കോട്ടയം: 'യുവാക്കള്‍ കുഴിമന്തിയും പെപ്പ്‌സിയും കഴിച്ചു മൊബൈലും കുത്തിപ്പിടിച്ചിരിക്കുകയല്ലേ' കുറച്ചു നാളുകള്‍ക്കു മുന്‍പു പി.വി അന്‍വര്‍ പറഞ്ഞ വാക്കുകളാണിത്. അംഗന്‍വാടിയിലെ മെനു പരിഷ്‌ക്കാരമാണ് ഇന്നു കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒന്ന്. മുട്ട ബിരിയാണിയും പുലാവും മെനുവില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിഷ്‌കാരം.
എന്നാല്‍, ബിരിയാണി സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ ആരോഗ്യകരമായ ഭക്ഷണശീലമാണ് വളര്‍ത്തിക്കൊണ്ടുവരേണ്ടതെന്നും നിര്‍ദേശിക്കുന്നു.
എന്നാല്‍, കേരളം ജീവിതശൈലി രോഗങ്ങളാല്‍ വലയുകയാണെന്നും സ്ഥിരമായി ബിരിയാണിയും പൊരിച്ച കോഴിയും കഴിക്കുന്നത് യുവാക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ കുഴിമന്ത്രി പ്രിയരായ നിരവധി യുവാക്കളാണുള്ളത്. കുഴിമന്തിയും പെപ്സിയുമാണ് ഇക്കൂട്ടരുടെ പ്രിയ ഭക്ഷണം. ദിവസവും മന്തി കഴിക്കുന്നവര്‍പോലും ഉണ്ട്.
എന്നാൽ, കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചുള്ള കായികമായ അധ്വാനവും ഇന്നു മലയാളികള്‍ക്ക് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. യുവാക്കള്‍ കഠിനാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ മടിക്കുന്നവരാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ കാലഘട്ടത്തില്‍ ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്‌കാരമോ വ്യായാമ സംസ്‌കാരമോ അതിനുള്ള സംവിധാനങ്ങളോ കേരളത്തില്‍ ഉണ്ടായില്ല.
ജീവിതശൈലീരോഗങ്ങള്‍ വളരെ കൂടി. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഓരോ ഡയാലിസിസ് യൂണിറ്റ് വേണമെന്ന സ്ഥിതിയായി. കേരളത്തിലെ ജനങ്ങളില്‍ നാല്പത്തി അഞ്ചു ശതമാനത്തിനും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
ഈ സാഹചര്യം നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരും ആശുപത്രികളും അല്ല, ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായ വ്യായാമവുമാണ് വേണ്ടത്. അത് ചെറുപ്പ കാലത്ത് തന്നെ തുടങ്ങണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം, വ്യായാമത്തിനുള്ള സംവിധാനങ്ങള്‍ ഓരോ വാര്‍ഡിലും ഉണ്ടാക്കണം.
ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ മാത്രം വിഷയമല്ല. നമ്മുടെ ഓരോ വീട്ടിലും ഓരോ നേരത്തും എങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കുന്നത് എന്നതിനെ കൂടി അനുസരിച്ചിരിക്കും നമ്മുടെ ഭാവി ആരോഗ്യം.