കോട്ടയം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 101 പേരാണു പോക്‌സോ കേസുകളില്‍ പ്രതികളായത്. ഇതില്‍ 88 പേര്‍ അധ്യാപകരും 13 പേര്‍ അനധ്യാപകരുമാണ്.
പോക്‌സോ കേസില്‍ പ്രതികളായ ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും 7 അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു.
ഇതില്‍ 2024- 25 അക്കാദമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നു രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്നു രണ്ടു അധ്യാപകരുമാണുള്ളത്. മുന്‍ വര്‍ഷത്തെക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
നമ്മുടെ മക്കളെ ഉപദ്രവിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കുട്ടികള്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, എത്ര നടപടികള്‍ ഉണ്ടായിട്ടും ചെറിയൊരു വിഭാഗം ഇത്തരം ക്രൂരതകളില്‍ നിന്നു പിന്മാറാന്‍ തയാറല്ല എന്നാണ് 101 കേസുകള്‍ ചുണ്ടിക്കാട്ടുന്നത്.
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.
ഈ വര്‍ഷം മാര്‍ച്ച് മാസം വരെ കുട്ടികള്‍ക്കെതിയായ അതിരകങ്ങളില്‍ 1352 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പോക്‌സോ ആക്ട് സെക്ഷന്‍ 4, 6 പ്രകാരം 551 കേസുകളും രാജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 2161 കേസുകളായിരുന്നു.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. വീടുകളിലും വിദ്യാലയങ്ങളിലും ട്രെയിനിലും വരെ കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നു ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വന്തം പിതാവ് മുതല്‍ അധ്യാപകര്‍ വരെ കുട്ടികളെ പീഡനത്തിന് ഇരയാക്കിയ നിരവധി കേസുകള്‍ കഴിഞ്ഞ വര്‍ഷവും ചെയ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവും ലഹരി മരുന്നുകളും നല്‍കി കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന കേസുകളും സംസ്ഥാനത്ത് വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയാകാതെയിരിക്കാനുള്ള മുന്‍കരുതലുകള്‍ കൂടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യാണ് ഉയരുന്നത്.