കോട്ടയം: റേറ്റിങ്ങ് യുദ്ധം മുറുകുന്നതിനിടെ ഒരു ചാനൽ വിട്ട് മറുചാനലിലേക്ക് ചാടിയവരുടെ കൂടുമാറ്റം ഈയാഴ്ചയോടെ പ്രാബല്യത്തിലാകും.റിപോർട്ടർ ടിവി ഡിജിറ്റൽ ഹെഡ് ആയിരിക്കെ കൺസൾട്ടിങ്ങ് എഡിറ്ററായി ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാറിയ ഉണ്ണി ബാലകൃഷ്ണൻ ഈയാഴ്ച ചുമതലയേറ്റെടുക്കും.
റിപോർട്ടറിൽ നിന്ന് ഇറങ്ങിയ ശേഷം കുടുംബ സമേതമുളള യാത്രകളിലായിരുന്ന ഉണ്ണി ബാലകൃഷ്ണൻ ഈമാസം 12നകം ചുമതലയേൽക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ ഫലം വരുന്നതിന് മുൻപേ ചുമതലയേൽക്കുന്ന ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിൻെറ നഷ്ടപ്രതാപം വീണ്ടെടുക്കാനുളള നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
ഉണ്ണി ബാലകൃഷ്ണൻ രാജിവെച്ച ഒഴിവിൽ റിപോർട്ടറിലേക്ക് എത്തുന്ന ന്യൂസ് 18 കേരളത്തിൻെറ സീനിയർ അസോസിയേറ്റ് എഡിറ്റർ ജിമ്മി ജെയിംസും ഈയാഴ്ച ചുമതലയേറ്റെടുക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് ചുമതലയേറ്റെടുക്കും.
ഉണ്ണി ബാലകൃഷ്ണൻ വഹിച്ചിരുന്ന ഡിജിറ്റൽ ഹെഡ് പദവിയിലാണ് റിപോർട്ടറിൽ ജിമ്മി ജെയിംസിൻെറ നിയമനം.എന്നാൽ മാതൃഭൂമി ന്യൂസിൽ നിന്ന് റിപോർട്ടറിലേക്ക് വരാനിരുന്ന അഭിലാഷ് മോഹനൻ അവസാന നിമിഷം തീരുമാനം മാറ്റിയതായാണ് സൂചന.
മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് റിപോർട്ടർ ടിവിയിൽ ചേരാനുളള തീരുമാനത്തിൽ നിന്ന് അഭിലാഷ് മോഹനൻ പിന്മാറിയതെന്ന് പറയുന്നു.
ചാനൽ വിടാൻ ഒരുങ്ങുന്നത് അറിഞ്ഞ് അഭിലാഷ് മോഹനനെ, ശ്രേയാംസ് കുമാർ കോഴിക്കോട്ടേക്ക് വിളിപ്പിച്ച് കാണുകയായിരുന്നു. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് അഭിലാഷ് മോഹനനെ പിടിച്ചുനിർത്തിയതെന്നാണ് സൂചന.
റിപോർട്ടറിൽ പോയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും ശ്രേയാംസ് കുമാർ അഭിലാഷിനെ ഉപദേശിച്ചതായും സൂചനയുണ്ട്.
അഭിലാഷ് മോഹനൻ പിന്മാറിയ സാഹചര്യത്തിൽ റിപോർട്ടർ ടിവിക്ക് ഇനി പുതിയ ആളെ കണ്ടെത്തണം. അതേസമയം അഭിലാഷ് മോഹനൻ വരില്ലെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് റിപോർട്ടർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
3 ലക്ഷം രൂപ ശമ്പളവും ആനുകൂല്യങ്ങളും അടങ്ങുന്ന ഓഫർ നൽകാൻ മാതൃഭൂമിക്ക് കഴിയില്ലെന്നും റിപോർട്ടർ മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
റേറ്റിങ്ങ് യുദ്ധത്തിൽ ചാനൽ സ്ക്രീനിൻെറ കെട്ടും മട്ടും ഗ്രാഫിക്സും വർണ വിന്യാസവും പ്രധാന ഘടകമായ സാഹചര്യത്തിൽ അടിമുടി മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് മനോരമ ന്യൂസ്.
