സ്‌കൂളുകളില്‍ സുംബാ ഡാന്‍സ് കളിക്കുന്നത് അസ്ലീലമോ ? കുട്ടികള്‍ അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്നതാണ് സുംബാ ഡാന്‍സ് എന്നു മുസ്ലീം മത പണ്ഡിതരുടെ പ്രചാരണം. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുസ്ലീം പണ്ഡിതരുടെ പിടിവാശിക്കു സര്‍ക്കാര്‍ വഴങ്ങുമോ ?

സുംബ എന്നത് ഒരു നൃത്തരൂപമല്ല. നൃത്തവും എയ്‌റോബിക്‌സും ഉള്‍പ്പെട്ട ഫിറ്റ്‌നസ് രൂപമാണ്. ശരീരത്തിനാവശ്യമായ വ്യായാമം കിട്ടുന്ന രീതിയിലാണ് സുംബ ചിട്ടിപ്പെടുത്തിയിട്ടുള്ളത്.

New Update
zumba dance in schools

സുംബാ ഡാന്‍സ് സാങ്കല്‍പിക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ലഹരിക്കെതിരേ സ്‌കൂളുകളില്‍ സുംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരേ  മുസ്ലീം മത പണ്ഡിതരുടെ പ്രചാരണം. കുട്ടികള്‍ അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്നതാണു സുംബാ ഡാന്‍സ് എന്നതരത്തിലാണ് ഇക്കൂട്ടര്‍ വ്യാജ പ്രചാരണം അഴിച്ചു വിടുന്നത്.

Advertisment

സുംമ്പയോട് വിയോജിപ്പുള്ള ധാരാളം പേരുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണു പലരെയും അസ്വസ്ഥരാക്കുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ പ്രതിസന്ധികള്‍ക്കു നാം തലവെച്ചുകൊടുക്കേണ്ടി വരും. 

ലഹരി വ്യാപനത്തിന്റേയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരില്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ അകറ്റുകയാണു ഇതിലൂടെ സംഭവിക്കുക എന്നൊക്കെയാണ് പണ്ഡിതരുടെ അവകാശവാദങ്ങൾ. 


മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും മലബാറിലാണു സുംബയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ലെന്നൊക്കയാണ് ഇക്കൂട്ടരുടെ മറ്റ് അവകാശവാദങ്ങള്‍.


മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്നാണു മറ്റൊരുകൂട്ടര്‍ പറയുന്നത്.

എന്നാല്‍, ഇതെല്ലാം തെറ്റായ പ്രചാരണമാണെന്നു സുംബ അധ്യാപകര്‍ പറയുന്നു. സുംബ എന്നത് ഒരു നൃത്തരൂപമല്ല. നൃത്തവും എയ്‌റോബിക്‌സും ഉള്‍പ്പെട്ട ഫിറ്റ്‌നസ് രൂപമാണ്. ശരീരത്തിനാവശ്യമായ വ്യായാമം കിട്ടുന്ന രീതിയിലാണ് സുംബ ചിട്ടിപ്പെടുത്തിയിട്ടുള്ളത്.


കുട്ടികളെ അല്‍പ്പവസ്ത്രം ധരിപ്പിക്കുന്നു എന്നതു തികച്ചും വ്യാജ പ്രചാരണമാണ്. ലാറ്റിന്‍ വേരുകളുള്ള സുംബ ഫിറ്റ്‌നെസ് ഡാന്‍സുകളില്‍ ജനപ്രിയമാണ്. വളരെ വേഗത്തിലുള്ള ചുവടുകളാണു പ്രത്യേകത.


ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാകില്ല എന്നതും സുംബയെ വേറിട്ടുനിര്‍ത്തുന്നു. നൃത്തവും സംഗീതവും കൂടിച്ചേര്‍ന്നുള്ള വ്യായാമമായതുകൊണ്ടു കുട്ടികള്‍ക്കും സുംബ ചെയ്യാന്‍ മടിയുണ്ടാകില്ലെന്ന് ഉറപ്പ്.

സുംബ ഗാനങ്ങള്‍ ഇട്ട് താളത്തിനൊത്ത് ആര്‍ക്കും നൃത്തംചവിട്ടാം. എന്നാലും, സുംബ സര്‍ട്ടിഫൈഡ് ആയിട്ടുള്ള പരിശീലകരില്‍നിന്നും പഠിക്കുന്നതാവും കൂടുതല്‍ നല്ലത്. 'വാം അപ്പി'ല്‍ തുടങ്ങി 'കൂള്‍ഡൗണി'ല്‍ അവസാനിക്കുന്നതാണ് സുംബയുടെ രീതി. പ്രധാനമായും ലാറ്റിന്‍സംഗീതമാണ് ആദ്യകാലത്ത് സുംബയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇന്നു വിവിധ നൃത്തരൂപങ്ങളുടെ സംഗീതവും ഉപയോഗിക്കുന്നുണ്ട്.


ലഹരിവ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ വിളിച്ച യോഗത്തിലാണു സ്‌കൂളുകളില്‍ സുംബ പരിശീലിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.


യു.പി സ്‌കൂളുകളില്‍ ആഴ്ചയില്‍ മൂന്നു പീരിയഡും എട്ടാം ക്ലാസില്‍ രണ്ടും ഒന്‍പത്, 10 ക്ലാസുകളില്‍ ഓരോ പീരിയഡും കായിക പരിശീലനത്തിനായിരിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആഴ്ചയില്‍ രണ്ടു പീരിയഡും കായികപരിശീലനം ഉണ്ട്.

പ്രീപ്രൈമറി തലം മുതല്‍ കുട്ടികള്‍ക്കു കായികപരിശീലനത്തിനും വിവിധ ഇനം കളികള്‍ക്കും സമയമുണ്ടാകും. ഈ സമയമാകും സൂംബയ്ക്കായി ചെലവിടുക. ഇതിനോടകം നിരവധി സ്‌കൂളുകളില്‍ സൂംബാ അവതരിപ്പിച്ചു കഴിഞ്ഞു. കുട്ടികളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്നും അധ്യാപകര്‍ പറയുന്നു.


ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്താനും സുംബയ്ക്ക് കഴിയും. നൃത്തവും സംഗീതവും ഉള്‍പ്പെടുന്നതുകൊണ്ട് ശരീരത്തില്‍ സന്തോഷഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടി മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.


കുട്ടികളുടെ ഊര്‍ജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകരമാണ്. ചിന്താശേഷി, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിനുപുറമേ, വിഷാദരോഗത്തില്‍നിന്ന് കരകയറാനും സഹായിക്കും. ഉറക്കത്തിന്റെ അളവ് കൂട്ടാനും പൊണ്ണത്തടി കുറയ്ക്കാനും സാധിക്കും.

ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതുകൊണ്ട് ടീംവര്‍ക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കാനും കഴിയും. മികച്ച കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമം കൂടിയാണിത്. ശരീരത്തില്‍നിന്നും ഒരു മണിക്കൂര്‍ കൊണ്ട് 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാന്‍ സുംബയ്ക്കു സാധിക്കും.

അതേ സമയം സുംബയ്‌ക്കെതിരെ മുസ്ലീം മതി പണ്ഡിതര്‍ രംഗത്തിറങ്ങിയതോടെ ഇക്കൂട്ടരുടെ പിടിവാശിക്കു സര്‍ക്കാര്‍ വഴങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുസ്ലീം പണ്ഡിതരെ പ്രീതിപ്പെടുത്താന്‍ സുംബാ ഉപേക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Advertisment