/sathyam/media/media_files/2025/05/16/uCfweKKgvQAbNNlebqBv.jpg)
കോട്ടയം: വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പ് നല്‍കുന്ന നഷ്ട പരിഹാരം വര്‍ധിപ്പിക്കണമെന്ന് ജനം. നഷ്ടപരിഹാര തുക വെട്ടിച്ചുരുക്കാനുള്ള നീക്കത്തില്‍ വനം വകുപ്പ്. വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാകുന്ന കുടുംബാഗങ്ങളില്‍ ഒരാള്‍ക്കു ജോലി നല്‍കാമെന്നുള്ള വാഗ്ദാനങ്ങൾ നല്‍കുമെങ്കിലും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.
2024 മാര്‍ച്ച് 7 നാണു മനുഷ്യ - വന്യ ജീവി സംഘര്‍ഷത്തെ പ്രത്യേക സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കിയത്. ഉത്തരവിനോടനുബന്ധിച്ചു മാനദണ്ഡങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും എസ്.ഒ.പിയും പ്രസിദ്ധീകരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഒരു വര്‍ഷം ഈ ഉത്തരവില്‍ നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ കഴിഞ്ഞ മെയ് 9 നാണു മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവില്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയോര കര്‍ഷകരെയും ആദിവാസികളെയും സാധാരണക്കാരെയും കബളിപ്പിക്കുന്ന ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് ആരോപണം.
ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന പാമ്പ് കടി മരണങ്ങളില്‍ വനം വകുപ്പ് ഇനി മുതല്‍ ഒരു ധനസഹായവും നല്‍കില്ല. പകരം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ നല്‍കി നടപടി അവസാനിപ്പിക്കും.
നഷ്ടപരിഹാരത്തില്‍ വര്‍ധന വരുത്താതെ ഒരു വിഹിതം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കുകയും കേന്ദ്രാവിഷ്‌കൃത ഫണ്ടിന്റെ വിഹിതം പറ്റി നഷ്ടപരിഹാരത്തുക വക മാറ്റി ചെലവഴിക്കാനുള്ള നീക്കമാണു പുതിയ ഉത്തരവിലൂടെ വനംവകുപ്പ് പ്രയോഗിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
നഷ്ട പരിഹാര തുകയിൽ വനം വകുപ്പ് വിഹിതം വെട്ടിക്കുറക്കാനുള്ള ഉത്തരവില്‍ നിന്നും വനം വകുപ്പ് പിന്മാറണമെന്നും
വനം വകുപ്പ് വിഹിതത്തോടൊപ്പം ദുരന്ത നിവാരണ ഫണ്ട് കൂടി ചേര്‍ത്ത് കൊണ്ടുള്ള പരിഷ്‌കരിച്ച തുക നൽകണമെന്നുള്ള ആവശ്യമാണ് ഉയരുന്നത്.