സ്ക്രിനിലെ വർണ വിന്യാസത്തിലും അക്ഷര ശൈലിയിലും ഗ്രാഫിക്സിലും മാറ്റം വരുത്തികൊണ്ട് പുതിയ ലുക്കിലാണ് തിങ്കളാഴ്ച മുതൽ മനോരമ ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ രൂപകല്പന അത്ര ഏശിയിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മാത്രമല്ല, നിലവിലുണ്ടായിരുന്ന ലുക്ക് പോലും ഇല്ലാതായെന്ന് കമന്‍റ് ചെയ്യുന്നവരും ധാരാളമാണ്.
19 കൊല്ലം മുൻപ് ആരംഭിച്ച മനോരമ ന്യൂസ് , ചാനൽ തുടങ്ങിയ ശേഷം സാങ്കേതിക തലത്തിലോ എഡിറ്റോറിയൽ ഉളളടക്കത്തിലോ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പഴകിയ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും മാറ്റാതെ പിടിച്ചുനിന്നിരുന്ന മനോരമ, ചാനൽ രംഗത്തെ മത്സരം മുറുകിയതോടെയാണ് മുതൽമുടക്കിന് നിർബന്ധിതമായത്.
ഗ്രാഫിക്സും സ്ക്രീൻ വിന്യാസവും മാറിയെങ്കിലും പരമ്പരാഗത ശൈലിയിലുളള വാർത്താ അവതരണ രീതി കൂടി മാറാതെ പുതിയ കാലത്തെ മത്സരത്തെ അതിജീവിക്കാൻ പത്രമുത്തശിയുടെ കുടുംബത്തിലെ ചാനൽകുഞ്ഞായ മനോരമ ന്യൂസിന് കഴിയണമെന്നില്ല.
മാധ്യമ ധാർമികതയെ കുറിച്ച് സെമിനാറുകളിലും വേദികളിലും പ്രസംഗിക്കുകയും ക്ളാസെടുക്കുകയും ചെയ്തിട്ട് പണം മാത്രം നോക്കി നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുന്ന ചാനലിലേക്ക് മാറുന്നത് തൻെറ പ്രതിഛായയെ ബാധിക്കുമോയെന്ന ആശങ്കയും അഭിലാഷിനെ പിൻവലിയുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്.
നേരത്തെ സി.പി.എം ഇടപെടലിൽ ഭാര്യയെ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ജോലിക്ക് കയറ്റിയത് സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ നടത്തിയ പ്രഖ്യാപനം പാലിക്കാത്തത് അഭിലാഷിൻെറ പ്രതിഛായക്ക് ദോഷം ഉണ്ടാക്കിയിരുന്നു.
ക്രമവിരുദ്ധമായി ജോലി നേടിയതെന്ന് തെളിയിച്ചാൽ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച അഭിലാഷ്, തെളിവുകൾ പുറത്തുവന്നിട്ടും അതിന് തയാറിയിരുന്നില്ല.
വീണ്ടും പ്രതിഛായ നഷ്ടം സംഭവിക്കാതിരിക്കാനുളള വീണ്ടുവിചാരമാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
റേറ്റിങ്ങ് മത്സരം കനത്തതോടെ ട്വൻറി ഫോർ ന്യൂസിൽ നിന്ന് നിരവധി മാധ്യമ പ്രവർത്തകർ രാജിവെക്കുന്നുണ്ട്. മൂന്നാഴ്ചക്കിടെ അഞ്ചിലേറെപേർ രാജിവെച്ചു.
രാജിവെക്കുന്നവരിൽ ഭൂരിപക്ഷവും ട്വന്റി ഫോറിൻെറ വൈരികളായ റിപോർട്ടറിലാണ് ചേരുന്നത്. രണ്ട് കൊല്ലമായി ചാനലിൽ ശമ്പള വർദ്ധനവ് ഇല്ലാത്തതാണ് ജീവനക്കാരുടെ കൂട്ടരാജിക്ക് കാരണം.