/sathyam/media/media_files/2025/05/04/CcKohrqNjPO1FQVX6hm3.jpg)
കോട്ടയം:ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിൻ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇവർ കുളിക്കാനിറങ്ങിയ വിലങ്ങുപാറ കടവിൽ നിന്നും 200 മീറ്റര്‍ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആൽബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായത്.
ഭരണങ്ങാനം അസീസി ഭാഷാ പഠനകേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ പഠിതാക്കളായ അമല്‍ കെ ജോമോന്‍ , ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മീനച്ചിലാറ്റില്‍ കാണാതായത്.
കുളിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ഇവര്‍. പാലാ ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്.
ഇവർക്കായി ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് നിർത്തുകയും കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്ന് ജലനിരപ്പ് കുറച്ച ശേഷം ഇന്ന് രാവിലെ ആറ് മണിയോടെ പുനരാരംഭിക്കുകയുമായിരുന്നു. ഫയർഫോഴ്സും പൊലീസും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് തിരച്ചിൽ നടത്തുന്നത്.