കോട്ടയം: റെയില്‍വേ വികസനത്തിന് ഭമിയേറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രവും കേരളവും പരസ്യപോരിലേക്ക്. അങ്കമാലി- ശബരിപാത, തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, എറണാകുളം- കുമ്പളം സെക്ഷന്റെയും കുമ്പളം -തുറവൂര്‍ സെക്ഷന്റെയും പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളുടെ പേരിലാണ് ഇപ്പോള്‍ കേന്ദ്രവും കേരളവും രണ്ട് തട്ടില്‍ നില്‍ക്കുന്നത്.
റെയില്‍വേ വികസനത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കേരളം പിന്നാക്കം പോവുകയാണെന്ന് കാട്ടി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിക്ക് കത്തയച്ചതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം.
തിരുവനന്തപുരം -കന്യാകുമാരി, എറണാകുളം -കുമ്പളം, കുമ്പളം - തുറവൂര്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് മേയില്‍ ഭൂമി കൈമാറുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് ഓഗസ്റ്റും ഒക്ടോബറുമായി മാറി. ഡിസംബറില്‍ നല്‍കുമെന്നാണ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്.
2018 ലും 2019 ലും റവന്യു സെക്രട്ടറിമാരാണു റെയില്‍വേ പദ്ധതികളുടെ ഭൂമിയേറ്റെടുക്കലിനു മേല്‍നോട്ടം വഹിച്ചിരുന്നത്. അന്ന് എല്ലാ മാസവും ടാര്‍ഗറ്റ് നിശ്ചയിച്ചാണു വകുപ്പ് മുന്നോട്ടു പോയിരുന്നത്. ഇതുതിരികെ കൊണ്ടുവരണമെന്നു റെയില്‍വേ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം -കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് തിരുവനന്തപുരം- പാറശാലവരെ മൊത്തം 41.42 ഹെക്ടറാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ടത്. ഇതില്‍ 34.42 ഹെക്ടറും നല്‍കി. എറണാകുളം കുമ്പളം, കുമ്പളം- തുറവൂര്‍ പാത ഇരട്ടിപ്പിക്കലിനായി 14.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഇതില്‍ ഏഴ് ഹെക്ടറോളം ഭൂമി നല്‍കി.
എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ലെന്നു സര്‍ക്കാരും തിരിച്ചടിക്കുന്നു. സംസ്ഥാന സര്‍ക്കാരും എം.പിയായിരുന്ന എ.എം ആരിഫും ഇതിനായി നിരവധി തവണ റെയില്‍വേയെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നത്.
2019 മുതല്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച അങ്കമാലി- ശബരിപാതയുടെ ഭൂമിയേറ്റെടുക്കലും എങ്ങും എത്തിയിട്ടില്ല. പദ്ധതി നടപ്പാക്കാന്‍ 416 ഹെക്ടര്‍ ഭൂമി വേണം.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് സ്പെഷല്‍ തഹസില്‍ദാര്‍ ഉള്‍പ്പെട്ട രണ്ട് ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. 24.4 ഹെക്ടര്‍ ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറി. പെരുമ്പാവൂര്‍, കൂവപ്പടി, വേങ്ങൂര്‍ വെസ്റ്റ്, അശമന്നൂര്‍, രായമംഗലം, ചേലാമറ്റം വില്ലേജുകളില്‍ 40.40 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് ആവശ്യപ്പെട്ടെങ്കിലും റെയില്‍വേ നല്‍കിയില്ല.
എരമല്ലൂര്‍, മുളവൂര്‍, വെള്ളൂര്‍ക്കുന്നം, മൂവാറ്റുപുഴ, കോതമംഗലം, മഞ്ഞള്ളൂര്‍ വില്ലേജുകളില്‍ 87.23 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കും അധികൃതര്‍ സഹകരിച്ചില്ലെന്നും സർക്കാർ ആരോപിക്കുന്നു. ത്രികക്ഷി കരാര്‍ ഒപ്പിടാതെ പദ്ധതി മരവിപ്പിച്ച തീരുമാനം മാറ്റില്ലെന്ന നിലപാടിലാണ് റെയില്‍വേ.
ഇതിനിടെ അങ്കമാലി- ശബരിപാത നടപ്പാക്കാന്‍ കേന്ദ്രറെയില്‍വേ മന്ത്രി താല്‍പ്പര്യമറിയിച്ചതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കേരളത്തില്‍ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുറഹിമാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും കലക്ടര്‍മാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു.
പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയാല്‍ ഉടന്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു നീക്കം. യോഗത്തില്‍ സംസ്ഥാനത്ത് റെയില്‍വേയുടെ മറ്റു പദ്ധതികള്‍ക്കായി ഏറ്റെടുത്ത ഭൂമിയുടെ സ്ഥിതിയും വിലയിരുത്തി.