കോട്ടയം: കോബ്രയല്ലെടാ കിങ് കോബ്ര, നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു സിനിമയിലെ ഏറെ ചരിപ്പിച്ച രംഗങ്ങളിൽ ഒന്നായിരുന്നു വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് നഷ്ടപ്പെടുന്നത്.
എന്നാൽ, ഇനി അത്തരം സീനുകൾ സിനിമകളിൽ എഴുതിച്ചേർക്കുമ്പോൾ രണ്ടാമതെന്ന് ആലോചിക്കേണ്ടി വരും. കേരളാ പോലീസ് ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
ജി.പി.എസ് സംവിധാനം സെറ്റുകളിലുണ്ട്. ഇവ പോലീസ് കൺട്രോൾ റൂമിലും പോലീസ് സ്റ്റേഷനുകളിലും ജീപ്പിലും ഉപയോഗിക്കും.
പോലീസ് ഉദ്യോഗസ്ഥരുടെ കൈയിൽനിന്നു വയർലെസ് സെറ്റുകൾ നഷ്ടമായാൽ അത് ദുരുപയോഗം ചെയ്യുന്നതു തടയാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
അനലോഗ് കമ്യൂണിക്കേഷൻ പൂർണമായും ഒഴിവാക്കി ഡിജിറ്റൽ കമ്യൂണിക്കേഷൻ സംവിധാനത്തിലേക്കു മാറാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഇതിനു ചുവടുപിടിച്ചാണ് സംസ്ഥാന പോലീസ് സേനയും മാറുന്നത്.
നിലവിലുള്ള അനലോഗ് സംവിധാനത്തിൽ നിന്നു ഡിജിറ്റലിലേക്ക് മാറുകയാണു ടെലികമ്യൂണിക്കേഷൻ.
ക്രമസമാധാനപാലനത്തിനിടയിലോ മറ്റ് അടിയന്തരഘട്ടങ്ങളിലോ സന്ദേശം കൈമാറണമെങ്കിൽ പ്രശ്‌നബാധിത സ്ഥലത്തെ ഫോട്ടോസഹിതം കൺട്രോൾ റൂമിലേക്കു കൈമാറാൻപോലും ഡിഎംആർ ടയർ രണ്ട് എന്ന സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ഇത് സന്ദേശം കൈമാറലിന് കൂടുതൽ വ്യക്തത വരുത്തും. ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം അതിവേഗ തീരുമാനം എടുക്കാൻ ഇതിലൂടെ കഴിയും. വൈകാതെ എല്ലാ ജില്ലകളിലും പുതിയ സംവിധാനം കൊണ്ടുവരം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം എന്നീ പോലീസ് ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഡിഎംആർ ടയർ രണ്ട് എന്ന സാങ്കേതികവിദ്യയുള്ള കമ്യൂണിക്കേഷൻ സംവിധാനം ഉടൻ നിലവിൽ വരും.
തിരുവനന്തപുരത്തെ ചില പോലീസ് സ്റ്റേഷനുകളിലും എറണാകുളം സിറ്റി പോലീസിലെ ട്രാഫിക് വെസ്റ്റ്, ഈസ്റ്റ് ട്രാഫിക് സ്റ്റേഷനുകളിലും ഡിജിറ്റൽ ഹാൻഡ് സെറ്റുകൾ ഉപയോഗിക്കുന്നുണ്ട്.
ഡിജിറ്റൽ ഹാൻഡ് സെറ്റുകൾക്ക് ഭാരക്കുറവുണ്ട്. ലഭിക്കുന്ന ശബ്ദത്തിന്റെ വ്യക്തത, ഡിസ്പ്ലേയുള്ള ടച്ച് സ്‌ക്രീൻ, ഫ്രീക്വൻസി കൂടുതൽ, ദീർഘകാലം നിൽക്കുന്ന ബാറ്ററി എന്നിവയെല്ലാം പ്രത്യേകതയാണ്. ക്രമസമാധാനപാലനത്തിനും ഗതാഗത സംവിധാനവും മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിയും.