കോട്ടയം: നിലമ്പൂരെ ഉപതെഞ്ഞെടുപ്പ് ആരവം അവസാനിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു മുന്നണികള്‍. മുന്നണികളില്‍ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതു സി.പി.എമ്മിനും തലവേദന സൃഷ്ടച്ചേക്കും. മൂന്നു മുന്നണികളും തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ എന്നോണമാണു തദ്ദേശ തെരഞ്ഞെടുപ്പിനെ നേക്കിക്കാണുന്നത്.
സീറ്റ് വിഭജനത്തിലേക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലെക്കും മുന്നണികള്‍ ഉടന്‍ കടക്കുമെന്നാണു ലഭിക്കുന്ന വിവരം. ഇതോടെ തര്‍ക്കം പതിവു തെറ്റാന്‍ ഇടയില്ല.
സീറ്റുകിട്ടാത്തവര്‍ സ്വതന്ത്രരാകുമോ മറുകണ്ടം ചാടുമോ എന്ന ഭീതി മുന്നണികള്‍ക്കുണ്ട്. പുതിയ വാര്‍ഡ് വിഭജനം കാരണം വിജയ സമവാക്യങ്ങള്‍ പല വാര്‍ഡുകളിലും മാറ്റിയെഴുതേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ സീറ്റുകള്‍ സംബന്ധിച്ചു പ്രാദേശിക നേതാക്കള്‍ അവകാശാവാദങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു.
പുറമേ ഐക്യവും സമവായവും പറയുന്നുണ്ടെങ്കിലും മുന്നണികളുടെ ഉള്ളില്‍ ആ ഐക്യമില്ല. പുനക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാര്‍ഡില്‍ വര്‍ധനയുണ്ടായതും സീറ്റിനായുള്ള കടിപിടിയുടെ ആക്കം കൂട്ടും. കൂടുതല്‍ സീറ്റില്‍ മത്സരിക്കാമെങ്കിലും അധികം വരുന്ന സീറ്റ് ആര്‍ക്കെന്നതിനെ ചൊല്ലിയും ഇപ്പോള്‍ തന്നെ പല പഞ്ചായത്തുകളിലും തര്‍ക്കം ഉടലെടുത്തുകഴിഞ്ഞു.
യു.ഡി.എഫില്‍ കോണ്‍ഗ്രസും, മുന്നണി വിടുന്നതിനു മുമ്പു വരെ കേരളാ കോണ്‍ഗ്രസ് എമ്മും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ തര്‍ക്കമുണ്ടാകുന്നതും പലയിടങ്ങളിലും വിമതരെ നിര്‍ത്തുന്നതും പതിവായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പു മാണി വിഭാഗം മുന്നണി വിട്ടു. മുന്നണിയില്‍ അവശേഷിച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സീറ്റിന്റെ പേരില്‍ കാര്യമായ തര്‍ക്കമുണ്ടായില്ല.
എന്നാല്‍, കോണ്‍ഗ്രസിനുള്ളില്‍ സീറ്റുകളുടെ പേരിലുള്ള തര്‍ക്കം പലയിടങ്ങളിലും പത്രികാ സമര്‍പ്പണ ദിവസത്തിനു ശേഷവും തുടര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളുണ്ടാകുകയും ഇവരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. ഇത്തവണയും ജയസാധ്യതയുള്ള ഭൂരിഭാഗം സീറ്റുകളിലും ഒന്നിലേറെ പേര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നതു കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നുണ്ട്.
ലീഗും ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിനു നിര്‍ണായക പങ്കുവഹിക്കാന്‍ ലീഗിനു സാധിച്ചതു ചൂണ്ടിക്കാട്ടികൂടിയാണും സീറ്റുകള്‍ കൂടുതല്‍ ലീഗ് ചോദിക്കുക. ഇത്തവണ, കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യത്തിലാണു കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും. ഇതു തര്‍ക്കത്തിലേക്കു നയിച്ചേക്കാം.
സ്വാധീനമുള്ള മേഖലകളില്‍ സ്വന്തം നിലയ്ക്കു ഭരണം ഉറപ്പാക്കാന്‍ കഴിയുന്ന സീറ്റുകളാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ മുന്നണിയ്ക്കുണ്ടായ തകര്‍ച്ച ഒഴിവാക്കാന്‍, മാണി വിഭാഗത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വേണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നുമുണ്ട്.
കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ എല്‍.ഡി.എഫില്‍ ഉടലെടുത്ത സി.പി.ഐ. - കേരളാ കോണ്‍ഗ്രസ് (എം) വല്യേട്ടന്‍ തര്‍ക്കം ഇത്തവണയും പൊന്തിവരാനുള്ള സാധ്യതയേറെ. മാണി വിഭാഗത്തിനായി യു.ഡി.എഫ്. കരുക്കള്‍ നീക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവരെ പിണക്കാന്‍ സി.പി.എം. ശ്രമിക്കില്ല.
കഴിഞ്ഞ തവണ ജില്ലയില്‍ മുന്നണിയ്ക്കു നേട്ടം കൊയ്യാന്‍ ഇടയാക്കിയതു തങ്ങളുടെ സ്വാധീനം മൂലമാണെന്നു ചൂണ്ടിക്കാട്ടി കുടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനാണു മാണി വിഭാഗത്തിന്റെ നീക്കം. കേരളാ കോണ്‍ഗ്രസിന്റെ വരവോടെ മുന്നണിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന പ്രസക്തി കുറയുന്നുവെന്നു ഭയക്കുന്ന സി.പി.ഐ. ആകട്ടെ ഈ നീക്കത്തെ എതിര്‍ക്കുമെന്നുമുറപ്പാണ്.
കഴിഞ്ഞ തവണ പലയിടങ്ങളിലും കേരളാ കോണ്‍ഗ്രസിനായി സി.പി.എം സമര്‍ദത്തിനു വഴങ്ങി സി.പി.ഐ സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. ഇത്തരം നീക്കങ്ങളെ തുടക്കത്തിലേ നുള്ളാനാണു സി.പി.ഐ. തീരുമാനം. അതേ സമയം സീറ്റ് സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണു ജോസ് കെ. മാണി പ്രതികരിച്ചത്.
എന്‍.ഡി.എയിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. കഴിഞ്ഞ തവണ പലയിടങ്ങളിലൂം ബി.ജെ.പി - ബി.ഡി.ജെ.എസ്. തര്‍ക്കം സീറ്റ് വിഭജന കാര്യത്തിലുണ്ടായിരുന്നു. ഇത്തവണയും ഇതേ പ്രശ്‌നമുടലെടുക്കാനു സാധ്യത.
കഴിഞ്ഞ രണ്ടു തവണയുമുണ്ടായിരുന്ന സ്വാധീനം ബി.ഡി.ജെ.എസിന് ഇപ്പോള്‍ ഇല്ലെന്നു ബി.ജെ.പി. പറയുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ബി.ഡി.ജെ.എസ്. തയാറല്ല. പലയിടങ്ങളിലും ബി.ജെ.പിയ്ക്കുള്ളിലുള്ള ചേരിതിരിവും സീറ്റ്, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ തര്‍ക്കത്തിനും വഴിവെച്ചേക്കും.