കോട്ടയം: തലമുടി മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രങ്ങൾ ദേശീയ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ആവശ്യം.
യോഗ്യതയില്ലാത്തവര്‍ ചികിത്സ നടത്തുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്.
മുടി മാറ്റിവെക്കലും മറ്റും നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ കൂണുപോലെ മുളയ്ക്കുകയാണ്. ഇവർ തെരുവിൽ ഇറങ്ങി ആളുകളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുന്നുണ്ട്. വണ്ണം ഉള്ളവർക്ക് കൊഴുപ്പു കുറഞ്ഞ ചെലവിൽ നീക്കാം, മുടി കുറഞ്ഞവർക്ക് ഹെയർ ട്രാൻസ്പ്ലാൻ്റ് ഓഫറുകളും ഇക്കൂർ നൽകുന്നു.
പലപ്പോഴും കോസ്മറ്റോളജി രംഗത്തെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലേറെയാണ്. വ്യക്തമായ നിരക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. പാക്കേജ് തയാറാക്കിയാണ് ചികിത്സ. തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെ ആശ്രയിച്ചാണ് ഇത്.
ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നിലവാരം, ചികിത്സയുടെ ദൈര്‍ഘ്യം എന്നിവ അനുസരിച്ച് തുക വര്‍ധിക്കും എന്നു ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഒരു ലക്ഷം രൂപ നിരക്കുള്ള ഇന്‍ജക്ഷന്‍ 10,000 രൂപയ്ക്കു വരെ ഇക്കൂട്ടർ വാഗ്ദാനം ചെയ്യും.
അതേസമയം, അത്യാധുനിക യന്ത്രങ്ങളുടെ പരിമിതി ഉണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലും കോസ്മറ്റോളജി ചികിത്സ ലഭ്യമാണ്. ചെലവ് കുറവാണെങ്കിലും പലപ്പോഴും 6 മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നതിനാല്‍ ആളുകള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
മുടിമാറ്റിവെക്കല്‍ യോഗ്യരായ വിദഗ്ധരുടെയും സര്‍ജന്മാരുടെയും മേല്‍നോട്ടത്തില്‍ത്തന്നെ വേണമെന്നാണ് ചട്ടം. എന്നാൽ, മിക്ക സ്ഥാപനങ്ങളും ഇതു പാലിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നുണ്ടെങ്കിലും ആര്യോഗ്യ വകുപ്പ് ഇതുവരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല.
കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ കുറച്ചു അധികം മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇത്തരം ചികിത്സകള്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായം ഉറപ്പാക്കണം.
ഓരോരുത്തരുടെയും ശരീരത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞാകണം ഇത്തരം ചികിത്സാ രീതികളിലേക്കു കടക്കേണ്ടത്. മികച്ച ചികിത്സകര്‍ ഇല്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാകും.
ഇതാണ് ഇപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്. ടെക്കിയായ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നതും യുവാവിൻ്റെ തലയിൽ കുഴിവുണ്ടായതുമെല്ലാം ചികിത്സാ പിഴവിൻ്റെ ഉദാഹരണങ്ങളാണ്.
ഇത്തരം സ്ഥാപനങ്ങളില്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേരിന് എന്തെങ്കിലും നപടിയെടുത്തു വരുത്തുക മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്.
ഉപയോഗിച്ചാല്‍ 10 ദിവസം കൊണ്ട് റിസല്‍റ്റ് വാഗ്ദാനം ചെയുന്ന സായിപ്പിനെ പോലെ വെളുക്കാനുള്ള ക്രീമുകള്‍ പോലും ഇന്നു വിപണിയില്‍ ലഭ്യമാണ്.
വൃക്കരോഗങ്ങള്‍ക്കും കാന്‍സിറു പോലും കാരണമാകുന്ന ഇത്തരം ക്രീമുകളുടെ വിപണനം തടയാൻ പോലും ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ലെന്നുള്ളതാണ് വസ്തുത.