കോട്ടയം: വീടുകളില്‍ പുരപ്പുറ സോളാറില്‍ ഉല്‍പാദിപ്പിച്ചു നേരിട്ട് ഉപയോഗിക്കുന്ന വൈദ്യുതിക്കുകൂടി 'ഫിക്‌സഡ് ചാര്‍ജ്' ഈടാക്കുന്ന കെ.എസ്.ഇ.ബിയുടെ നീക്കത്തിനെതിരെ ഉപഭോക്താക്കള്‍ രംഗത്ത്.
അനധികൃതമായി ഫിക്‌സഡ് ചാര്‍ജ് അടിച്ചേല്‍പിക്കുന്നെന്നാരോപിച്ച് വീടുകളില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ ഹൈകോടതിയെ സമീപിക്കുന്നു. പുരപ്പുറ സോളാര്‍ ഉടമകളുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സിയാണ് (കേരള ഡൊമസ്റ്റിക് സോളാര്‍ പ്രോസ്യൂമേഴ്‌സ് കമ്യൂണിറ്റി) ഹൈകോടതിയെ സമീപിക്കുന്നത്.
വിതരണ ലൈസന്‍സിയുടെ സ്ഥിരം ചെലവുകളില്‍ ഉള്‍പ്പെടുത്തി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന നിരക്കാണ് ഫിക്‌സഡ് ചാര്‍ജ്. നേരത്തേ, ഗ്രിഡില്‍നിന്നു സ്വീകരിക്കുന്ന വൈദ്യുതിക്ക് (ഇംപോര്‍ട്ട്) മാത്രം വാങ്ങിയിരുന്ന ഫിക്‌സ്ഡ് ചാര്‍ജ്, സോളാര്‍ വൈദ്യുതിയില്‍നിന്നു നേരിട്ട് ഉപയോഗിക്കുന്ന വൈദ്യുതിയടക്കമുള്ള മുഴുവന്‍ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള നിരക്കാക്കിയതായി പ്രഖ്യാപിച്ചു കെ.എസ്.ഇ.ബി പിരിച്ചുവരുകയാണ്.
പ്രൊസ്യൂമര്‍മാര്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഈടാക്കേണ്ടത് അവരുടെ ഉല്‍പാദനത്തില്‍നിന്നു നേരിട്ടുള്ള ഉപയോഗമുള്‍പ്പെടുന്ന 'ഗ്രോസ് കണ്‍സംപ്ഷന്‍' അടിസ്ഥാനത്തിലാക്കണമെന്നാണു കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നത്.
ഇലക്ട്രിസിറ്റി ആക്ട് 2003 അനുസരിച്ചു വൈദ്യുതിനിരക്കു സംബന്ധിച്ച ഉത്തരവ് ഇറക്കാനുള്ള അധികാരം റെഗുലേറ്ററി കമീഷനില്‍ നിക്ഷിപ്തമാണെന്നിരിക്കെ ആ ചട്ടം മറികടക്കുന്നതാണ് ഉത്തരവെന്നു ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
കമീഷനെടുക്കേണ്ട തീരുമാനത്തെ ഒരു ഉത്തരവിലൂടെ മാറ്റം വരുത്തി പിരിച്ചുതുടങ്ങിയിട്ടും റെഗുലേറ്ററി കമീഷന്‍ മൗനം തുടര്‍ന്നു. പുരപ്പുറ സോളാര്‍ ഉടമകള്‍ സി.ജി.ആര്‍.എഫ്, ഓംബുഡ്‌സ്മാന്‍ എന്നിവിടങ്ങളില്‍ പരാതിപ്പെട്ടെങ്കിലും റെഗുലേഷന്‍ വ്യാഖ്യാനിക്കാന്‍ തങ്ങള്‍ക്കു അധികാരമില്ലെന്നു പറഞ്ഞു പരാതി മടക്കി.
റെഗുലേറ്ററി കമീഷനാകട്ടെ വിവരാവകാശ മറുപടിയില്‍ കണക്ടഡ് ലോഡ് അനുസരിച്ച് മുഴുവന്‍ ഉപഭോഗത്തിനും ഫിക്‌സഡ് ചാര്‍ജ് ഈടാക്കാമെന്നാണു കമ്മീഷനിലെ സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന മറുപടി എന്നു പറഞ്ഞു തടിതപ്പി. ഇതുവരെ വ്യക്തമായ ഉത്തരവിറക്കിയിട്ടുമില്ല. ഇലക്ട്രിസിറ്റി ആക്ട്, 2003 അനുസരിച്ചു സ്വന്തം ആവശ്യത്തിനായി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അവകാശം വ്യക്തമാക്കിയിട്ടും അനധികൃത ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നതു ചട്ടലംഘനമാണെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായുള്ള റെസിഡന്‍ഷ്യല്‍ റൂഫ്‌ടോപ്പ് സോളാര്‍ ഇന്‍സ്റ്റലേഷനുകളില്‍ കേരളം ഒന്നാം സ്ഥാനത്ത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഇപ്പോഴും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. എന്നാല്‍, സമീപകാലത്തെ കെ.ഇ.എസ്.ഇ.ബിയുടെ നിലപാടുകള്‍ സൗരോര്‍ജ പദ്ധതികളുടെ നേട്ടങ്ങളെ അട്ടിമറിക്കുന്നതാണ്.