കോട്ടയം: കേന്ദ്രം നിര്‍ദ്ദേശിച്ച ത്രികക്ഷി കരാറോ.. കേരളം നിര്‍ദേശിക്കുന്ന കിഫ്ബി വായ്പാ ഇളവോ.
അങ്കമാലി - എരുമേലി ശബരി റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രവും കേരളവും തമ്മില്‍ ധാരണയായെങ്കിലും പദ്ധതിയുടെ ചെലവു പങ്കിടുന്നത് എപ്രകാരമായിരിക്കുമെന്നതില്‍ കാര്യത്തില്‍ അവ്യക്തത ബാക്കി.
പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്ന കാര്യത്തിലായിരുന്നു കേരളവും കേന്ദ്രവും തമ്മില്‍ പ്രധാന തര്‍ക്കം.
ഇതിനായി കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ വായ്പപരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അനുകൂലിച്ചില്ല.
പകരം മഹാരാഷ്ട്ര മോഡൽ ത്രികക്ഷി കരാറില്‍ ഒപ്പിടാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കേരളവും അംഗീകരിച്ചില്ല. പിന്നാലെ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതു തടസപ്പെട്ടിരുന്നു.
ഇപ്പോള്‍ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിന് കേന്ദ്രവും കേരളവും ധാരണയായതോടെ ആര് വിട്ടുവീഴ്ച ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. ശബരി പാതയ്ക്ക് 1905 കോടി രൂപയാണ് കേരളം നല്‍കേണ്ടത്.
പദ്ധതിച്ചെലവിന്റെ 30% ഭൂമിയേറ്റെടുക്കാന്‍ വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ജൂലൈയില്‍ ഭൂമിയേറ്റെടുത്തു തുടങ്ങണമെങ്കില്‍ അടച്ചുപൂട്ടിയ ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകള്‍ പുനരാരംഭിക്കണം.
ഇതിനായി പുതിയ വിജ്ഞാപനം ഇറക്കണം. സാമ്പത്തികവശം സംബന്ധിച്ചു ജൂലൈയില്‍ വിദഗ്ധ സംഘം കൂടി വന്നശേഷം തുടര്‍ചര്‍ച്ചകളുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
കേന്ദ്രം പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചതു തന്നെ വലിയ നേട്ടമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നു.