ചങ്ങനാശ്ശേരിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ  മരിച്ച നിലയിൽ. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

മല്ലികയുടെ വലത് തോൾഭാഗത്ത് രക്തം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസിന് സംശയം തോന്നിയത്.

New Update
arrested

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Advertisment

ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക (36) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 


സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് അനീഷിനെയാണ് തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.


ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി മുറിക്കുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് തന്നെയാണ് മല്ലിക മരിച്ചു കിടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

മല്ലികയുടെ വലത് തോൾഭാഗത്ത് രക്തം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസിന് സംശയം തോന്നിയത്. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് അനീഷ് എന്ന് പോലീസ് പറഞ്ഞു. 

ഇത് സംബന്ധിച്ച് മുൻപ് മല്ലിക പോലീസിൽ പരാതിയും നൽകിയിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.