/sathyam/media/media_files/2025/11/23/f103eaca-eefd-4fb6-bf94-be39a06c64e1-2025-11-23-08-25-32.jpeg)
കോട്ടയം: നവോത്ഥാന കേരളത്തിലേക്കുള്ള പ്രയാണത്തിന്റെ ശക്തമായ അടിത്തറയായ വൈക്കം സത്യഗ്രഹത്തിലൂടെ മനുഷ്യന് വഴി നടക്കാൻ അവസരം നേടി വൈക്കം സത്യാഗ്രഹം അവസാനിച്ചിട്ട് ഇന്ന് നൂറു വർഷം. 1925- നവംബർ 23ന് കെ. കേളപ്പനായിരുന്നു പൊതുനിരത്തിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഇതോടെ 603 ദിവസം നീണ്ട ഐതിഹാസിക സമരമാണ് ഒടുവിൽ വിജയത്തിൽ കലാശിച്ചത്. ജാതി‐ മത‐ വർഗ‐ വർണ‐ ദേശ‐ ഭാഷ‐ രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിപ്പിക്കപ്പെട്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു അറുനൂറിലധികം ദിവസങ്ങൾ നീണ്ടുനിന്ന വൈക്കം സത്യഗ്രഹം.
അക്കാലത്തെ മഹാന്മാരായ നവോത്ഥാന നായകരുടെ പിന്തുണയുണ്ടായിരുന്ന ശക്തമായ സമരം പിന്നീടുള്ള അവകാശപ്പോരാട്ടങ്ങൾക്ക് വർധിതവീര്യം പകർന്നു. ജാതീയമായ വേർതിരിവുകൾ ഇല്ലാതെയാകുന്നതിനുള്ള ഊർജം പകർന്നതും വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രങ്ങൾക്കുള്ളിൽ കയറി പ്രാർഥന നടത്താനുള്ള സ്വാതന്ത്ര്യം നൽകിയ ക്ഷേത്രപ്രവേശന വിളംബരത്തിനുള്ള വഴിയൊരുക്കിയതും വൈക്കം സത്യഗ്രഹമെന്ന മഹത്തായ സമരം തന്നെ.
ജാതിക്കനുസരിച്ച് സവർണരുടെ 64 അടിക്കപ്പുറംവരേക്കും മാറ്റിനിർത്തപ്പെട്ട അവർണജനതയ്ക്ക് ആരാധനാമൂർത്തിയായ വൈക്കം ക്ഷേത്രത്തിന്റെ പരിസരങ്ങളിൽപ്പോലും പ്രവേശനം നിഷേധിച്ച ധാർഷ്ട്യത്തിനെതിരെ നടന്ന പോരാട്ടം രാജ്യത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന ഏടാണ്.
അവിഭക്ത കോൺഗ്രസ് ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭം ശക്തമാക്കുന്നതിനിടയിൽ അയിത്തോച്ചാടനം ഔദ്യോഗിക അജൻഡയായി വരുന്നത് 1923ലെ കാക്കിനാഡ കോൺഗ്രസ് സമ്മേളനത്തിലായിരുന്നു. എന്നാൽ, ആ വർഷത്തിനു മുമ്പുതന്നെ ഇതിനായുള്ള ശക്തമായ ഇടപെടൽ കേരളത്തിൽനിന്നുണ്ടായി.
തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമൊക്കെയായി ചർച്ചകളും ആരംഭിച്ചിരുന്നു. 1917ൽ തിരുനെൽവേലി കോൺഗ്രസ് സമ്മേളനത്തിലാണ് കേരളത്തിൽനിന്നുള്ള പ്രമുഖ നേതാവ് ടി കെ മാധവൻ ഈ വിഷയം പൊതുശ്രദ്ധയിൽ എത്തിച്ചത്.
ഈഴവ സമുദായം നേരിടുന്ന ശക്തമായ അവഗണനയും അധിക്ഷേപവും മുൻനിർത്തിയായിരുന്നു ടി.കെ മാധവൻ ഇക്കാര്യം അവതരിപ്പിച്ചത്. ശക്തമായി ഇടപെടാമെന്ന് ഗാന്ധിജി ഉറപ്പുനൽകുകയും ചെയ്തു. പിന്നീട് ആറ് വർഷത്തിനുശേഷമാണ് കോൺഗ്രസ് പ്രമേയം പാസാക്കുന്നത്.
1924 – മാർച്ച് 30 നായിരുന്നു വൈക്കം സത്യാഗ്രഹം തുടങ്ങിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരിലായിരുന്നു സമരം. ജാതി അതിർവരമ്പുകൾ നിശ്ചയിച്ച തീണ്ടൽപ്പലക എടുത്തെറിഞ്ഞിട്ട് ഇന്ന് നൂറുവർഷം പിന്നിടുകയാണ്.
ടി.കെ മാധവൻ, ശ്രീനാരായണ ഗുരു, ഇ.വി രാമസ്വാമി നായ്ക്കർ / മന്നത്തു പത്മനാഭൻ, കെ പി കേശമേനോൻ, കെ. കേളപ്പൻ, ഉൾപ്പെടെയുള്ള നവോത്ഥാന നായകനായിരുന്നു സമരത്തിന് രൂപം നൽകിയത്. 1925 മാർച്ച് ഒൻപതിന് മഹാത്മാഗാന്ധി വൈക്കത്തെത്തി.
സത്യാഗ്രഹത്തെ എതിർത്ത ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുമായി ഗാന്ധി കൂടിക്കാഴ്ച നടത്തി. ചർച്ച പരാജയപ്പെട്ടതോടെ ഒടുവിൽ സമരകാഹളം മുഴങ്ങി. 603 ദിവസം നീണ്ടുനിന്ന ഐതിഹാസികസമരം സഞ്ചാരസ്വാതന്ത്ര്യം നേടിയാണ് അവസാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us