കോട്ടയം: തോരാ മഴ കൊക്കോ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു, മഴകാരണം പൂക്കള്‍ അടര്‍ന്ന് വീഴുന്നത് സെപ്റ്റംബറിലെ പുതിയ സീസണില്‍ ഉല്‍പാദനം ചുരുക്കുമെന്നു കര്‍ഷകര്‍ പറയുന്നു.
മധ്യകേരളത്തില്‍ പച്ചക്കൊക്കോ 100-120 രൂപയിലും പരിപ്പ് 350 രൂപയുമാണ് മാര്‍ക്കറ്റ് വില. ചോക്ലേറ്റുകളിലെ മുഖ്യ ഘടകമായ കൊക്കോ സംസ്ഥാനത്ത് ഹൈറേഞ്ച് മേഖലയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
കാര്യമായ ചെലവുകളോ പ്രത്യേക പരിചരണമോ ആവശ്യമില്ലാത്തതാണ് കോക്കോ കൃഷി. എന്നാല്‍ ഇറക്കുമതി വര്‍ധിച്ചതോടെ വിലയിടിവ് ഉണ്ടായതും രോഗ ബാധയെ തുടര്‍ന്ന് കൊക്കോ ചെടികള്‍ നശിക്കാന്‍ തുടങ്ങിയതും ഒരു കാലത്ത് വ്യാപകമായിരുന്ന കൊക്കോ കൃഷിയില്‍ നിന്നു കര്‍ഷകരെ പിന്നോട്ട് വലിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ കൊക്കോ കര്‍ഷകര്‍ക്കു തരക്കേടില്ലാതെ ലാഭം കിട്ടുന്ന അവസ്ഥയുണ്ട്. കൊക്കോയ്ക്ക് കൂടുതല്‍ വില ലഭിക്കാന്‍ അനുകൂലമായ സാഹചര്യങ്ങളാണ് നിലവിൽ ഉള്ളതും.
ആഗോള കൊക്കോ ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തുന്ന ഘാനയില്‍ അടുത്ത വിളവ് ചുരുങ്ങുമെന്ന വിലയിരുത്തല്‍ രാജ്യാന്തര വിപണിയില്‍ ഉല്‍പ്പന്നത്തിന് ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്.
ലഭ്യത കുറയുമെന്ന കണക്കുകള്‍ പറത്തുവന്നതോടെ രാജ്യാന്തര മാര്‍ക്കറ്റില്‍ കൊക്കോ വില വീണ്ടും ടണ്ണിന് 9000 ഡോളറിലേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. വാരാരംഭത്തില്‍ 8050 ഡോളറില്‍ നിലകൊണ്ട കൊക്കോ ഇതിനകം 9095 ഡോളറായി ഉയര്‍ന്നു.
അടുത്തവാരം 9300 ഡോളര്‍ മറികടന്നാല്‍ ആഭ്യന്തര വ്യവസായികള്‍ നിരക്ക് ഉയര്‍ത്തി കൊക്കോ ശേഖരിക്കാന്‍ വിപണികളില്‍ നീക്കം നടക്കും.
എന്നാല്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അതിന്റെ പകുതിപോലും കിട്ടുന്നില്ലെന്നു പരാതിയുണ്ട്. ഇതിനടെ മഴ കാരണം ഉല്‍പ്പാദനം കൂടി ഇടിഞ്ഞാല്‍ വിലയിലെ നേട്ടം കര്‍ഷകര്‍ക്കു ലഭിക്കാതെ പോകും.