തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും ട്രോളിങ് നിരോധനം വരുന്നു. മീന്‍ കിട്ടാനില്ലെന്ന് വ്യാപാരികള്‍, മീന്‍ വില കുതിക്കുന്നു. ചെറു മീനുകള്‍ക്കുപോലും വലിയ വില

കടലിലെ രാസമാലിന്യ ഭീഷണികാരണം കേരളത്തില്‍ നിന്നുള്ള മീന്‍ വാങ്ങാന്‍ ഇപ്പോഴും ആളുകള്‍ തയാറല്ല. തമിഴ്‌നാട് ഭാഗത്തു നിന്നു കൊണ്ടുവരുന്ന മീന്‍ വാങ്ങാനാണ് ആളുകള്‍ക്കു താല്‍പര്യം.

New Update
images(74)

കോട്ടയം: തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും ട്രോളിങ് നിരോധനം വരുന്നു. വരാനിരിക്കുന്നത് സമീപകാലത്തെ ഏറ്റവും ക്ഷാമ കാലം. മീന്‍വില കുതിച്ചു കയറുന്നു. 

Advertisment

കടലിലെ രാസമാലിന്യ ഭീഷണികാരണം കേരളത്തില്‍ നിന്നുള്ള മീന്‍ വാങ്ങാന്‍ ഇപ്പോഴും ആളുകള്‍ തയാറല്ല. തമിഴ്‌നാട് ഭാഗത്തു നിന്നു കൊണ്ടുവരുന്ന മീന്‍ വാങ്ങാനാണ് ആളുകള്‍ക്കു താല്‍പര്യം. 


തമിഴ്നാട്ടില്‍ നേരത്തെ ആരംഭിച്ച ട്രോളിങ് നിരോധനത്തിന്റെ പേരിലാണു വലിയ മത്സ്യങ്ങളുടെ വില ഉയര്‍ന്നത്.


പിന്നാലെ,കാലവര്‍ഷം സജീവമായതോടെ കേരള തീരത്തു നിന്നു കടലില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞതും ചെറിയ മീനുകളുടെ വിലയും വര്‍ധിക്കാന്‍ കാരണമായി. 

കണ്ടെയ്നര്‍ അപകടത്തെത്തുടര്‍ന്നുള്ള ഭീതിയെത്തുടര്‍ന്നു മത്സ്യത്തൊഴിലാളികള്‍ മാറി നിന്നതും മത്സ്യ ക്ഷാമത്തിനു കാരണമാണ്. ട്രോളിങ്ങ് നിരോധനം ആരംഭിക്കുന്നതോടെ മീന്‍ വിപണിയില്‍ കടുത്ത ക്ഷാമം അനുഭവപ്പെടുകയും വില വീണ്ടും കുതിയ്ക്കുകയും ചെയ്യുമെന്നു വ്യാപാരികള്‍ പറയുന്നു.


ചെറുമീനുകള്‍ക്കും വലിയ  മീനുകള്‍ക്കും ഒരു പോലെ വില ഉയരുകയാണ്. 


220 രൂപ വിലയുള്ള ഒഴുകലാണു കടല്‍ മീനില്‍ ഏറ്റവും വില കുറഞ്ഞത്. മത്തി -260, അയല -340, കിളി -320, മുരശ് -300,ചൂര -340, തോപാരവറ്റ -340, മങ്കട -240, തിരിയാന്‍ -260 എന്നിങ്ങനെ പോകുന്നു വില. 

ചെമ്മീന്‍ വില -450-500 രൂപയാണ്. വലിയ മീനുകള്‍ പലതിന്റെയും വില ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചു. കേര -560-600, തള -600-620, മോത -620, കാളാഞ്ചി വില ആയിരത്തിനടുത്തും നെയ്മീന്‍ വില ആയിരത്തിനു  മുകളിലുമാണ്. വിള, വറ്റ, കാളാഞ്ചി പോലുള്ള മീന്‍ പലതും കിട്ടാനുമില്ലെന്നു വ്യാപാരികള്‍ പറയുന്നു.


കപ്പല്‍ അപകടത്തെത്തുടര്‍ന്നുള്ള രാസമാലിന്യ ഭീഷണി കായല്‍, വളര്‍ത്തു  മീനുകളുടെ വിലയും താഴാതെ നില്‍ക്കാന്‍ കാരണമാകുന്നു. 


പലരും കടല്‍ മീന്‍ ഉപേക്ഷിച്ച് കായല്‍ മീനിലേക്കു തിരിയുന്നതാണു കാരണം. തിലാപ്പിയ -180, റോഗ് -260, വാള -220-250, മുരശ് 350-400, കരിമീന്‍ വലിപ്പമനുസരിച്ച് 600 രൂപ വരെ എന്നിങ്ങനെ പോകുന്നു വില. കാരി, വരാല്‍ എന്നിവയുടെ വില 300 രൂപയ്ക്കു മുകളിലാണു പലയിടങ്ങളിലും.