കോട്ടയം: കുമരകത്തെ കൊപ്രായാട്ടുന്ന മില്ലില്‍ നിന്നു ഒരു കിലോ ശുദ്ധമായ വെളിച്ചെണ്ണ വാങ്ങണമെങ്കില്‍ രൂപാ നാനൂറ് നല്‍കണം. ഇപ്പോള്‍ വാങ്ങുന്നെങ്കില്‍ വാങ്ങിക്കേ.
ഇനിയും വില ഉയരുമെന്നാണ് മില്ലുടമകള്‍ പറയുന്നത്.
വില അഞ്ഞൂറിലേക്ക് ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ലെന്നും മില്ലുടമകള്‍ പറയുന്നു.
വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ ഉള്ളത് സര്‍വകാല റെക്കോര്‍ഡ് വിലയാണ്.
തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ ഓണക്കാലം മുതലാണ് വെളിച്ചെണ്ണയ്ക്കു വില കൂടി തുടങ്ങിയത്.
പിന്നീട് 240 രൂപയില്‍ താഴെ വെളിച്ചെണ്ണ വില എത്തിയ സന്ദര്‍ഭങ്ങള്‍ വിരളമാണ്.
കേരളത്തില്‍ നിന്നു ശേഖരിക്കുന്ന തേങ്ങകള്‍ തമിഴ്‌നാട്ടിലേക്കു പോവുകയും തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതുമാണ് ഇപ്പോള്‍ ഉള്ള പ്രതിസന്ധിക്കു കാരണം.
തമിഴ്‌നാട് കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു തേങ്ങ എത്തുന്നത്.
കേരളത്തില്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതും തിരിച്ചടിയായി. 82 രൂപയാണ് ഒരു കിലോ തേങ്ങയുടെ ഇന്നത്തെ വില.
67 മുതല്‍ 70 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉത്പാദനം കുറഞ്ഞതും അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധനവിന് കാരണം.
ചിരട്ടയ്ക്കു പോലും വില കൂടിയിട്ടുണ്ട്. ഒരു കിലോ ചിരട്ടയ്ക്കു 29 രൂപയ്ക്കാണ് വില്‍ക്കുന്നത്.
അതേ സമയം, വില വര്‍ധിച്ചതോടെ മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ എത്തുന്നുണ്ട്.
എന്നാല്‍, ആരോപണം ഉണ്ടെങ്കിലും പരിശോധനകളില്‍ ഇങ്ങനെയൊന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നത്