/sathyam/media/media_files/2025/04/16/VmQFlnA4TmYgijda4Boa.jpg)
കോട്ടയം: കുടുംബ പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നവര്‍ ഏറ്റുമാനൂരിലെ ഷൈനിയെ മാതൃകയാക്കുന്നോ?. ആശങ്കയായി കൂട്ട ആത്മഹത്യകള്‍ വര്‍ധിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് പുലര്‍ച്ചെയായിരുന്നു കേരളം ആ നടുക്കുന്ന വാര്‍ത്ത കേട്ടത്.
ഏറ്റുമാനൂരില്‍ അമ്മ രണ്ടു പെണ്‍മക്കളെയും കൊണ്ട് ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
ചിന്നിച്ചിതറിയ നിലയില്‍ മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്.
പാറോലിക്കല്‍ സ്വദേശി ഷൈനി കുരിയാക്കോസ് (42), മക്കളായ അലീന (11), ഇവാന (10) എന്നിവരായിരുന്നു മരിച്ചത്.
തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
ഭര്‍ത്താവ് നോബിയുമായുള്ള പ്രശ്‌നങ്ങളും സാമ്പത്തിക ഞെരുക്കവുമെല്ലാം ആ അമ്മയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു.
ആത്മഹത്യ വിവരം മക്കളോടു പറഞ്ഞിരുന്നു. മൂത്ത മകള്‍ അമ്മയ്‌ക്കൊപ്പം ഒരു പ്രതിഷേധങ്ങളുമില്ലാതെ കൂടെ വന്നു. പ്രതിഷേധിച്ച ഇളയ മകളെ ബലമായി കൂടെ കൂട്ടി.
രണ്ടു പെണ്‍മക്കളെയും കൊണ്ടു ആ അമ്മ നടന്നു പോകുന്ന ദൃശ്യം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
റെയിൽ പാളത്തില്‍ നിന്ന അമ്മയെയും മക്കളെയും കണ്ടു ലോക്കോ പൈലറ്റ് നിര്‍ത്താതെ ഹോണടിച്ചെങ്കിലും അവര്‍ ട്രാക്കില്‍ നിന്ന് മാറിയില്ല.
ഒടുവില്‍ ആ ട്രെയിന്‍ മൂന്നു ജീവനുകളും കവര്‍ന്നെടുത്ത് മുന്നോട്ട് പാഞ്ഞു. ഷൈനിയുടെ മരണം കേരളം ചര്‍ച്ച ചെയ്തു.
ഇതിനിടെ ഏറ്റുമാനൂരില്‍ നിന്നു തന്നെ മറ്റൊരു വാര്‍ത്ത കേട്ടു കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു വീട്ടമ്മ പോലീസിനെ സമീപിച്ചിരുന്നു.
ഭര്‍ത്താവ് ആ വീട്ടമ്മയോട് പറഞ്ഞ വാക്കുകള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
ഷൈനി അന്തസുള്ള പെണ്ണാണ്, അവളെ പോലെ നീയും ആത്മഹത്യ ചെയ്യണമെന്ന്. ആഴ്ചകള്‍ കഴുയും മുന്‍പാണ് ഏറ്റുമാനൂരില്‍ നിന്നു തന്നെ മറ്റൊരു ദുഖവാര്‍ത്തകൂടി പുറത്തു വന്നത്.
അഞ്ചും രണ്ടും വയസുള്ള പെണ്‍മക്കളെയും കൊണ്ട് അഭിഭാഷകയായ യുവതി മീനച്ചിലാറ്റില്‍ ചാടി മരിച്ചു.
ആറ്റില്‍ ചാടുന്നതിനു മുന്‍പു യുവതി വീട്ടില്‍ വെച്ചു കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുകയും പിന്നീട് കൈഞരമ്പു മുറിക്കുകയും ചെയ്തു.
