പ്ലസ് വണ്‍ പ്രവേശനം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ഇത്തവണയും പരിഹാരമില്ല. കാര്‍ത്തികേയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യം

കുട്ടികളില്ലാത്ത 39 ബാച്ചുകൾ സീറ്റ് കുറവുള്ള പ്രദേശങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ടാണിത്.

New Update
plusone111

കോട്ടയം: പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ ആരംഭിക്കുമെന്നിരിക്കെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഇത്തവണയും പരിഹാരമില്ല. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കാതെ സർക്കാർ.

Advertisment

ഇക്കുറി ആദ്യ ഘട്ട അലോട്ട്‌മെന്റിൽ മലബാർ ജില്ലകളിൽ നിന്ന് പുറത്തായത് പുറത്തായത് 120606 വിദ്യാർഥികളാണ്. ഒഴിവ് വരുന്ന സീറ്റുകൾ നികത്തിയാലും 76470 വിദ്യാർഥികൾക്ക് തുടർപഠനം നിഷേധിക്കപ്പെടും.

താൽക്കാലിക ബാച്ചുകൾ, ആനുപാതിക വർധനവ് തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ല. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് അധ്യാപക വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു.


പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 18 ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറികളാക്കുകയും ഹയർസെക്കൻഡറികളിൽ 222 താൽക്കാലിക ബാച്ചുകൾ അനുവദിക്കുകയും ചെയ്യണമെന്നാണ് പ്രഫ.വി. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ.


 

കുട്ടികളില്ലാത്ത 39 ബാച്ചുകൾ സീറ്റ് കുറവുള്ള പ്രദേശങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ടാണിത്.

സർക്കാർ സ്‌കൂളുകളിൽ 96ഉം എയ്ഡഡ് സ്‌കൂളുകളിൽ 126ഉം താൽക്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് ശിപാർശ. ഇതിൽ 120 ബാച്ചുകൾ മലപ്പുറം ജില്ലയിലും 43 ബാച്ചുകൾ കോഴിക്കോട്ടും അനുവദിക്കണമെന്നാണ് ശിപാർശ.

പുറമെ, മലപ്പുറം ജില്ലയിലെ നാലും പാലക്കാട് ജില്ലയിലെ ആറും കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ടും കാസർകോട്ടെ മൂന്നും സർക്കാർ ഹൈസ്‌കൂളുകളിൽ മൊത്തം 37 ബാച്ചുകൾ അനുവദിച്ച് താൽക്കാലിക ഹയർസെക്കൻഡറിയാക്കി ഉയർത്താനും ശിപാർശ ചെയ്തിട്ടുണ്ട്.


റിപ്പോർട്ട് നടപ്പാക്കിയാൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകും. എന്നാൽ, സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ റിപ്പോർട്ട് നടപ്പാക്കാൻ തയാറയല്ല. കുട്ടികൾക്ക് സീറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ അവകാശാവാദം.


അതേസമയം, സംസ്ഥാനത്തെ ഈ അധ്യാന വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് രാവിലെ 10 മണി മുതൽ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം. പത്താം ക്ലാസ് യോഗ്യത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായാണ് പ്രവേശനത്തിന് എത്തേണ്ടത്.

അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ സ്ഥിരം പ്രവേശനമൊ, താൽക്കാലിക പ്രവേശനമോ നേടണം. താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടയ്‌ക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 10നും മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് 16 നും പ്രസിദ്ധീകരിക്കും. 18നാണ് ഈ അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.