കോട്ടയം: റബറിന് ഹെലികോപ്റ്ററില്‍ മരുന്നു പ്രയോഗം നടത്തിയിരുന്ന കാലം ഒക്കെ പോയി. റബറിന് മരുന്നു തളിക്കാന്‍ ഇനി ഡ്രോണുകള്‍ മതി.. ഡ്രോണില്‍ ഘടിപ്പിക്കുന്ന ജാറില്‍ ഒരേ സമയം പത്ത് ലിറ്റര്‍ ലായനി നിറയ്ക്കാം. 10 മിനിറ്റുകൊണ്ട് 1.5 ഹെക്ടറിലെ റബര്‍ മരങ്ങളില്‍ മരുന്ന് തളിക്കാം.
റബറിനുള്ള സ്പ്രേിയിങ്ങ് ജോലി ഡ്രോണ്‍ മുഖേന ചെയ്യാനുള്ള സംവിധാനം റബര്‍ ബോര്‍ഡാണ് ആവിഷ്‌കരിക്കുന്നത്. റബര്‍ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മുന്‍നിര ആര്‍.പി.എസുകള്‍ക്ക് ഡ്രോണ്‍ വാങ്ങാന്‍ ബോര്‍ഡ് സംവിധാനമൊരുക്കും. അടുത്ത വര്‍ഷത്തോടെ പദ്ധതി നിലവില്‍ വന്നേക്കും. എട്ടര ലക്ഷം രൂപ വിലയാണ് സ്പ്രെയിങ് ഡ്രോണിനു വില.
റബറിന്റെ ഇലകൊഴിച്ചില്‍ തടയാനും ചില്ലകളിലെ അണുബാധ പ്രതിരോധിക്കാനും മുന്‍പ് തുരിശും കക്കയും ചേര്‍ത്തുള്ള നേര്‍പ്പിച്ച ലായനി യന്ത്രം ഉപയോഗിച്ച് മരങ്ങളില്‍ തളിച്ചിരുന്നു. എസ്റ്റേറ്റുകളിലാണ് മുമ്പൊക്കെ ഹെലികോപ്റ്ററിലായിരുന്ന മരുന്നു പ്രയോഗം.
കൂലിച്ചെലവും തുരിശുവിലയും കുത്തനെ ഉയരുകയും റബര്‍ വില താഴേയ്ക്കു പോകുകയും ചെയ്തതോടെ കുറെക്കാലമായി കര്‍ഷകര്‍ സ്പ്രെയിങ്ങ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. രണ്ടു വര്‍ഷമായി മഴക്കാലത്ത് റബറിന്റെ ഇലകള്‍ വ്യാപകമായി പൊഴിഞ്ഞു തുടങ്ങിയതും റബര്‍ വിലയിലെ നേരിയ വര്‍ധനയും തുരിശു പ്രയോഗം വീണ്ടും ആരംഭിക്കാന്‍ കാരണമായി.
ഈ സാഹചര്യത്തിലാണ് റിമോട്ട് സംവിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ ഇതിനു പ്രയോജനപ്പെടുത്തിത്തുടങ്ങിയത്. മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലും ടി.ആര്‍. ആന്‍ഡ് ടി എസ്റ്റേറ്റിലും ഡ്രോണ്‍ സ്പ്രെയിങ്ങ് നടത്തിയിരുന്നു. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഡ്രോണുകള്‍ എത്തിച്ചത്.
നിലവില്‍ റബര്‍ സ്പ്രെയിങ് ഹെക്ടറിന് നാലായിരം രൂപ റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. നെല്‍പാടങ്ങളില്‍ വിതയ്ക്കും വളപ്രയോഗത്തിനും ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്, മാവ് കശുമാവ് തോട്ടങ്ങളിലും ഡ്രോണ്‍ മരുന്ന് പ്രയോഗം നടത്താറുണ്ട്.