കോട്ടയം: സംസ്ഥാനത്തെ പുരപ്പുറ സോളാര്‍ പദ്ധതി ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ കെ.എസ്.ഇ.ബി. തായാറെടുക്കുന്നു. 'റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് റിലേറ്റഡ് മാറ്റേഴ്‌സ്' റഗുലേഷന്‍സില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം.
നെറ്റ് മീറ്റര്‍ സംവിധാനം മാറ്റാനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്. പകരം ഉപഭോക്താക്കളില്‍ നിന്നു അമിത തുക ഈടാക്കാന്‍ വഴിയൊരുക്കുന്ന ഗ്രോസ് മീറ്റര്‍ സംവിധാനം നടപ്പാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
നെറ്റ്മീറ്ററിന് വ്യാപക കംപ്ലയിന്റ് ഉണ്ടെന്ന് കൂടി വരുത്തി തീര്‍ത്താല്‍ ഗ്രോസ് മീറ്ററിലേക്കുള്ള മാറ്റം വലിയ പ്രതിഷേധങ്ങള്‍ ഇല്ലാതെ മറികടക്കാന്‍ സാധിക്കും.
ഗ്രിഡില്‍ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നിന്ന് പകല്‍ സമയം സോളാറിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് കിഴിച്ച് ശേഷിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് നെറ്റ് മീറ്റര്‍. സോളാര്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുമാണ്.
പകരം ഗ്രോസ് മീറ്ററിലേക്ക് മാറുന്നതോടെ ഗ്രിഡില്‍ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് അമിത നിരക്ക് നല്‍കേണ്ടിവരും. ഗ്രിഡിലേക്ക് നല്‍കുന്ന സോളാറിന് താരതമ്യേന നിസാരവിലയേ കിട്ടുകയുള്ളൂ. അതോടെ സോളാര്‍ പ്‌ളാന്റ് സ്ഥാപിക്കുന്നതിന്റെ ലാഭം ഇല്ലാതാകും. കൂടുതല്‍ പേര്‍ സോളാറിലേക്കു മാറുന്നതും അവസാനിക്കും.
മാറ്റം നടപ്പാക്കാന്‍ പുതിയ റെഗുലേഷന്‍സ് നിലവില്‍ വരുന്നതോടെ മൂന്ന് കിലോവാട്ടില്‍ കൂടുതല്‍ സോളാര്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് നെറ്റ് മീറ്റര്‍ ഉപയോഗിക്കാനാവില്ല. പകല്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ച് വെയ്ക്കാന്‍ പണം മുടക്കി ബാറ്ററി വാങ്ങിവെച്ചാല്‍ അഞ്ച് കിലോവാട്ട് വരെ സോളാര്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്കും നെറ്റ് മീറ്റര്‍ വെയ്ക്കാം.
പകല്‍ ഉല്‍പാദിപ്പിച്ച് ഗ്രിഡിലേക്ക് നല്‍കുന്ന സോളാര്‍ വൈദ്യുതിയുടെ 66% മാത്രമേ വൈകിട്ട് ആറുമുതല്‍ രാത്രി 11.30വരെയുള്ള സമയത്ത് ഗ്രിഡില്‍ നിന്ന് എടുക്കാന്‍ പാടുള്ളുവെന്ന പുതിയ വ്യവസ്ഥയും നടപ്പാക്കും.
ഇത് പരിഹരിക്കാന്‍ സോളാര്‍ പ്‌ളാന്റിനൊപ്പം ബാറ്ററിയും സ്ഥാപിക്കണമെന്നതാണ് നിര്‍ദ്ദേശം. ഇതിനു ചെലവ് കൂടുതാലാണ്. നിക്ഷിപ്ത താല്പര്യങ്ങള്‍ മുന്‍നിറുത്തി സോളാര്‍ പദ്ധതികളെ തളര്‍ത്താനാണ് കെ.എസ്.ഇ.ബിയുടെ ഇപ്പോഴത്തെ നീക്കമെന്നാണ് ആക്ഷേപം.