൽ ഓൺലൈൻ പടക്ക വ്യാപാരം സുപ്രീം കോടതി നിരോധിച്ചതാണ്.  

പടക്കങ്ങൾ ട്രെയിനിൽ കൊണ്ടു വരുന്നതും നിരോധിച്ചിട്ടുണ്ട്.ഇത്തരം സ്ഫോടക വസ്തുക്കൾ കൈയിൽ കരുതിയാൽ റെയിൽവേ നിയമം അനുസരിച്ചുള്ള ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടിവരും.


 കത്തിപിടിക്കാൻ സാധ്യതയുള്ള സ്ഫോടക വസ്തുക്കളുമായി യാത്ര ചെയ്യുന്നത് 1989ലെ റെയിൽവേ ആക്ട് സെക്ഷൻ 67, 164, 167 എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. പടക്കങ്ങൾ മാത്രമല്ല, മറ്റു ചില വസ്തുക്കളും ട്രെയിൻ യാത്രയിൽ നിരോധിച്ചിട്ടുണ്ട്.


അറിയാതെയാണെങ്കിലും നിങ്ങളുടെ കൈയിലോ ബാഗിലോ ഇത്തരം വസ്തുക്കളുണ്ടെങ്കിലും നിയമനടപടി നേരിടേണ്ടി വരും.

പടക്കങ്ങൾക്ക് പുറമെ ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടറുകൾ, കത്തിപ്പടരാൻ സാധ്യതയുള്ള രാസവസ്തുക്കൾ, ആസിഡ്, രൂക്ഷ ഗന്ധമുള്ള വസ്തുക്കൾ, ആയുധങ്ങൾ എന്നിവ കൈവശം വച്ചും ട്രെയിനിൽ യാത്ര ചെയ്യാൻ പാടില്ല.

ഇത്തരം സാധനങ്ങൾ നിങ്ങളുടെ കൈയിലുണ്ടെങ്കിൽ റെയിൽവേ നിയമം സെക്ഷൻ 164 പ്രകാരം നിങ്ങൾക്കെതിരെ കേസെടുക്കും.