മക്കളെ ഒപ്പം കൂട്ടാന്‍ രണ്ടു മക്കൾക്കും വിഷവും നല്‍കി. ആത്മഹത്യാ ശ്രമം പരാജയപ്പെട്ടതോടെ വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ആറ്റിലേക്ക് മക്കളുമായി സ്‌കൂട്ടര്‍ ഓടിച്ചെത്തി.
ആദ്യം കുട്ടികളെ ആറ്റിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് യുവതിയും ഒപ്പം ചാടി. മൂവരെയും ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നൈരാശ്യബോധത്തിന്റെ ഇരുണ്ട കാര്‍മേഘങ്ങള്‍ ജീവിതത്തെ മൂടുമ്പോഴാണു മിക്കവരും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്.
പ്രശ്‌നം സാമ്പത്തികമോ മാനസികമോ ആകാം. ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, പ്രൊഫഷണലുകള്‍, തൊഴിലില്ലാത്തവര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടിലുള്ള എല്ലാത്തരം വ്യക്തികളും ഉണ്ട്.
ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ചുരുങ്ങിയത് അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തെയെങ്കിലും ബാധിക്കുന്നുവെന്നു കണക്കാക്കാം.
അങ്ങനെയെങ്കില്‍ കുറഞ്ഞത് പത്തു ലക്ഷത്തിലധികം പേര്‍ ആത്മഹത്യയുടെ നേരിട്ടും അല്ലാതെയുമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രതിസന്ധിയുടെ തീവ്രത ഇതു കാണിക്കുന്നു.
കേരളത്തിലെ ആത്മഹത്യാനിരക്ക് കുറയ്ക്കാനാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (യു.എന്‍. എസ്.ഡി.ജി) പരിപാടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2016-ല്‍ പദ്ധതി നടപ്പാക്കിയത്.
എന്നാല്‍, 2016-ല്‍ 21.6 ആയിരുന്നു ആത്മഹത്യാ നിരക്ക്.ഇപ്പോള്‍ കേരളത്തിലെ ശരാശരി നിരക്ക് 28.5 ശതമാനവും.
ആത്മഹത്യാപ്രതിരോധത്തിലും പൊതു മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നുവേണം അനുമാനിക്കാന്‍.
കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം പിന്നിലല്ല. കൂട്ട ആത്മഹത്യയല്ല, കൂട്ടക്കൊലപാതകം തന്നെയാണ് അത്.
കാരണം, ഇതില്‍ ഒരു വ്യക്തി മാത്രമേ ആത്മഹത്യ ചെയ്യുന്നുള്ളൂ.
മറ്റു വ്യക്തികളെ ഒന്നുകില്‍ ആത്മഹത്യ ചെയ്യുന്ന ആള്‍ കൊല്ലുകയോ അല്ലെങ്കില്‍ നിര്‍ബ്ബന്ധിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ ആണ്.
ജീവിതപങ്കാളിയുടേയും കുട്ടികളുടേയും ഭാവിയെക്കുറിച്ചുള്ള ആശങ്കയാവണം ഇത്തരം ആത്മഹത്യകള്‍ക്കു പിന്നില്‍. കഠിനമായ വിഷാദാവസ്ഥകളില്‍ കൊലപാതക പ്രവണത ഉടലെടുത്തേക്കാം.
എങ്കിലും മരണം ജീവിതപ്രയാസങ്ങളില്‍നിന്ന് അവരെ ഒഴിവാക്കുമെന്ന തോന്നലാകണം പിഞ്ചുകുട്ടികളെപ്പോലും വെറുതെവിടാത്തതിനു കാരണം.
നിരപരാധികളായ, ഹതഭാഗ്യരായ കുടുംബാംഗങ്ങള്‍ സ്വന്തം ഇഷ്ടമോ അറിവോ കൂടാതെ മരിക്കേണ്ടി വരുന്നുവെന്നതാണ് നടുക്കുന്ന യാഥാര്‍ഥ്യം.
ഇതില്‍നിന്നും വ്യത്യസ്തമായി കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരം നടക്കുന്ന ആത്മഹത്യകളുമുണ്ട്.