പാര്‍ട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കി അപു ജോണ്‍ ജോസഫ്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ അതൃപ്തി പുകയുന്നു. വെട്ടിനിരത്തലിനു പിന്നാലെ പാര്‍ട്ടി വിടുന്നവരും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നവരും ഏറെ

പാര്‍ട്ടിയില്‍ എല്ലാക്കാര്യങ്ങളും ഇപ്പോള്‍ തീരുമാനിക്കുന്നത് അപുവും കൂട്ടരുമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന നിയോജക മണ്ഡലം പ്രസിഡന്റുമാരെ ഓരോവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നതു പതിവാണ്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
apu john joseph
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: പാര്‍ട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കി അപു ജോണ്‍ ജോസഫ്, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. പലരും പാര്‍ട്ടി വിടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യുന്നതു തുടര്‍ക്കഥയാവുകയാണ്.


Advertisment

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവും ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ജോസഫ് ഗ്രൂപ്പ് വിട്ടു കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. ജോസഫ് ഗ്രൂപ്പിനു പ്രവര്‍ത്തകര്‍ ഉള്ള തൊടുപുഴയില്‍ ഇതിലും പരിതാപകരണമാണ് അവസ്ഥ.


പി.ജെ. ജോസഫിന്റെ വിശ്വസ്ഥരായിരുന്നവര്‍ പോലും പാര്‍ട്ടിവിടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തു. ജോസഫ് വിഭാഗത്തിന്റെ തൊടുപുഴയിലെ ഏറ്റവും ജനപ്രിയരായ നേതാക്കളെ വെട്ടി നിരത്തിയതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത അമര്‍ഷം പുകയുകയാണ്.

20 വര്‍ഷക്കാലം തൊടുപുഴയിലെ ജോസഫ് വിഭാഗത്തിന്റെ നിയോജകമണ്ഡലം പ്രസിഡന്റും ഉന്നതാ അധികാര സമിതി അംഗവുമായ അഡ്വ. ജോസി ജേക്കബ്, പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും തൊടുപുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പി.ജെ ജോസഫിന്റെ നാവായി നിന്നു പ്രവര്‍ത്തിച്ച ജോസഫ് ജോണ്‍ എന്നിവരെ തൊടുപുഴയിലെ കേരള കോണ്‍ഗ്രസ് വേദികളില്‍ ഇപ്പോള്‍ കാണാറില്ലെന്നതു അണികള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.


കഴിഞ്ഞ മുൻസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജോസഫ് ജോണ്‍ വിജയിച്ചപ്പോള്‍ അദ്ദേഹം ആയിരിക്കും ചെയര്‍മാനാവുക എന്നുള്ളത് ഏറെക്കുറെ ഉറപ്പായിരുന്നു. ജോസഫ് ജോണ്‍ ചെയര്‍മാന്‍ ആകുന്നതിനെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം യു.ഡി.എഫില്‍ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ നടത്തിയ ഉപജാപങ്ങളുടെ ഫലമായിട്ടാണ് എല്‍.ഡി.എഫിനു ഭരണം ലഭിച്ചത്.


തുടര്‍ന്നു യു.ഡി.എഫിന് ഒരിക്കല്‍ കൂടി അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ചെയര്‍മാന്‍ ആകുമെന്ന് ഏവരും കരുതിയിരുന്നു. പക്ഷേ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തിനു ക്ലെയിം വയ്ക്കാന്‍ പോലും ജോസഫ് ഗ്രൂപ്പ് തയ്യാറായില്ല.

ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിന്റെ കടന്നുവരവാണു തൊടുപുഴയിലെ ജോസഫ് വിഭാഗത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയതെന്നു പാര്‍ട്ടി വിട്ടവര്‍ പറയുന്നു.

പാര്‍ട്ടിയില്‍ എല്ലാക്കാര്യങ്ങളും ഇപ്പോള്‍ തീരുമാനിക്കുന്നത് അപുവും കൂട്ടരുമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന നിയോജക മണ്ഡലം പ്രസിഡന്റുമാരെ ഓരോവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നതു പതിവാണ്.


പുതുതായി വാഴിച്ച നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലെയ്‌സ് ജി. വാഴയില്‍ അപുവിന്റെ വിശ്വസ്തനാണ്. കഴിഞ്ഞതവണ ജോസഫ് മന്ത്രി ആയിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. അന്നു സാമ്പത്തിക ആരോപണം അടക്കം നേരിട്ട വ്യക്തിയാണ്.


ജന പിന്തുണ ഉള്ള നേതാക്കളെ തഴഞ്ഞു തനിക്കു ഒപ്പം നല്‍ക്കുന്നവര്‍ക്കു മാത്രമാണു സ്ഥാനമാനങ്ങള്‍ നല്‍കുന്നത്. ഈ നില തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ സമീപ ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണു പുറത്തു വരുന്ന വിവരം.

Advertisment