ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക്?.തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച് മലയാളം പ്ലാന്റേഷനില്‍ നിന്നു വാങ്ങിയത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍. പാലാ കോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സമര്‍പ്പിച്ച പ്രമാണങ്ങള്‍ 28ന് പരിശോധനയ്ക്ക് വിധേയമാക്കും

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ ആധാരം ചെയ്ത എസ്റ്റേറ്റ് അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലേക്കു മാറ്റി ആധാരം രജിസ്റ്റര്‍ ചെയ്തു കരം അടയ്ക്കണമെന്നാണു ചര്‍ച്ചിന്റെ നിലപാട്.

New Update
Cheruvally estate

കോട്ടയം: ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക്?.

Advertisment

ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റും സംസ്ഥാന സര്‍ക്കാരും ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച് പാലാ കോടതിയില്‍ കേസ് നടക്കുകയാണ്.

 കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സമര്‍പ്പിച്ച പ്രമാണങ്ങള്‍ 28ന് കോടതി പരിശോധനയ്ക്ക് വിധേയമാക്കും.

 ബ്രിട്ടീഷ് കമ്പനിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച് മലയാളം പ്ലാന്റേഷനില്‍ നിന്നു വാങ്ങിയത് നിയമവിരുദ്ധമാണെന്നു സര്‍ക്കാര്‍ വാദിക്കുന്നു.

ഇതിനൊപ്പം റവന്യൂ വകുപ്പിന്റെ കൈവശമുള്ള സുപ്രധാന രേഖകളും സര്‍ക്കാരിനുവേണ്ടി കലക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 ബിലീവേഴ്സ് ചര്‍ച്ച് ചെറുവള്ളി എസ്റ്റേറ്റ് വാങ്ങി ആധാരം എരുമേലി സബ് രജി സ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് ഏതാനും വര്‍ഷം കരം അടച്ചിരുന്നു.

പിന്നീട് റവന്യൂ വകുപ്പ് കരം സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റും ഉടമസ്ഥത അവകാശപ്പെടുന്ന വിവിധ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിന്റെ കരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചിന് അനുകൂലമായി ഹൈക്കോടതി വിധി ലഭിച്ചിരുന്നു.

കരം ഈടാക്കാന്‍ റവന്യു വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. 2012 വരെയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ കരം അടച്ചത്.

58 ലക്ഷം രൂപയാണു കരം കുടിശിക. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ ആധാരം ചെയ്ത എസ്റ്റേറ്റ് അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലേക്കു മാറ്റി ആധാരം രജിസ്റ്റര്‍ ചെയ്തു കരം അടയ്ക്കണമെന്നാണു ചര്‍ച്ചിന്റെ നിലപാട്.

അതേ സമയം കോടതി ഇടപെടലിനെ തുടര്‍ന്ന് ചെറുവള്ളി  എസ്‌റ്റേറ്റിലെ വിമാനത്താവളത്തിനായുള്ള ഭൂമി സര്‍വേ തടസപ്പെട്ടിരിക്കുകയാണ്.

 ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമ വിധി വരുന്നത് വരെ സര്‍വേ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്.

Advertisment