Advertisment

വാഹനം ഓടിക്കുമ്പോള്‍ നേരെ മാത്രം നോക്കിയാല്‍ പോര.. ആകാശത്തു കൂടി നോക്കണം.. ഇല്ലേൽ ജീവൻ പോകും. കോട്ടയത്ത് റോഡിനു കുറകെ കിടക്കുന്ന കേബിളുകളും കയറുകളും അപകടങ്ങള്‍ ഉണ്ടാക്കുന്നു.

New Update
c817844d-88c3-491a-ac60-34322c01f50a

കോട്ടയം : വാഹനം ഓടിക്കുമ്പോഴും നടപ്പാതകളിലൂടെ നടക്കുമ്പോഴും നേരെ മാത്രം നോക്കിയാല്‍ പോര... ആകാശത്തേക്കു കൂടി നോക്കേണ്ട അവസ്ഥയാണ്. റോഡിന് കുറുകേ  താഴ്ന്നു കിടക്കുന്ന കേബിളുകള്‍, തോന്നുംപടി കെട്ടിവെക്കുന്ന കയറുകള്‍ തുടങ്ങി യാത്രക്കാരുടെ ജീവനെടുക്കാന്‍ പോന്ന നിരവധി അപകടക്കെണികളാണുള്ളത്.

Advertisment

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിനു കുറുകേ കെട്ടിയ കയറില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.


കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പോസ്റ്റുകളില്‍ സ്വകാര്യ കമ്പനികളുടെ കേബിള്‍ ടി.വി., ഇന്റര്‍നെറ്റ് കേബിളുകള്‍ എന്നിവ സ്ഥാപിച്ച ശേഷം  അവശേഷിക്കുന്ന കേബികളുള്‍ പോസ്റ്റുകളില്‍ കെട്ടിവെക്കുന്നതും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്.


 കേബിളുകള്‍ റോഡരികില്‍ താഴ്ന്നും അലക്ഷ്യമായും കിടക്കുന്നതും ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. വണ്ടി തട്ടി പൊട്ടിയ കേബിളുകള്‍ വൈദ്യുതി പോസ്റ്റില്‍ കെട്ടിവെക്കുന്നതും അപകടങ്ങള്‍ വരുത്തി വെക്കുന്നുണ്ട്.

നിരവധി സ്വകാര്യ കേബിള്‍ ടി.വി. ലൈനുകള്‍, വിവിധ കമ്പനികളുടെ ഇന്റര്‍നെറ്റ് ലൈനുകള്‍ എന്നിവ പോസ്റ്റിലൂടെ വലിക്കുന്നുണ്ട്. ലോക്കല്‍ കേബിളുകള്‍ പോസ്റ്റിലൂടെ വലിക്കുന്നതിന് അതത് ഡിവിഷണല്‍ ഓഫീസ് വഴിയും ഇന്റര്‍നെറ്റ് കമ്പനികളുടെയും  കേബിള്‍ലൈന്‍ വലിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഇത്തരത്തില്‍ നല്‍കുന്ന അനുമതികള്‍ ലഭിച്ചവയും അനുമതി ഇല്ലാത്തതുമായ ലൈനുകളും ഇപ്പോള്‍ കെ.എസ്.ഇ.ബി. പോസ്റ്റിലൂടെ വലിക്കുന്നത് വ്യാപകമാണ്.


കരാര്‍ കാലാവധികഴിഞ്ഞ ലൈനുകള്‍ ഏതെന്നോ, ഏത് കമ്പനിയുടെ കേബിള്‍ലൈനാണോ സ്ഥാപിച്ചത് എന്ന് പലപ്പോഴും കെ.എസ്.ഇ.ബി. അധികൃതര്‍ക്കുപോലും അറിയാന്‍ സാധിക്കുന്നില്ല. പലപ്പോഴും കേബിള്‍ കമ്പനിക്കാര്‍ തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍മൂലം കേബിളുകള്‍ മുറിച്ച് നശിപ്പിച്ച് റോഡില്‍ ഇടാറുണ്ട്.


 കേബിള്‍ ലൈന്‍ ടാഗ് ചെയ്തതിലെ അപാകം മൂലം കേബിള്‍ലൈന്‍ റോഡരികില്‍ താഴ്ന്നുകിടക്കുന്നതും റോഡരികില്‍ അലക്ഷ്യമായി കിടക്കുന്നതും  യാത്രക്കാര്‍ക്ക് അപകടങ്ങള്‍ സൃഷ്ടിക്കുന്നു.

 ഒരു പോസ്റ്റിലൂടെ ഏഴ് കേബിള്‍ലൈനേ വലിക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി നിരവധി ലോക്കല്‍ ലൈനുകള്‍ പോസ്റ്റിലൂടെ വലിക്കുന്നുണ്ട്. വേണ്ടരീതിയില്‍ ക്രോസ് ആം സംവിധാനം ഇല്ലാത്തത് പലപ്പോഴും കേബിള്‍ തിരിച്ചറിയുവാനും പോസ്റ്റില്‍ സുരക്ഷിതമായി കേബിള്‍ സ്ഥാപിക്കുന്നതിലും വീഴ്ച ഉണ്ടാകുന്നു.

കൂടാതെ അലക്ഷ്യമായി വലിക്കുന്നതു മൂലവും വേണ്ടരീതിയില്‍ സുരക്ഷ ഒരുക്കാതെ കേബിള്‍ ഇടുന്നതും അപകടം ഉണ്ടാക്കുന്നു. മിക്ക കമ്പനികളും ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനിലേക്ക് മാറിയെങ്കിലും പഴയ കേബിളുകള്‍ ഇപ്പോഴും പോസ്റ്റില്‍ത്തന്നെ ഉണ്ട്.

Advertisment