വന്യമൃഗങ്ങളെ വേട്ടയാടാന്‍ കേന്ദ്ര അനുമതി തേടിയെന്ന് മുഖ്യമന്ത്രി. ആശയക്കുഴപ്പത്തില്‍ വനം വകുപ്പ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കി രാഷ്ട്രം സംരക്ഷിക്കുന്ന മൃഗങ്ങളെ നായാടാനാവുമോയെന്ന് ചോദ്യം

കട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ ഇന്നു കേരളത്തില്‍ സ്ഥിരം പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. 

New Update
wild animals

കോട്ടയം: മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ കേന്ദ്ര അനുമതി തേടി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, വനം വകുപ്പില്‍ ആശയക്കുഴപ്പം.

Advertisment

എന്താണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്. മനുഷ്യരെ ആക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്ന വന്യമൃഗങ്ങളെ വേട്ടയാടുക എന്നാണോ  കാട്ടുപന്നി പോലെ എണ്ണം പെരുകുന്ന മൃഗങ്ങളെ നിയന്ത്രിതമായി കൊല്ലുക എന്നതാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്.


ഇതിനുത്തരം കിട്ടാതെ വലയുകയാണ് വനം വകുപ്പും പരിസ്ഥിതി വിദഗ്ധരും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കി രാഷ്ട്രം  സംരക്ഷിക്കുന്ന മൃഗങ്ങളെ നായാടാനാവുമോ എന്നാണ് വനം വകുപ്പുള്‍പ്പെടെ ചോദിക്കുന്നത്. 


സര്‍ക്കാര്‍ തലത്തില്‍ ആശയക്കുഴപ്പം ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പ്രസ്താവന മലയോര ജനതയ്ക്കു പുതിയ പ്രതീക്ഷ നല്‍കുന്നതാണ്.

കഴിഞ്ഞ അഞ്ചു  വര്‍ഷങ്ങള്‍ക്കിടെ കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ മാത്രം 104 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

ആനയെയും കടുവയെയും വേട്ടയാടാന്‍ നിലവിലെ കേന്ദ്ര  നിയമം അനുവദിക്കാത്തതിനാല്‍ സമാന്തര വഴിതേടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. കേരളത്തിനു സ്വന്തമായി വന്യജീവി നിയമം സാധ്യമാണോ എന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയുമാണ്.


വന്യമൃഗങ്ങള്‍ കൂടുന്നതിന് നായാട്ടാണ് പ്രതിവിധിയെന്നും ഇതിന് നിയമസാധുത ഇല്ലാത്തതിനാലാണ് കേന്ദ്രത്തെ സമീപിച്ചതെന്നുമാണ് വിശദീകരണം. കേരളത്തിനു മാത്രമായി  ഒരു വന്യമൃഗ സംരക്ഷണ നിയമം ഉണ്ടാക്കാനാവുമോ എന്ന് സര്‍ക്കാര്‍ എജിയോട് അഭിപ്രായം തേടിയിരുന്നു.


കേരളത്തില്‍ മനുഷ്യരുമായി സംഘര്‍ഷത്തില്‍ വരുന്ന മൃഗങ്ങളില്‍ ആനയും കടുവയുമുണ്ട്.  അതീവ സംരക്ഷിത ഇനത്തില്‍പെട്ട ഇവയെ വേട്ടയാടാന്‍ സര്‍ക്കാരിന് അനുമതി ചോദിക്കാനാവുമോ എന്നാണ് ഉയർന്നു വരുന്ന ചോദ്യം.

എണ്ണം കൂടിയതിന്റെ പേരില്‍ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാം. അതേ സമയം പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കി രാഷ്ട്രം  സംരക്ഷിക്കുന്ന മൃഗങ്ങളെ നായാടാനാവുമോ എന്നാണ് വനം വകുപ്പുള്‍പ്പെടെ ചോദിക്കുന്നത്.

മാത്രമല്ല കടുവ ദേശീയ മൃഗവുമാണ്. മാത്രമല്ല ഇത് രാജ്യാന്തര തലത്തില്‍ കടുത്ത എതിര്‍പ്പ് വിളിച്ച് വരുത്തുകയും ചെയ്യും.


അതേ സമയം കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കാന്‍ സാധ്യത ഇല്ലെന്നു തന്നെ പറയാം. അപ്പോഴും മലയോര ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ലാത്ത അവസ്ഥയുണ്ടാകും.


കട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ ഇന്നു കേരളത്തില്‍ സ്ഥിരം പ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. 

വര്‍ധിച്ചു വരുന്ന വന്യജീവി സംഘര്‍ഷം സാധാരണ മനുഷ്യര്‍ക്കും അവരുടെ കൃഷിയിടങ്ങള്‍ക്കും ജീവനോപാധികള്‍ക്കും മുമ്പെങ്ങുമില്ലാത്തവിധം വന്‍ഭീഷണിയാണു സൃഷ്ടിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കര്‍ഷകരൊക്കെ പേടിച്ചാണു കഴിയുന്നത്. 

അതിരാവിലെ റബര്‍ വെട്ടാന്‍ പോകുന്നവരും പുല്ല് ചെത്താന്‍ പോകുന്നവരുമൊക്കെ ഭീതിയില്‍തന്നെ. നാട്ടില്‍ പെറ്റുപെരുകുന്ന കാട്ടുപന്നിയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ വേറെ. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോരപ്രദേശങ്ങളിലുമാണു സംഘര്‍ഷം കൂടുതല്‍.